മലയാള ചലച്ചിത്രങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള അസ്വസ്ഥതപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഇക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയപ്രക്രിയ പൂര്‍ത്തിയായത്. ചലച്ചിത്ര അവാര്‍ഡിന് പരിഗണനയ്ക്കു ചെന്ന 70 ചിത്രങ്ങളില്‍ 75 ശതമാനവും നിലവാരമില്ലാത്തവയായിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ജോണ്‍പോള്‍തന്നെ പറഞ്ഞു. അമ്പരപ്പും ആശങ്കയുമുണര്‍ത്തുന്ന തരത്തിലുള്ള നിലവാരത്തകര്‍ച്ചയെയാണ് മലയാളസിനിമ നേരിടുന്നതെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
സിനിമയുടെ നിലവാരത്തകര്‍ച്ച എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ആരുടെയും മനസ്സില്‍ വരുന്നത് ചലച്ചിത്രരംഗത്ത് പ്രതിഭാദാരിദ്ര്യമുണ്ടായി എന്നാകും. ആ നിലയ്ക്കുള്ള പ്രതിഭാദാരിദ്ര്യമാണോ ഈ ദുരവസ്ഥയ്ക്ക് കാരണം; അതോ അതിനപ്പുറത്ത് മറ്റുവല്ലതുമാണോ? ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ട്. രാമു കാര്യാട്ടിനെയും പി ഭാസ്കരനെയും എം ടിയെയും ജി അരവിന്ദനെയും അടൂരിനെയും ജോണ്‍ എബ്രഹാമിനെയും രവീന്ദ്രനെയും ഷാജി എന്‍ കരുണിനെയും ഒക്കെപ്പോലുള്ള പ്രതിഭകള്‍ക്ക് രൂപംകൊടുത്ത മണ്ണാണിത്. മലയാളസിനിമയ്ക്ക് സാര്‍വദേശീയ മേല്‍വിലാസമുണ്ടാക്കി കൊടുക്കുകയും ഇന്ത്യന്‍സിനിമയെ ലോകശ്രദ്ധയുടെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിവച്ച് കേരളത്തിനും ഇന്ത്യക്കും യശസ്സ് കൂട്ടുകയുംചെയ്ത പ്രതിഭാധനന്മാര്‍. ഫിലിം സൊസൈറ്റി സംസ്കാരത്തിലൂടെയും സഹകരണ സിനിമാനിര്‍മാണ സംരംഭങ്ങളിലൂടെയും ഒരു പുതുഭാവുകത്വത്തിന്റെ ഉദയഛായയുള്ള ആദ്യകിരണങ്ങള്‍ പ്രസരിപ്പിച്ച ഭാവനാസമൃദ്ധിയുള്ള ചലച്ചിത്ര കലാകാരന്മാര്‍. അവരുണ്ടാക്കിയ സംസ്കാരത്തിന്റെ നാട്ടില്‍, അവര്‍ കൊളുത്തിനീട്ടിയ ദീപശിഖയില്‍നിന്ന് ചെറുകൈത്തിരികളെങ്കിലും കൊളുത്താന്‍ ആളില്ലാതായി എന്നു പറഞ്ഞാല്‍ അതാര് വിശ്വസിക്കാന്‍?
ചാരംമൂടികിടക്കുന്ന പ്രതിഭകള്‍ ധാരാളമുണ്ട് കേരളത്തില്‍. ആ ചാരം നീക്കി പ്രതിഭകളുടെ കനലുകള്‍ക്ക് പ്രകാശിക്കാന്‍വേണ്ട അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തമുണ്ട് സര്‍ക്കാരിന്. സര്‍ക്കാര്‍ അത് ചെയ്യുന്നുണ്ടോ? മന്ത്രി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ചലച്ചിത്ര അക്കാദമി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല എന്നതാണുത്തരം. അതുകൊണ്ടുതന്നെ ജൂറി ചെയര്‍മാന്‍ ജോണ്‍പോള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയാനുള്ള ചുമതല ചലച്ചിത്രത്തിന്റെ മന്ത്രിക്കുണ്ട്.
മൂലധനതാല്‍പ്പര്യവും കലാതാല്‍പ്പര്യവും ഒരുമിച്ചുപോവുക പ്രയാസകരമാണ്. മൂലധനതാല്‍പ്പര്യം മുടക്കുമുതലിനെ പലതവണ മറികടക്കുന്ന ലാഭത്തിന്റെ താല്‍പ്പര്യങ്ങളിലൂടെയേ സഞ്ചരിക്കൂ. അങ്ങനെവരുമ്പോള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നത് കലാതാല്‍പ്പര്യമാണ്. അങ്ങനെ പുറന്തള്ളപ്പെടുന്ന കലാതാല്‍പ്പര്യത്തെ പരിരക്ഷിക്കാന്‍, ശക്തിപ്പെടുത്തി ഏറ്റെടുത്ത് മുമ്പോട്ടുകൊണ്ടുപോകാന്‍ എന്തെങ്കിലും ചെയ്യേണ്ടത് സര്‍ക്കാരാണ്. ആ കൈത്താങ്ങ് ഇല്ല എന്നുവന്നാല്‍ മൂലധനതാല്‍പ്പര്യം സിനിമയെ നിലവാരത്തകര്‍ച്ചയുടെ പാതാളക്കുണ്ടിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് ദയനീയമായ നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ ഏതു ചലച്ചിത്ര പ്രതിഭയ്ക്കും സാധ്യമാകൂ. ഇതാണ് കേരളത്തില്‍ സംഭവിക്കുന്നത്. നിലവാരത്തകര്‍ച്ചയുടെ മുഖ്യകാരണം ഇതുതന്നെയാണ്.അയല്‍ സംസ്ഥാനങ്ങള്‍ കൊടുക്കുന്ന സബ്സിഡിയെങ്കിലും കൊടുക്കുന്നുണ്ടോ ചലച്ചിത്രകലയ്ക്കായി ഈ കേരളം? ചലച്ചിത്ര കോര്‍പറേഷന്‍വഴി വരുന്നതും ചിത്രാഞ്ജലിയിലുള്ള പരിമിത സൗകര്യം ഉപയോഗപ്പെടുത്തുന്നതുമായ സിനിമകള്‍ക്കേ സബ്സിഡിയുള്ളൂ. തുച്ഛമായ നാലോ അഞ്ചോ ലക്ഷത്തിന്റെ സബ്സിഡി!
പുതിയകാലത്ത് സിനിമാവ്യവസായത്തിന്റെ സാമ്പത്തികമായ ആസുരശക്തിക്കുമുമ്പില്‍ സര്‍ക്കാര്‍ കൊടുക്കുന്ന ഈ തുകയ്ക്ക് "അണാപൈ' വിലപോലുമില്ല. ഇത് മതിയോ, പ്രതിഭാധനരെങ്കിലും സാമ്പത്തികശേഷിയില്ലാത്ത പുതിയ സംവിധായകര്‍ക്ക് നല്ല ചിത്രങ്ങളുണ്ടാക്കാന്‍? പ്രതിഭാധനര്‍ പ്രതിഭ പണയംവച്ച് കച്ചവടസിനിമയ്ക്കു പിന്നാലെ പോയെന്നുവരും. അവരെ അങ്ങോട്ടുതള്ളുന്നത് നിഷേധാത്മകവും സര്‍ഗാത്മകതാവിരുദ്ധവുമായ സര്‍ക്കാര്‍ നിലപാടുതന്നെയല്ലേ?
ചലച്ചിത്ര അക്കാദമി തൊഴുത്തില്‍ക്കുത്തിന്റെ ഇടമായി മാറി. ഒരു ഫിലിം ഫെസ്റ്റിവല്‍, വീഡിയോ ഫിലിം ഫെസ്റ്റിവല്‍, ടിവി അവാര്‍ഡ് ദാനം എന്നിങ്ങനെ മൂന്നുകാര്യങ്ങള്‍ ചെയ്താല്‍മാത്രം മതി അവര്‍ക്ക്. ഫെസ്റ്റിവല്‍ നടത്താനും അവാര്‍ഡ് കൊടുക്കാനും മാത്രമുള്ള സ്ഥാപനം. ഇങ്ങനെയാണോ ഇത് വിഭാവനം ചെയ്യപ്പെട്ടത്? അവാര്‍ഡ് നിര്‍ണയംപോലും ഇവിടെ കൃത്യമായി നടക്കുന്നില്ല എന്നതാണ് സ്ഥിതി. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിനുമുമ്പാണ് ഇവിടെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം വരാറ്. ആ നില മാറി. അവാര്‍ഡ് പ്രഖ്യാപനം മാസങ്ങള്‍ വൈകുന്നു. ഇതില്‍നിന്നുതന്നെയറിയാം അക്കാദമിയുടെയും വകുപ്പിന്റെയും കാര്യക്ഷമത. സമയബന്ധിതമായി അവാര്‍ഡ് നിര്‍ണയം നടത്താന്‍പോലും കഴിയാത്തവരില്‍നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ.സിനിമ, ആ രംഗത്ത് വ്യാപരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു പ്രവര്‍ത്തനമാണ്. അതിനെ അതേ ഉത്തരവാദിത്തത്തോടെയെങ്കിലും സര്‍ക്കാരും കാണണം. നല്ല സിനിമികള്‍ക്ക് സാമ്പത്തികസഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നല്ല ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അവസരമുണ്ടാക്കണം. ഇതൊന്നും ചെയ്യാതെ വാണിജ്യസിനിമാലോകം "ആര്‍ട്ട് ഫിലിം' ഉണ്ടാക്കിത്തരുന്നില്ലല്ലോ എന്ന് പരിതപിച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ല. ഗുണനിലവാരമുള്ള സിനിമയുണ്ടാകണമെങ്കില്‍ ഗുണനിലവാരമുള്ള മനോഭാവവും സമീപനവും നടപടിയും വേണം. അതുണ്ടോ? അതാണ് മുഖ്യമായ ചോദ്യം.