വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, January 24, 2016

മൃണാലിനി സാരാ ഭായി

നൃത്തത്തിലെ വിമോചനം

ശ്രീചിത്രന്‍ എം ജെ

(Deshabhimani, Friday Jan 22, 2016)

പാരമ്പര്യം ആഭരണമല്ല, ആയുധമാണ്–പ്രായം നിഴല്‍വീഴ്ത്തിയപ്പോഴും തിളങ്ങുന്ന കണ്ണുകളോടെ,മൃണാളിനി പറഞ്ഞു.പരീക്ഷണം പാരമ്പര്യത്തെ നശിപ്പിക്കുന്നോ എന്ന സംശയത്തിന് ഇത്ര നിശിതമായ ഉത്തരം നല്‍കാനാവില്ല.പാരമ്പര്യം ആഭരണമായി ധരിക്കുന്നവര്‍ക്കിടയില്‍ ശാസ്ത്രീയനൃത്തത്തെ സമൂഹത്തോട് ശബ്ദിയ്ക്കാനുള്ള ആയുധമാക്കി പുതുക്കിപ്പണിത കലാസാരം ആ ഒറ്റവാക്യത്തില്‍ ത്രസിച്ചു.കത്തുമന്നാര്‍കോവില്‍ മുത്തുകുമരപ്പിള്ള എന്ന നട്ടുവപാരമ്പര്യത്തിന്റെ ബലിഷ്ഠസ്വരൂപത്തില്‍ നിന്നുരുവംകൊണ്ട്, ഇന്ത്യയിലുടനീളമുള്ള നൃത്തനൃത്യപ്രത്യക്ഷങ്ങളിലൂടെ കടന്നുപോവുകയും ആവശ്യമുള്ളവ സ്വാംശീകരിയ്ക്കുകയുംചെയ്ത ഒരാള്‍ക്ക്മാത്രം പറയാവുന്നത്.ആഴവും പരപ്പുമാര്‍ന്ന കലാബോധത്തില്‍നിന്നാണ് മൃണാളിനി മാധ്യമത്തെയും അവതരണത്തെയും നിര്‍ണയിച്ചത്. പാരമ്പര്യവാദം മുഖംചുളിച്ചു.പക്ഷേ മൃണാളിനിയെ നിഷേധിക്കാനായില്ല. ഭരതനാട്യത്തിന്റെ ക്ളാസിക്ക് സൌന്ദര്യബോധം സൂക്ഷ്മമായി അവര്‍ ഉള്‍ക്കൊണ്ടു.

വിക്രം സാരാഭായിയും മൃണാളിനിയും വിവാഹവേളയില്‍വിക്രം സാരാഭായിയും മൃണാളിനിയും വിവാഹവേളയില്‍
ഇന്ത്യന്‍ നൃത്തങ്ങളില്‍ ഭരതനാട്യത്തിനുമാത്രം സാധ്യമാകുംവിധം,നൃത്തനൃത്യങ്ങളെ സ്വാംശീകരിക്കുകയുംചെയ്തു.ചന്ദ്രലേഖയെ ഒഴിച്ചാല്‍,ഇത്ര വിപ്ളവകരമായ കലാജീവിതം നയിച്ച നര്‍ത്തകിയെ കണ്ടെടുക്കുക എളുപ്പമല്ല.  ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. പൊതുപ്രവര്‍ത്തകയായ അമ്മയുടെ പരുഷശിക്ഷണത്തില്‍ വളര്‍ന്ന കുട്ടിക്ക് ഒറ്റയ്ക്ക് ബാത്ത്റൂമില്‍ പൂട്ടുന്ന ശിക്ഷകളില്‍നിന്നാണ് ഇടുങ്ങിയ സ്ഥലത്തോടുള്ള വെറുപ്പ് വളര്‍ന്നത്.വര്‍ണാഭമല്ലാത്ത ബാല്യത്തില്‍നിന്ന് സ്വയമേവ കണ്ടെത്തിയതാണ് താന്‍ നൃത്തംചെയ്യാനുള്ള ജന്മമാണെന്നത്.ചെറുപ്പത്തിലേ രൂഢമൂലമായ ആ അഭിനിവേശത്തില്‍നിന്ന് പലയിടങ്ങളിലെ അന്വേഷണങ്ങള്‍ക്കൊടുവില്‍ രുഗ്മിണീദേവിയുടെ കലാക്ഷേത്രയില്‍ പഠിക്കാനെത്തി.മുത്തുകുമരപിള്ളയുടെ അകൃത്രിമവും പാരമ്പര്യനിഷ്ഠവുമായ നൃത്താഭ്യസനത്തിലൂടെ കടന്നുപോയ കലാക്ഷേത്ര ഘട്ടമാണ് ആ നര്‍ത്തകിയെ ഉരുവപ്പെടുത്തിയത്.

അന്ന് ചെന്നൈ തെന്നിന്ത്യന്‍ സംസ്കാരത്തിന്റെ ദീപ്തമുഖം.'ചെന്നൈയിലെ ഇരമ്പുന്ന കടലും ഉദ്യാനത്തിലെ തെങ്ങോലകളും എനിക്കായി നൃത്തംവെച്ചു.ചൂളമരത്തിന്റെ മര്‍മരം,കിണറിനുകുറുകെ കെട്ടിയ മരത്തിന്റെ വള്ളികളില്‍ വെള്ളമെടുക്കാന്‍ കയറുന്ന തോട്ടക്കാരന്റെ മൂളല്‍ എന്നിവയൊക്കെ ആദ്യസംഗീതം.എന്റെ ശരീരം നൃത്തംചെയ്യുംമുമ്പ് ആത്മാവ് നൃത്തംചെയ്തിരുന്നു.'എന്നാണ് ആ കാലത്തെ  അടയാളപ്പെടുത്തിയത്.

ആനക്കരയിലെ വടക്കത്തുതറവാട്ടില്‍ നിന്നുവന്ന മൃണാളിനിക്ക് പൊതുസമൂഹവും അതിന്റെ സാംസ്കാരിക രാഷ്ടീയ പരിപ്രേക്ഷ്യവും കലാവിഷ്കരണത്തില്‍നിന്നു മാറ്റിവെയ്ക്കുക സാധ്യമായില്ല.ഭരതനാട്യം ശൃംഗാരമോ ഭക്തിദായകമോ എന്ന സംവാദം നടന്ന കാലത്താണ് സ്ത്രീപ്രശ്നവും അഴിമതിയും പരിസ്ഥിതിയും വര്‍ഗീയതയും അരങ്ങില്‍ പ്രത്യക്ഷമാക്കിയത്.ഇരുപതാം നൂറ്റാണ്ടിലെ മധ്യഘട്ടം പിന്നിടുന്ന സന്ദര്‍ഭത്തില്‍ ആ കലാപം അത്യപൂര്‍വം. ഭാരതീയനൃത്തങ്ങളുടെ പുരോഗമനാത്മകഭാവമാറ്റം സാധ്യമാക്കിയതില്‍ അതിനും ഇടമുണ്ട്.കഥകളിയടക്കമുള്ള നൃത്ത നാട്യസ്വരൂപങ്ങളെ തനിമയിലും ആഴത്തിലും തിരിച്ചറിഞ്ഞ് ആവിഷ്കരണപദ്ധതിയിലേക്ക് ഉള്‍ച്ചേര്‍ത്തു. കഥകളിയോട് സവിശേഷ ആദരവും പ്രതിപത്തിയും. പകര്‍ന്നാട്ടം’എന്ന സങ്കേതം അവതരണങ്ങളിലുപയോഗിച്ചു.

കഥകളിയുടെ അതിസൂക്ഷ്മ അഭിനയപദ്ധതിയെ നൃത്തത്തിലേക്ക് വിളക്കിച്ചേര്‍ത്ത മൃണാളിനി ആത്മകഥയ്ക്കു ‘ഹൃദയത്തിന്റെ സ്വരം’എന്ന് പേര് നല്‍കിയത്  അന്വര്‍ത്ഥം.സാന്ദ്ര ജീവിതാനുഭൂതികളെ അകൃത്രിമ ഭാഷയില്‍ ആവിഷ്കരിച്ച കവിതകളെപ്പോലെ, ഹൃദയം കൊണ്ടാണ് തന്റെ അവതരണങ്ങളെയും നെയ്തെടുത്തത്.'മീര'പോലുള്ള പ്രണയവും തിരസ്കാരവും ഇഴചേര്‍ന്ന ആവിഷ്കരണങ്ങളില്‍ തീവ്ര സൌന്ദര്യാവബോധത്തിന്റെ ഹൃദയഭാഷ വ്യക്തം.ഹൃദയത്തിന്റെസ്വരം’വായിക്കുമ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതിന്റെ ആദ്യവും രൂപപ്പെടുത്തിയ വീക്ഷണങ്ങളുമായി പുരുഷാധിപത്യസമൂഹത്തെ നിശിതമായി നേരിട്ട  ഇസഡോറ ഡങ്കന്റെ ആത്മകഥ,നാമോര്‍ക്കും. നൃത്തവിദ്യാഭ്യാസവും ക്ളാസിക്കല്‍ കലാകാരന്മാരുടെ കണ്‍
മൃണാളിനി സാരാഭായ് മകള്‍ മല്ലികയ്ക്കൊപ്പംമൃണാളിനി സാരാഭായ് മകള്‍ മല്ലികയ്ക്കൊപ്പം
സര്‍ട്ടുകളിലെ നൃത്തവുമായി അരങ്ങിലേക്കു പ്രവേശിച്ച അവര്‍ നടത്തിയ കലാപം മൃണാളിനി പലയിടങ്ങളില്‍ അനുസ്മരിപ്പിച്ചു.

ഊട്ടിയിലെ അവധിക്കാലത്ത് സാരാഭായ് കുടുംബത്തെ പരിചയപ്പെട്ടതും രാംഗോപാല്‍ നൃത്തംചെയ്യാന്‍ ബംഗലൂരിലേക്കു ക്ഷണിച്ചപ്പോള്‍ വിക്രത്തെ കൂടുതല്‍ പരിചയപ്പെട്ടതും  പ്രണയമായി പരിണമിച്ചതും അദ്ദേഹം പ്രണയോപഹാരമായി പട്ടിക്കുട്ടിയെ അയച്ചതുമെല്ലാം ആത്മകഥയില്‍ വിവരിച്ചു. ഇന്ത്യ കണ്ട മികച്ച ശാസ്ത്രജ്ഞന്റെ ഭാര്യയായ സന്ദര്‍ഭത്തെ കലാജീവിതത്തിന്റെ സ്വാഭാവികപരിണിതിയെന്നോണമാണ്  കണ്ടത്.പ്രണയവും വിവാഹവും കുടുംബവും കലയും സാമൂഹ്യപ്രവര്‍ത്തനവും വേറിട്ടല്ല  ദര്‍ശിച്ചതും.മകളും നര്‍ത്തകിയുമായ മല്ലികയുടെ ജനനവും വിവാഹവും വിവാഹമോചനവും നിര്‍മമതയുടെ വാക്കുകളിലാവിഷ്കരിക്കാനായതും അതുകൊണ്ട്.ദര്‍പ്പണയുടെപിറവിയും വളര്‍ച്ചയും ഏറ്റവും അഭിമാനമായി മൃണാളിനി കരുതി.

സ്വാതന്ത്യ്രസമരത്തിന്റെ പ്രക്ഷുബ്ധാന്തരീക്ഷത്തിലാണ് മൃണാളിനിയുടെ വിവാഹം. ക്വിറ്റ് ഇന്ത്യാസമരത്തോടനുബന്ധിച്ച പ്രകടനത്തില്‍ വിക്രത്തിനൊപ്പം നടക്കവെ വെടിയേറ്റുണ്ടായ പരിക്കില്‍ കുറേകാലം കണ്ണിനു ചികില്‍സിക്കേണ്ടിവന്നു. അകക്കണ്ണിന് പരിക്കേല്‍പ്പിക്കാന്‍ ഒരു ആക്രമണത്തിനുംകഴിഞ്ഞില്ല.പാരമ്പര്യത്തെ ആഭരണനിര്‍മുക്തമായ ആയുധമാക്കിയും കലയെ ആനന്ദങ്ങള്‍ക്കുപരി കലാപമാക്കിയും പരിവര്‍ത്തിപ്പിച്ച മൃണാളിനിയുടെ ജീവിതം ഇന്ത്യന്‍ നൃത്തലോകത്തിന്റെ പകര്‍പ്പുകളില്ലാത്ത പാഠമാണ്.
****************************************************
ടാഗോര്‍,ഗാന്ധിജി,നെഹ്റു

അനില്‍കുമാര്‍ എ വി
ശാന്തിനികേതനിലെ പ്രശസ്ത പൂര്‍വവിദ്യാര്‍ഥിനിയായ മൃണാളിനിയെ ആഴത്തില്‍ പിടിച്ചുലച്ചത് ടാഗോര്‍. ലോകത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി അദ്ദേഹമാണെന്ന് പലവട്ടം പറഞ്ഞു. എവിടെ ശിരസ് ഉയര്‍ന്നിരിക്കുന്നുവോ, മനസ്സ് നിര്‍ഭയമായിരിക്കുന്നുവോ ആ സ്വര്‍ഗത്തിലേക്ക് എന്റെ രാജ്യത്തെ ഉണര്‍ത്തിയാലും എന്ന ടാഗോര്‍ വരികള്‍ വിദ്യുത്പ്രവാഹമായി ആ മനസ്സില്‍. സ്വാതന്ത്യ്രവും നിര്‍ഭയത്വവും തലയെടുപ്പും പ്രദാനംചെയ്യുന്നതില്‍ വിശ്വമഹാകവിയുടെ സന്ദേശങ്ങള്‍ വലിയ കൂട്ടിച്ചേര്‍ക്കല്‍ നടത്തി. ജീവിതവും കലയും ചലനാത്മകമാണ്. മാറ്റത്തിന്റെ ആശയം സാക്ഷാത്കരിക്കാന്‍ കലാകാരന്മാര്‍ കലയെയും ജീവിതത്തെയും തുലനം ചെയ്യേണ്ടതുണ്ട്. തങ്ങളുടെ നിയമങ്ങളുടെയും നിബന്ധനകളുടെയും ഭൂഖണ്ഡം പുതിയ തലമുറയ്ക്ക് തിരിച്ചറിയാനാവാത്ത വിധം വ്യത്യസ്തം.
1948ല്‍ 'മനുഷ്യ' ഡാന്‍സ് ഡ്രാമ കാണാനെത്തിയ നെഹ്റു മൃണാളിനിയെ ആശ്ളേഷിച്ചപ്പോള്‍1948ല്‍ 'മനുഷ്യ' ഡാന്‍സ് ഡ്രാമ കാണാനെത്തിയ നെഹ്റു മൃണാളിനിയെ ആശ്ളേഷിച്ചപ്പോള്‍

കുഞ്ഞുങ്ങളായപ്പോള്‍ അനുവര്‍ത്തിച്ച രീതികളെല്ലാം മുതിര്‍ന്നപ്പോള്‍ ചോദ്യംചെയ്തു. രക്ഷിതാക്കള്‍മുതല്‍ കുടുംബംതൊട്ട് മതംവരെ വിമര്‍ശനത്തിനിരയായി. തന്റെ മക്കള്‍ പിന്നെയും രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നതെന്നും മൃണാളിനി സൂചിപ്പിച്ചു. ഒരേയൊരാളെ മാത്രമേ താന്‍ ഗുരു എന്നു വിശേഷിപ്പിയ്ക്കുകയുള്ളൂവെന്ന് അവര്‍ പറയാറുണ്ടായി–ടാഗോര്‍. ശാന്തിനികേതനില്‍ എത്തിയതോടെ അവരുടെ ഭാവുകത്വം വികസിച്ചു.വിസ്മയാവഹമായ സൌന്ദര്യസങ്കല്‍പ്പവും സാമൂഹികാവബോധവും സമന്വയിച്ച ടാഗോര്‍ ദര്‍ശനമാണ് നൃത്തജീവിതത്തിലുടനീളം പിന്‍പറ്റിയത്. മനുഷ്യര്‍ തങ്ങള്‍ക്കുള്ളിലെ സ്വാത്മബോധത്തെ ആഴത്തില്‍ തിരിച്ചറിയുകയാണ് കലാവിഷ്കരണത്തിനുള്ള മാര്‍ഗമെന്നതായിരുന്നു ടാഗോര്‍ ദര്‍ശനം. ദര്‍പ്പണയുടെ പേരിലടക്കം അതിന്റെ തിളക്കമുണ്ട്. കണ്ണാടിയിലെന്നവണ്ണം സ്വാഭാവികമായും സത്യസന്ധമായും പ്രകാശിപ്പിക്കപ്പെടുകയാണ് മികച്ച കലാപ്രത്യക്ഷമെന്ന് അവര്‍ വിശ്വസിച്ചു.

രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ സ്വാധീനമായത് ഗാന്ധിജി.മഹാത്മാവ് പ്രസരിപ്പിച്ച സ്നേഹവും കാരുണ്യവും കുഞ്ഞുനാളിലേ ആ ഹൃദയം കവര്‍ന്നു. സ്വാതന്ത്യ്രസമരത്തിന്റെ അഗ്നിവീഥിയിലേക്ക് ഇറങ്ങിയ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ആഭിമുഖ്യം ദൃഢതരമാക്കി. ഗാന്ധിജിയുമൊത്തുള്ള കൂടിക്കാഴ്ചകള്‍ ആദരവ് വാനോളമുയര്‍ത്തി. ദളിത് വിഭാഗങ്ങളോടുള്ള അടുപ്പം, പ്രകൃതിസ്നേഹം, പരിസ്ഥിതി സൌഹൃദ വികസനം, സ്വാശ്രയത്വം തുടങ്ങിയ വീക്ഷണങ്ങള്‍ മൃണാളിനിയിലും പടര്‍ന്നു. മതസൌഹാര്‍ദത്തിന്റെ സാന്ത്വനങ്ങളും പഠിച്ചു. ഗുജറാത്ത് വംശഹത്യയുടെ നാളുകളില്‍ മുറിവുണക്കാന്‍ ഇറങ്ങിയത് മനുഷ്യത്വത്തിന്റെ വിസ്തൃത ബോധ്യങ്ങള്‍ മുറുകെപിടിച്ചായിരുന്നു.

കലാപ്രവര്‍ത്തനത്തിന് സഹൃദയനായ ഭര്‍ത്താവ് വിക്രം സാരാഭായിയുടെ പ്രോത്സാഹനവും പ്രധാനം. ആ കുടുംബം പാശ്ചാത്യ രീതികളോട് ഇണങ്ങിനിന്നു. ബംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പഠനകാലത്ത് അദ്ദേഹം  നൃത്തത്തെയും സംഗീതത്തെയും  ആരാധിച്ചു. നഗരത്തിലെ എല്ലാ നൃത്ത– സംഗീത നിശകളിലും  എത്തി. സ്വന്തം കലാരൂപത്തോടും വാക്കുകളോടും മൃണാളിനി പുലര്‍ത്തിയ സത്യസന്ധത പ്രണയമായി തളിരിട്ടു. വിക്രത്തിന്റെ അഛനും മൃണാളിനിയുടെ നൃത്തം ആസ്വദിക്കാനെത്തി. 'തെക്കെ ഇന്ത്യയില്‍നിന്നുള്ള നൃത്തക്കാരിപ്പെണ്ണ്' എന്ന ഗുജറാത്തി വരേണ്യരുടെ വിധിതീര്‍പ്പ് മായ്ക്കാന്‍ അത് സഹായകമായി.

നെഹുറുവുമായി രണ്ടുവഴിയില്‍  ബന്ധമുണ്ടായി മൃണാളിനിക്ക്്.സ്വാതന്ത്യ്രസമര സേനാനിയായ അമ്മ അമ്മു സ്വാമിനാഥനിലൂടെ ആദ്യം. ഭര്‍ത്താവ്
മൃണാളിനി സാരാഭായ് ചേച്ചി ക്യാപ്റ്റന്‍ ലക്ഷ്മിക്കൊപ്പംമൃണാളിനി സാരാഭായ് ചേച്ചി ക്യാപ്റ്റന്‍ ലക്ഷ്മിക്കൊപ്പം
വിക്രം സാരാഭായിയുടെ കുടുംബവുമായുള്ള നെഹ്റുവിന്റെ സമ്പര്‍ക്കമാണ് രണ്ടാമത്തെ വഴി. ആത്മകഥയായ ദി വോയ്സ് ഓഫ് ഹാര്‍ടില്‍ ആ ഓര്‍മകളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്.1926ല്‍ ഒരു ദിവസം നെഹ്റു ചെന്നൈയിലെ വീട്ടിലെത്തി. പ്രഭാതഭക്ഷണം കഴിച്ചു. മറീന ബീച്ചിലടക്കം നഗരത്തിന്റെ പല കോണുകളിലേക്കും അമ്മയും മൃണാളിനിയും അനുഗമിച്ചു. അവരുടെ വീട്ടിലെ കാറിലായിരുന്നു യാത്ര. തിങ്ങിക്കൂടിയ ജനക്കൂട്ടം കൈവീശിയാണ് വരവേറ്റത്. അമ്മയും മകളും കാറില്‍ പിന്‍സീറ്റില്‍. മൃണാളിനി പിന്നീട് കാണുന്നത് ശാന്തിനികേതനില്‍. ഹിന്ദിഭവന്‍ ഉദ്ഘാടനമായിരുന്നു പരിപാടി. ഒപ്പം മകള്‍ ഇന്ദിരയും.ഭംഗിയുള്ള ജനാലക്കടുത്ത് നിര്‍ത്തി നന്ദിതാകൃപലാനിക്കും ഇന്ദിരക്കുമൊപ്പം മൃണാളിനിയുടെ ഫോട്ടോയെടുക്കാന്‍ നിര്‍ദേശിച്ചു. തുറന്ന മനഃസ്ഥിതിക്കാരനും ഫലിതപ്രിയനുമായ സഹൃദയന്‍ എന്ന് മൃണാളിനി വിശേഷിപ്പിച്ച നെഹ്റു അവരുടെ നൃത്തത്തെ എക്കാലവും പ്രോത്സാഹിപ്പിച്ചു.1948ല്‍ ദില്ലിയില്‍ 'മനുഷ്യ' ഡാന്‍സ് ഡ്രാമ കാണാന്‍ എല്ലാ തിരക്കുകളും മാറ്റി എത്തി.

തിരശീല വീണയുടന്‍ മൃണാളിനിയെ ആലിംഗനംചെയ്തു. ആ ഫോട്ടോ പിന്നീട് പ്രശസ്തമായി. വര്‍ഷങ്ങള്‍ക്കുശേഷം അത് ഒരു സ്വിസ് പത്രം പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ നിരോധനമുള്ള ഫോട്ടോ എന്ന അടിക്കുറിപ്പോടെ.അത് കണ്ട് രസംപിടിച്ച വിക്രം,നെഹ്റുവിന് കത്തെഴുതുകയുംചെയ്തു.ദില്ലയില്‍ നൃത്താവരണം നടന്നപ്പോഴെല്ലാം മൃണാളിനി, നെഹ്റുവിനെ ക്ഷണിച്ചു.എത്താന്‍ സമയമെടുത്താലും പരിപാടി വൈകിപ്പിക്കരുതെന്നാണ് അദ്ദേഹം പറയാറുള്ളത്. കൃത്യനിഷ്ഠ പുലര്‍ത്താറുള്ള നെഹ്റു, അവിചാരിത സന്ദര്‍ഭങ്ങളില്‍ വൈകിയാല്‍ ഇരിപ്പിടത്തില്‍പോയി നൃത്തം വീക്ഷിക്കും.നെഹ്റുവിനെ കാത്തിരിക്കാന്‍ സംഘാടകര്‍ ചില അവസരങ്ങളില്‍ അഭ്യര്‍ഥിച്ചെങ്കിലും മൃണാളിനി വഴങ്ങിയില്ല. അദ്ദേഹത്തിനത് ഇഷ്ടമാവില്ലെന്ന ഉറപ്പിലായിരുന്നു അത്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്