വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, March 20, 2012

ബജറ്റിലെ മിച്ചവും കമ്മിയും

മധ്യമം മുഖപ്രസംഗം

ബജറ്റിലെ മിച്ചവും കമ്മിയും

Published on Tue, 03/20/2012 - 09:03

അടിസ്ഥാന സൗകര്യ വികസനം, കൃഷി എന്നീ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് കെ.എം. മാണിയുടെ പത്താമത്തെയും ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാമത്തെയും ബജറ്റ്. വിഭവപരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള അഭ്യാസങ്ങളാണ് കുറേക്കാലമായി കേരള ബജറ്റുകള്‍. ഇക്കുറിയും വരുമാനക്കമ്മിയെപ്പറ്റി പറഞ്ഞാണ് ധനമന്ത്രി തുടങ്ങിയത്. റവന്യൂ വരുമാനം കൂടിയെങ്കിലും റവന്യൂ കമ്മി ദുര്‍വഹമായി തുടരുന്നു. പദ്ധതിയിലെ ചെലവുകള്‍ 30 ശതമാനം വര്‍ധിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ബജറ്റ് കണക്കുകളുടെ വിശ്വാസ്യത സംശയാസ്പദമാകുന്നു. മുന്‍ സര്‍ക്കാറിലെ ധനമന്ത്രി അന്ന് മുന്നോട്ടുവെച്ച അവകാശവാദങ്ങള്‍ പൊള്ളയായിരുന്നെന്ന് ഇപ്പോഴത്തെ ധനമന്ത്രി പറയുന്നു. ഈ അവസ്ഥയില്‍ തകരുന്നത് ഏതു സര്‍ക്കാറിന്‍െറയും ബജറ്റ് കണക്കുകളുടെ ആധികാരികതയാണ്.

കൊച്ചി മെട്രോ, കോഴിക്കോട് മോണോ റെയില്‍, തീരദേശ റോഡ്, ജലപാത തുടങ്ങി നിര്‍മാണപ്രവൃത്തി ഉള്‍ക്കൊള്ളുന്ന അനേകം ഗതാഗത പദ്ധതികള്‍ക്ക് ബജറ്റില്‍ ചെറുതും വലുതുമായി തുകകള്‍ നീക്കിവെച്ചിട്ടുണ്ട്. സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂട്ടുമെന്ന നയപ്രസ്താവവും കൂട്ടത്തിലുണ്ട്. വിഴിഞ്ഞം പദ്ധതി മുല്ലപ്പെരിയാര്‍ സംരക്ഷണ അണക്കെട്ട്, എല്ലാ ജില്ലകളിലും ചെറു വിമാനത്താവളങ്ങള്‍ (എന്തിനാണിത്?), വ്യവസായ പാര്‍ക്ക്, ശബരിമല വികസനം എന്നിങ്ങനെ മെഗാ പദ്ധതികള്‍ ധാരാളം. നിര്‍മാണപദ്ധതികളുടെ കാര്യത്തില്‍ ഇന്നത്തെ രീതി മെച്ചപ്പെടുത്താതെ ഇവയൊന്നും കാര്യക്ഷമമായി നടപ്പാകാറില്ല എന്നതാണുഭവം. വ്യാപകമായ അഴിമതിതന്നെ പ്രധാന പ്രശ്നം. സമയബന്ധിതമായി നടക്കേണ്ടവപോലും നീണ്ടുപോകുമ്പോള്‍ സാക്ഷാല്‍ ചെലവ് നീക്കിയിരിപ്പിന്‍െറ അനേകമടങ്ങാകും. പദ്ധതി നടത്തിപ്പിലെ കാര്യക്ഷമത പരിശോധിക്കാന്‍ മെച്ചപ്പെട്ട സംവിധാനം അതിനാല്‍ ആവശ്യമാകുന്നു. പഞ്ചായത്തുതലത്തില്‍ സാമൂഹിക ഓഡിറ്റ് രീതികള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. സ്വകാര്യ പങ്കാളിത്തമായും ബി.ഒ.ടി സമ്പ്രദായമായുമൊക്കെ റോഡുകള്‍ വികസിപ്പിക്കുമ്പോള്‍, വഴിനടക്കുന്നതിനുവരെ ചുങ്കം നല്‍കേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നു. റോഡു നികുതി വര്‍ധിപ്പിച്ചും പരിഷ്കരിച്ചും കൂടുതല്‍ വിഭവം കണ്ടെത്തുമ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനം ലഭ്യമാകാതിരുന്നുകൂടാ. അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഇത്രയേറെ ചെലവിടുമ്പോഴും പൊതു ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഊന്നല്‍ ആവാമായിരുന്നു. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്; അതിന്, പക്ഷേ, പൊതുഗതാഗതം മെച്ചപ്പെടണമല്ലോ.

ആരോഗ്യ, വിദ്യാഭ്യാസ, ദരിദ്രക്ഷേമ മേഖലകളില്‍ കുറേ നല്ല നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികമേഖലക്ക് വകയിരുത്തിയത് നൂറുകോടി രൂപയാണ്. അഞ്ച് ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ഹൈടെക് കൃഷിരീതി വ്യാപകമാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഹരിതഗൃഹസങ്കേതമുപയോഗിച്ചും മറ്റും കാര്‍ഷികോല്‍പാദനം മെച്ചപ്പെടുത്തും. ഇന്ന് ആഗോളരംഗത്ത് ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്നത് ചികിത്സാരംഗത്തും കൃഷിരംഗത്തുമാകണം. വന്‍കിട കാര്‍ഷിക വ്യവസായ ലോബികള്‍ക്ക് എളുപ്പം കടന്നുവരാനുള്ള കവാടങ്ങളായാണ് കാര്‍ഷികനയ പരിഷ്കരണങ്ങള്‍ ഭവിക്കാറ്. ഉല്‍പാദനവര്‍ധനയുടെ പേരില്‍ ജി.എം വിദ്യ കടന്നുകയറിത്തുടങ്ങിയിട്ടുണ്ടല്ലോ. ഇത്തരം ചൂഷണങ്ങളില്‍നിന്ന് കര്‍ഷകരെയും സംസ്ഥാനത്തെയും രക്ഷിക്കുന്ന നിയന്ത്രണ പരിശോധന സംവിധാനങ്ങള്‍ ഉണ്ടാവണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വാഗതാര്‍ഹം തന്നെ. ആന്ധ്രയിലും മറ്റും ഇത്തരം ഹൈടെക് രീതികള്‍ വിജയമാണെന്ന് കണ്ടിട്ടുണ്ട് -നൂതന സജ്ജീകരണങ്ങള്‍ക്ക് വര്‍ധിച്ച മുതല്‍മുടക്ക് വേണ്ടിവരുമെങ്കിലും.
പെന്‍ഷന്‍ പ്രായം ഏകീകരണം എടുത്തുകളയുന്നതിന്‍െറ ഭാഗമായി 56 വയസ്സാക്കി ഉയര്‍ത്തിയത് അനിവാര്യമാണെന്നുപറയാം. ബജറ്റ് സംസ്ഥാനത്തിന്‍െറ സാമ്പത്തിക ദിശാസൂചിക മാത്രമല്ല, വിഭവവിനിയോഗത്തില്‍ സന്തുലനവും സമഭാവനയും ഉണ്ടാകുമ്പോഴേ സമഗ്ര പുരോഗതി സാധ്യമാവൂ. മാണിയുടെ ബജറ്റിന് നല്ല വശങ്ങള്‍ കുറേ ഉണ്ടെങ്കിലും തൊഴില്‍രംഗത്ത് ആശാവഹമായ നിര്‍ദേശങ്ങള്‍ അതിലില്ല. മലബാര്‍ മേഖല അനേകം വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണനക്ക് പരിഹാരമായി പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും പരിഗണിക്കപ്പെടാതെ പോയിരിക്കുന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്