വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 24, 2012

ജോസ് പ്രകാശിന് ആദരാഞ്‌‌ജലികൾ!

ജോസ് പ്രകാശിന് ആദരാഞ്‌‌ജലികൾ!

ജോസ് പ്രകാശ് അന്തരിച്ചു
ദേശാഭിമാനി, Posted on: 24-Mar-2012 07:27 PM
കൊച്ചി: മലയാള സിനിമയില്‍ പ്രതിനായക സങ്കല്‍പ്പത്തിനു രൂപവും ഭാവവും പകര്‍ന്ന ജോസ് പ്രകാശ് അന്തരിച്ചു. 86 വയസായിരുന്നു. കാക്കനാട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.10നായിരുന്നു അന്ത്യം. ആലുവയിലെ മകന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ സിനിമപ്രവര്‍ത്തകരുള്‍പ്പടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം സെന്റ് മേരീസ് ബസലിക്കയിലെ സെമിത്തേരിയില്‍ ഔദ്യോഗികബഹുമതിയോടെ സംസ്കരിക്കും. 1951ല്‍ "ശരിയോ തെറ്റോ" എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിന് ഹരിശ്രീ കുറിച്ചു. 380 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി 2011ല്‍ "ട്രാഫിക്"എന്ന സിനിമയില്‍ ഡോക്ടര്‍ സൈമണ്‍ ഡിസൂസയായി വേഷമിട്ടു. നാടകത്തിനും സിനിമയ്ക്കും നല്‍കിയ മികച്ച സംഭാവനയ്ക്ക് ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ പുരസ്കാരം ജോസ്പ്രകാശിന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. ഞായറാഴ്ച പുരസ്കാരം സമ്മാനിക്കാനിരിക്കേയാണ് വിയോഗം.

ഗായകനായിട്ടാണ് സിനിമയിലേക്കെത്തിയത്. ജോസഫ് എന്ന ബേബിക്ക് ജോസ് പ്രകാശ് എന്നു പേരിട്ടത് തിക്കുറിശ്ശിയാണ്. ആദ്യമായി വില്ലനായി അഭിനയിച്ചത് കെ പി കൊട്ടാരക്കര നിര്‍മ്മിച്ച "ലവ് ഇന്‍ കേരള" എന്ന ചിത്രത്തിലായിരുന്നു. പിന്നീട് മലയാളത്തിലെ സ്ഥിരം വില്ലനായി. സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയില്‍ പേരെടുത്തു. സില്‍വര്‍ ഹെഡ് (ലൗ ഇന്‍ കേരള), ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) വാര്യര്‍ (ദേവാസുരം) തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം അനശ്വരമാക്കി. പ്രകാശ് മൂവി ടോണ്‍ എന്ന പേരില്‍ അദ്ദേഹം തുടങ്ങിയ സിനിമാ നിര്‍മാണ കമ്പനി നിരവധി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഏതാനും തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. മിഖായേലിെന്‍റ സന്തതികളിലെ അഭിനയത്തിന് 1993ലെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാറിന്റെ ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. 1986 ല്‍ കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ചലച്ചിത്രപ്രതിഭാപുരസ്കാരം നല്‍കി ആദരിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം ഇന്ത്യന്‍ ആര്‍മിയിലും തിരുവിതാംകൂര്‍ പൊലീസ് വകുപ്പിലും സേവനമനുഷ്ഠിച്ചു. പാട്ടുപാടാനുള്ള മോഹം കലശലായതിനെത്തുടര്‍ന്ന് ജോലി മതിയാക്കുകയായിരുന്നു.

അഭിനയത്തിന് പുറമെ കോട്ടയത്ത് ബിസിനസും നടത്തിയിരുന്നു. നാടക രംഗത്തും സജീവമായിരുന്നു. പാലാ കുഞ്ഞ് തുടക്കമിട്ട പാല ഐക്യകേരള നടന കലാസമിതിയിലായിരുന്നു ആദ്യം. പിന്നെ 1956ല്‍ സ്വന്തം നാടകട്രൂപ്പ് നാഷണല്‍ തിയറ്റേഴ്സ്. എന്‍ എന്‍ പിള്ള, പി ജെ ആന്റണി, ഒ എന്‍ വി, കെപിഎസി സുലോചന, കോട്ടയം ചെല്ലപ്പന്‍ , അച്ചന്‍കുഞ്ഞ്, ആര്‍ടിസ്റ്റ് സുജാതന്‍ തുടങ്ങിയവരുടെ നിറഞ്ഞ സഹകരണത്തിലൂടെയായിരുന്നു മുന്നേറ്റം. അമ്പലപ്പുഴ രാജമ്മയും മീനാക്ഷിയും മറ്റും നായികമാരെ അവതരിപ്പിച്ചു. പൊലീസ് സ്റ്റേഷന്‍ , സാത്താന്‍ ഉറങ്ങുന്നില്ല, പട്ടിണിപ്പാവങ്ങള്‍ , തുടങ്ങിയ നാടകങ്ങളില്‍ ജോസ് പ്രകാശിന് ശ്രദ്ധേയ വേഷങ്ങള്‍ . ഫാ. ബെനഡിക്ടിന്റേതായിരുന്നു സാത്താന്റെ കഥ. പാടി അഭിനയിക്കുന്നതിലെ സ്വാഭാവികത കുറേ നല്ല അവസരങ്ങള്‍ കാല്‍ക്കീഴിലെത്തിച്ചു. സിനിമയില്‍ തിരക്കേറിയപ്പോഴാണ് എറണാകുളത്തേക്ക് താമസം മാറ്റുന്നത്. അക്കാലത്ത് പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരള എന്ന സ്വന്തം കമ്പനിയും തുടങ്ങി. അതിലൂടെ കേരളം മികച്ച നാടകങ്ങള്‍ അനുഭവിച്ചു. കെപിഎസിയിലേക്ക് നിര്‍ബന്ധപൂര്‍ണമായ ക്ഷണമുണ്ടായെങ്കിലും അച്ഛന്റെ എതിര്‍പ്പുമൂലം സ്വീകരിക്കാനായില്ല.

2003 ല്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ സീരിയലിന്റെ റെക്കോര്‍ഡിങ്ങിനായി പോയപ്പോള്‍ കാല്‍തെറ്റി വീണു തുടയെല്ല് പൊട്ടിയതോടെ ഒരു കാല്‍ മുറിച്ചു മാറ്റി. അവസാന നാളുകളില്‍ കാഴ്ച്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായിരുന്നു. ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന റേഡിയോ സംഗീതം മാത്രമായിരുന്നു ഏകകൂട്ട്.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 18നാണ് ജോസ് പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. 1925 ഏപ്രില്‍ 14ന് കോട്ടയത്ത് മുന്‍സിഫ് കോടതി ഉദ്യോഗസ്ഥനായ ചങ്ങനാശ്ശേരി കുന്നേല്‍ വീട്ടില്‍ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പരേതയായ ചിന്നമ്മയാണ് ഭാര്യ. എല്‍സമ്മ, കുഞ്ഞുമോള്‍ , സൂസന്‍ , ജാസ്മിന്‍ , രാജന്‍ , ഷാജി എന്നിവര്‍ മക്കളും പി സി തോമസ്, ജോണ്‍സണ്‍ , ജോളി, ജോണി, ഫാന്‍സി, റജി എന്നിവര്‍ മരുമക്കളുമാണ്. നിര്‍മാതാവും നടനുമായ പ്രേം പ്രകാശ് സഹോദരനാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്