വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, January 21, 2016

ദളിതന്‍ വളരുന്നത് സഹിക്കാതെ

ദളിതന്‍ വളരുന്നത് സഹിക്കാതെ 

(ദേശാഭിമാനി, Wednesday Jan 20, 2016) 

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന പൈശാചികമായ ആക്രമണം മഹത്തായ പാരമ്പര്യമുള്ള ഇന്ത്യാമഹാരാജ്യത്തിന് തീര്‍ത്താല്‍ തീരാത്ത മാനക്കേടാണ് വരുത്തിവച്ചത്. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാടിയത് ഏവരും ഓര്‍ക്കുന്നുണ്ടാകും. മതസൌഹാര്‍ദത്തിനുവേണ്ടി ജീവന്‍ ഉഴിഞ്ഞുവച്ച ഗാന്ധിജി ദളിതരെ ഹരിജനങ്ങള്‍ എന്നുവിളിച്ചു. ഹരിജന്‍ എന്ന പേരില്‍ വാരിക പ്രസിദ്ധീകരിച്ചു. ഹരിജനങ്ങളുടെ മോചനത്തിനായി പ്രവര്‍ത്തിച്ചു. അയിത്താചരണത്തിനെതിരെ നാടിന്റെ നാനാഭാഗങ്ങളിലും ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നു. ഗാന്ധിജി ഉപയോഗിച്ച ഹരിജന്‍ എന്ന പേര് മാറി ദളിതര്‍ എന്നായി. ആ ദളിതരുടെ ദുരനുഭവങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വീടുകള്‍ തീവച്ച് കൂട്ടത്തോടെ ചുട്ടുകൊന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സവര്‍ണമേധാവികള്‍ ഹരിയാനയില്‍ ദളിത്കുടുംബത്തിന്റെ വീടിന് തീവച്ച് 11 മാസവും രണ്ടരവയസ്സും പ്രായമുള്ള കുട്ടികളെ ക്രൂരമായി ചുട്ടുകൊന്ന സംഭവമുണ്ടായി. വലിയ ഭീകരതയാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥികള്‍ക്കുനേരെ ഉണ്ടായത്. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളെ വൈസ്ചാന്‍സലര്‍ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. ഹോസ്റ്റലില്‍ താമസവും ഭക്ഷണവുമില്ലെങ്കില്‍ ദരിദ്രരില്‍ ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനാകില്ല. ഹോസ്റ്റലില്‍നിന്ന് പുറത്താക്കപ്പെട്ട നാല് ഗവേഷണ വിദ്യാര്‍ഥികളാണ് നിരാഹാരസമരത്തിലേര്‍പ്പെട്ടത്. ഗാന്ധിജി കാട്ടിക്കൊടുത്ത സമരമാതൃകയാണവര്‍ സ്വീകരിച്ചത്. അവരില്‍ ഒരാളായ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥിയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.
പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് ആരുടെയും ഹൃദയം നുറുക്കുന്നതാണ്. വിദ്യാര്‍ഥിയുടെ നിര്‍മലമായ മനസ്സ് തുറന്നുകാട്ടുന്നതാണ് കുറിപ്പിലെ വാചകങ്ങള്‍. രോഹിത് ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ ഭാവിയില്‍ മഹാനായി വളരുമായിരുന്നുവെന്ന് കുറിപ്പ് വായിക്കുന്ന മാത്രയില്‍ ബോധ്യപ്പെടും. അത്തരത്തിലുള്ള ബുദ്ധിശാലിയായ ഒരു വിദ്യാര്‍ഥിയുടെ ഭാവിജീവിതമാണ് കെടുത്തിക്കളഞ്ഞത്. രോഹിത് വെമുലയുടെ അകാലമരണത്തിന് കാരണക്കാരായ സകലരും നിയമാനുസരണമുള്ള ശിക്ഷ ലഭിക്കാന്‍ അര്‍ഹരാണ്.

ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ സര്‍വകലാശാലയുടെ വൈസ്ചാന്‍സലറെ മാറ്റി മറ്റൊരാളെ നിയമിക്കാന്‍ എബിവിപി സമ്മര്‍ദം ചെലുത്തി. സമ്മര്‍ദത്തിന് വഴങ്ങി നിലവിലുള്ള വൈസ്ചാന്‍സലറെ മാറ്റി. പകരം നിയമിച്ച അപ്പാറാവുവാണ് രോഹിത് വെമുലയെ ഹോസ്റ്റലില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. സ്ഥലം എംപികൂടിയായ കേന്ദ്രമന്ത്രിയെ എബിവിപി സമീപിച്ചു. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ നഗ്നമായ ഇടപെടലാണ് വൈസ്ചാന്‍സലറായി അപ്പാറാവുവിനെ നിയമിക്കാനും രോഹിതിനെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കാനും വഴിവച്ചത്. കേന്ദ്രമന്ത്രിയും വൈസ്ചാന്‍സലറുമാണ് ആത്മഹത്യക്ക് കാരണക്കാരെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

ആത്മഹത്യചെയ്ത രോഹിത് പഠിക്കാന്‍ സമര്‍ഥനായിരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്്സ് കമീഷന്റെ ജെആര്‍എഫ് സ്കോളര്‍ഷിപ്പോടെയാണ് പഠിച്ചിരുന്നത്. ദളിത് കുടുംബത്തില്‍നിന്ന് പ്രതിഭാശാലിയായ ഒരു വിദ്യാര്‍ഥി ഇത്ര മിടുക്കനായി വളര്‍ന്നുവരുന്നത് ഇഷ്ടമില്ലാത്ത സവര്‍ണമേധാവികളായ ദുഷ്ടശക്തികളാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്കിടവരുത്തിയത്. ദളിതരോടുള്ള ആര്‍എസ്എസ്–ബിജെപി സംഘത്തിന്റെ വൈരമാണ് നടപടിക്ക് കാരണമായത്. സംഘപരിവാര്‍ അവരുടെ അജന്‍ഡ ഓരോന്നായി നടപ്പാക്കുകയാണ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്നത് ദളിതരോടുള്ള പകപോക്കലാണ്. ദളിതര്‍ വളര്‍ന്നുവരുന്നതിലുള്ള അസൂയയും വിരോധവുമാണ് രോഹിതിന്റെ മരണത്തിനിടയാക്കിയത്. ദളിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ആര്‍എസ്എസ്– ബിജെപി സംഘത്തിന്റെ ഫാസിസ്റ്റ് മനസ്സ് തിരിച്ചറിയാന്‍ ഇത്തരം സംഭവങ്ങള്‍ സഹായകമാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. വൈസ്ചാന്‍സലര്‍ക്കും കേന്ദ്രമന്ത്രിക്കുമെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി കൈക്കൊള്ളണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു

2 comments:

ajith said...

സംഘം ഭയപ്പെടുത്തി മുന്നേറുകയാണു. എന്നാൽ ഭയപ്പെടുത്തിക്കൊണ്ട് ആരും ഈ ലോകത്തിൽ ദീർഘകാലം വാണിട്ടില്ലെന്ന ചരിത്രപാഠം അവർ പഠിക്കുന്നതുമില്ല

ജഗദീശ്.എസ്സ് said...

ഇടത് പക്ഷവും ദളിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവരാണ്. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ SFI നേതാവ് സംഘിയാണെന്ന് വാര്‍ത്ത കണ്ടിരുന്നു. ചുമ്മാതല്ല അവിടെ SFI മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത്.

അസൂയയും വിരോധവുമാണ് പ്രശ്നകാരണമെന്ന് കരുതുന്ന വിവരക്കേടാണ് ആധുനിക ഇടതിന്റെ ഏറ്റവും വലിയ കുഴപ്പം.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്