വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 17, 2012

ഇന്ത്യയുടെ കേന്ദ്രബഡ്ജറ്റ്- 2012

ഇന്ത്യയുടെ കേന്ദ്രബഡ്ജറ്റ്- 2012

ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട കേരള കൌമുദി, ദേശാഭിമാനി, മലയാള മനോരമ, മാധ്യമം, മാതൃഭൂമി, എന്നീ പത്രങ്ങളിലെ വർത്തകളും മുഖപ്രസംഗങ്ങളും മറ്റും

രണ്ടു ലക്ഷം രൂപ വരെ ആദായ നികുതിയില്ല

(കേരള കൌമുദി വാര്‍ത്ത‍ , 2012 മാർച്ച് 17:)

ന്യൂഡല്‍ഹി: ആദായ നികുതി പരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെ ഇത് 1.8 ലക്ഷം രൂപയായിരുന്നു. രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെ 10%, 5-10 ലക്ഷം വരെ 20%, 10 ലക്ഷത്തിന് മുകളില്‍ 30% എന്നിങ്ങനെയാണ് ആദായനികുതി. (മൂന്ന് ലക്ഷം രൂപ വരെ ഉയര്‍ത്തണമെന്നായിരുന്നു പാര്‍ലമെന്റ് സമിതിയുടെ നിര്‍ദ്ദേശം.)

ബഡ്ജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

*മരുന്ന്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില കുറയും
*എ.സി. ഫ്രിഡ്ജ്, സിഗററ്റ് വില ഉയരും
* സ്വര്‍ണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കും കസ്റ്റംസ് തീരുവ 4% ഉയര്‍ത്തി, വില ഉയരും
*എല്‍.സി.ഡി. എല്‍.ഇ.ഡി, മെമ്മറി കാര്‍ഡുകള്‍, തുടങ്ങിയവ വില കുറയും
*സേവന നികുതി 10% ല്‍ നിന്ന് 12 ശതമാനമാക്കി
*ആഢംബര കാറുകളുടെ എക്സൈസ് ഡ്യൂട്ടി 24% ആക്കി, വില ഉയരും
* താപവൈദ്യുത കമ്പനികള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി
*എക്സൈസ് ഡ്യൂട്ടി 12 ശതമാനമായി ഉയര്‍ത്തി
*സ്കൂള്‍ വിദ്യാഭ്യാസ മേഖലയെ സേവന നികുതിയില്‍ നിന്ന് ഒഴിവാക്കി
*17 സേവനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി
*വിദേശികള്‍ക്ക് കടപ്പത്രങ്ങളില്‍ പണം മുടക്കാന്‍ അനുമതി
*ഊര്‍ജ്ജമേഖലയ്ക്ക് 10,000 കോടി രൂപയുടെ നികുതി രഹിത ബോണ്ട്
*കാലാവസ്ഥ വ്യതിയാന പഠന ഗവേഷണങ്ങള്‍ക്ക് 200 കോടി രൂപ
*ഗ്രാമീണ കുടിവെള്ള പദ്ധതിക്കും സാനിട്ടേഷനും 14,000 കോടി രൂപ
*സംയോജിത ശിശു വികസന പദ്ധതി പുന:സംഘടിപ്പിക്കാന്‍ 15,850 കോടി രൂപ
*സിനിമാ വ്യവസായത്തിന് സേവന നികുതിയില്ല
*ഹഡ്കോയ്ക്ക് 5000 കോടി
*കോര്‍പ്പറേറ്റ് നികുതി ഘടനയില്‍ മാറ്റമില്ല
*രണ്ടു ലക്ഷം രൂപ വരെ ആദായ നികുതിയില്ല
*കള്ളപ്പണത്തെ കുറിച്ച് ധവളപത്രം പുറത്തിറക്കും
*പ്രതിരോധ മേഖലയ്ക്ക് 1.95 ലക്ഷം കോടി രൂപ
*യഥാസമയം വായ്പകള്‍ അടച്ചു തീര്‍ക്കുന്നവര്‍ക്ക് ഇളവ്
*ദേശീയ നഗര ആരോഗ്യ മിഷന്‍ സ്ഥാപിക്കും
*നഗരപ്രദേശങ്ങളില്‍ ആരോഗ്യ പദ്ധതികള്‍
*കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി രൂപ
*കാര്‍ഷിക സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കും
*സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 11,937 കോടി രൂപ
*എസ്.സി-എസ്.ടി വിഹിതം 18% വര്‍ദ്ധിപ്പിച്ചു
*ഡെയറി ഉല്പാദനം മെച്ചപ്പെടുത്താന്‍ ലോകബാങ്ക് സഹായത്തോടെ 243 കോടിയുടെ പദ്ധതി
*നബാര്‍ഡിന് 10,000 കോടി രൂപ
*12-ാം പദ്ധതിയില്‍ 6000 സ്കൂളുകള്‍
*15 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് ഒരു ശതമാനം ഇളവ്
*ഉപയോക്താവിന് സബ്സിഡി നേരിട്ട് ലഭിക്കുന്ന പദ്ധതി 50 ജില്ലകളില്‍
*കര്‍ഷകര്‍ക്ക് പലിശ നിരക്കില്‍ 3% സബ്സിഡി
*ദേശീയ പാര്‍പ്പിട ഭേദഗതി ബില്‍ കൊണ്ടുവരും
*കൃഷിക്ക് ആവശ്യമായ ഡാമുകള്‍ക്കായി പ്രത്യേക പദ്ധതി
*ഭക്ഷ്യസംസ്കരണത്തിന് സംസ്ഥാന സഹകരണത്തോടെ കേന്ദ്ര പദ്ധതി
*കാര്‍ഷിക വായ്പ അഞ്ചേമുക്കാല്‍ ലക്ഷം കോടിയാക്കും
*നെല്ല് ഉല്പാദനത്തിന് 400 കോടി, ജലസേനത്തിന് 300 കോടി
*കര്‍ഷകര്‍ക്കായി എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ്
*8800 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണത്തിന് അനുമതി
*വ്യോമയാന മേഖലയില്‍ 49% വിദേശനിക്ഷേപം അനുവദിക്കും
*വ്യോമയാന മേഖലയ്ക്ക് പ്രവര്‍ത്തന മൂലധനത്തിനായി 100 കോടി ഡോളര്‍ കൊല്ലത്തേക്ക്
വിദേശത്ത് നിന്ന് കടമെടുക്കാന്‍ അനുമതി
*വ്യോമയാന മേഖലയ്ക്ക് പ്രത്യേക പാക്കേജ്
*വ്യോമ ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി
*വിദേശ നിക്ഷേപകര്‍ക്ക് ബോണ്ട് മാര്‍ക്കറ്റിംഗ്
*കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി സ്വാഭിമാന്‍ പദ്ധതി
*അടിസ്ഥാന സൌകര്യവികസനത്തിന് 50 ലക്ഷം കോടി രൂപ. ഇതിന് പൊതു-സ്വകാര്യ പങ്കാളിത്തം വേണം
*ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം നടപ്പാക്കാന്‍ ശ്രമിക്കും
*അടിസ്ഥാന സൌകര്യമേഖലയില്‍ മികച്ച നിക്ഷേപകരെ അനുവദിക്കും
*ഭക്ഷ്യസുരക്ഷാ ബില്‍ എത്രയും വേഗം നടപ്പാക്കും
*ചില്ലറ നിക്ഷേപ മേഖലയില്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഇളവ്
*10 ലക്ഷം രൂപ വരെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ 50% നികുതിയിളവ്
*ആദായ നികുതി ഇളവിന് പുതിയ പദ്ധതി
*ഓഹരി നിക്ഷേപകര്‍ക്ക് രാജീവ് ഗാന്ധി ഇക്വിറ്റി സ്കീം നടപ്പാക്കും
*ജി.ഡി.പി.യുടെ രണ്ട് ശതമാനമായി സബ്സിഡി നിജപ്പെടുത്തും
*അടുത്ത സാമ്പത്തിക വര്‍ഷം സബ്സിഡി കുറയ്ക്കും
*എല്ലാ നികുതികള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
*ചരക്ക് സേവന നികുതി ആഗസ്റ്റ് മുതല്‍ നടപ്പാക്കും
*ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി രൂപ സമാഹരിക്കും
*കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും
*വ്യാവസായിക വളര്‍ച്ച കുറഞ്ഞത് സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയായി
*അസംസ്കൃത എണ്ണവില ഉയരുന്നത് സബ്സിഡി കൂട്ടാന്‍ കാരണമായി
*ധനകാര്യ മാനേജമെന്റ് ആക്ടില്‍ ഭേദഗതി വരുത്തും
*അടുത്ത സാമ്പത്തിക വര്‍ഷം 7.6% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷ
*സാമ്പത്തിക പരിഷ്കരണം അനിവാര്യം
*കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കര്‍ശന നടപടി
*വികസനത്തിന് അഞ്ചു മേഖലകള്‍ക്ക് ഊന്നല്‍
*ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയില്‍
*പണപ്പെരുപ്പം അല്പം കൂടി ഉയര്‍ന്ന ശേഷം സ്ഥിരത കൈവരിക്കും
*കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു, സാമ്പത്തിക മാന്ദ്യം നിര്‍മ്മാണ മേഖലയെ ബാധിച്ചേക്കാം
*ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിച്ചു

ജനങ്ങളെ മറന്നു രാജ്യത്തെയും

Posted on: 16-Mar-2012 11:52 PM

( ദേശാഭിമാനി മുഖപ്രസംഗം)

രാജ്യവും ജനങ്ങളും നേരിടുന്ന അതിഗുരുതരമായ പ്രശ്നങ്ങളില്‍നിന്ന് മുഖംതിരിക്കുന്നതും സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതും ഇന്ത്യയെ കൂടുതല്‍ ചൂഷണത്തിനായി വിദേശകമ്പോളക്കാര്‍ക്ക് തുറന്നുകൊടുക്കുന്നതുമായ വികലനയങ്ങളാല്‍ ശ്രദ്ധേയമായ ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ചത്.

2010-11ല്‍ 8.4 ശതമാനമായിരുന്ന മൊത്തം ദേശീയോല്‍പ്പാദനം 6.9 ലേക്ക് മൂക്കുകുത്തിയിരിക്കുന്നു. 2007-08ല്‍ 2.5 ശതമാനമായിരുന്ന ധനകമ്മി 4.6 ശതമാനമായി കുത്തനെ ഉയര്‍ന്നു. 2009-10ല്‍ 3.8 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് 9.1 ശതമാനവും കടന്ന് ഇരട്ട അക്കത്തിലേക്ക് കുതിക്കുന്നു. വിദേശനാണ്യശേഖരം ഇടിയുന്നു. വിലസൂചിക അനിയന്ത്രിതമായി ഉയരുന്നു. സാമ്പത്തികസ്ഥിതിയുടെ എല്ലാ സൂചകങ്ങളും അപകടകരമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്ന ഘട്ടത്തില്‍ സമ്പദ്ഘടനയെ സ്വാശ്രയത്വനയങ്ങളിലൂന്നി ശക്തിപ്പെടുത്താനും ദുരിതത്തിലാകുന്ന ജനങ്ങള്‍ക്ക് ആശ്വാസമരുളാനും വികസനത്തിന് പ്രാരംഭനീക്കങ്ങളെങ്കിലും നടത്താനും കാര്‍ഷിക-വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കാനും ഒക്കെയുള്ള നടപടികളുണ്ടാകും ബജറ്റിലൂടെ എന്നാണ് സാധാരണ ജനം കരുതുക. എന്നാല്‍ , ഇതിനെല്ലാം നേര്‍വിപരീതദിശയിലൂടെയാണ് ബജറ്റ് നീങ്ങുന്നത്.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കാന്‍ പ്രതിബദ്ധമായ വര്‍ഗതാല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ സാമ്പത്തികശാസ്ത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ച് നിശ്ചയമുള്ള ആരും അത്ഭുതപ്പെടൂ. എല്ലാ മറയും നീക്കിയുള്ള കോര്‍പറേറ്റ്-വിദേശപക്ഷപാതിത്വമാണ് യുപിഎ സര്‍ക്കാര്‍ ബജറ്റില്‍ പ്രകടിപ്പിച്ചിട്ടുള്ളത്. സര്‍വീസ് മേഖലയിലെ മിക്കവാറും എല്ലാ ജനങ്ങളെയും വര്‍ധിച്ച നികുതിയുടെ വലയ്ക്കുള്ളിലാക്കുന്ന സര്‍ക്കാര്‍ , കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കോര്‍പറേറ്റ് നികുതിനിരക്കില്‍ മാറ്റമില്ല എന്ന വിളംബരത്തിന്റെ മറവിലൂടെ 51,000 കോടി രൂപയുടെ നികുതിയിളവ് കോര്‍പറേറ്റുകള്‍ക്ക് അനുവദിക്കുകകൂടി ചെയ്തിരിക്കുന്നു. ഈ ഒരൊറ്റ ഉദാഹരണംമതി ബജറ്റിന്റെ കോര്‍പറേറ്റ് പ്രീണനനയം വ്യക്തമാകാന്‍ .

വിലക്കയറ്റം നിയന്ത്രിക്കാനോ പണപ്പെരുപ്പം ചുരുക്കാനോ ധനകമ്മി കുറയ്ക്കാനോ തൊഴിലില്ലായ്മ ലഘൂകരിക്കാനോ കര്‍ഷകര്‍ക്ക് ആശ്വാസമേകാനോ ഒരു നിര്‍ദേശവുമില്ല.60 ശതമാനത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന കൃഷിമേഖലയില്‍ നിക്ഷേപം ഉയര്‍ത്തുന്നില്ല. എന്നുമാത്രമല്ല, രാസവള സബ്സിഡി കുറച്ച് കൃഷിമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ബജറ്റ് മടികാട്ടുന്നുമില്ല. ഭക്ഷ്യസുരക്ഷാനിയമത്തെക്കുറിച്ച് വാചാലമാകുന്ന യുപിഎ സര്‍ക്കാര്‍ ആ പദ്ധതി നടപ്പാക്കാന്‍ പര്യാപ്തമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ല. മാത്രമല്ല, മൊത്തം ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനത്തിലായി എല്ലാ സബ്സിഡികളും ചുരുക്കിയെടുക്കുമെന്ന് പ്രഖ്യാപിക്കുകകൂടി ചെയ്തിരിക്കുന്നു!

വ്യാപകമായി ജനരോഷമുയരുന്നത് കണ്ടില്ലെന്നു നടിച്ച് ചില്ലറ വില്‍പ്പനരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 51 ശതമാനംവരെയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളില്‍ വലിയ ഒരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിക്കളയുമെന്നതിന്റെ പ്രഖ്യാപനമാണത്. നേരിട്ടുള്ള വിദേശനിക്ഷേപത്തോടുള്ള വ്യഗ്രത ഒടുങ്ങുന്നില്ല. വ്യോമയാനരംഗത്തിന്റെ 49 ശതമാനം വിദേശകമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ട് ബജറ്റില്‍ . സര്‍ക്കാര്‍ ഉടമയിലുള്ള വ്യോമയാനസ്ഥാപനങ്ങള്‍ അത്തരം കമ്പനികളില്‍നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പയെടുക്കാനും പോകുന്നു. വിദേശത്ത് ശാഖകളുള്ള സ്ഥാപനങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഒരു വര്‍ഷത്തെ "നികുതി അവധിക്കാലം" പ്രഖ്യാപിച്ചുകൊടുക്കുകകൂടി ചെയ്തിട്ടുണ്ട് ഈ ബജറ്റ് എന്നറിയുമ്പോള്‍ , ബജറ്റ് ആര്‍ക്കുവേണ്ടിയുള്ളതാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നു.

സ്വാശ്രയത്വം എന്ന തത്വംതന്നെ ബജറ്റിലൂടെ ഉപേക്ഷിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റുതുലച്ച് 30,000 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപനം. പൊതുമേഖലയെ ഉന്മൂലനം ചെയ്യുക എന്ന ആഗോളവല്‍ക്കരണ നയപരിപാടി അതിവേഗത്തില്‍ നടപ്പാക്കുകയാണെന്നര്‍ഥം. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സ്വാമിനാഥന്‍ അയ്യര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ കാര്യംകൂടി ബജറ്റിനോടുചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഇന്ധനവില സബ്സിഡി കുറയ്ക്കുന്ന തരത്തില്‍ ക്രമീകരിക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തുമെന്നതാണത്. സത്യത്തില്‍ , സുപ്രധാനമായ പ്രഖ്യാപനമാണിത്. ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ട നയതീരുമാനമാണ് ബജറ്റിനെയും പാര്‍ലമെന്റിനെയും മറികടന്ന് പ്രധാനമന്ത്രി പുറത്തുപറഞ്ഞത്. ഡീസലിന്റെയും മറ്റും വിലനിര്‍ണയാധികാരംകൂടി എണ്ണക്കമ്പനികള്‍ക്ക് കൈമാറുമെന്നതാണ് പ്രധാനമന്ത്രി സങ്കീര്‍ണഭാഷയില്‍ പറഞ്ഞതിന്റെ ശരിയായ അര്‍ഥം. വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന അവസ്ഥയാകും അത് ഉണ്ടാക്കുക. സാമ്പത്തികമാന്ദ്യം ഉണ്ടെന്നും വ്യവസായ വികസനരംഗത്തെ മുരടിപ്പാണ് ഇതിന്റെ മുഖ്യകാരണമെന്നും സാമ്പത്തികസര്‍വേയിലൂടെ സമ്മതിച്ച യുപിഎ സര്‍ക്കാര്‍ സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്താന്‍ വ്യവസായവികസനം ത്വരിതപ്പെടുത്താന്‍ ഒരു നിര്‍ദേശവും മുമ്പോട്ടുവയ്ക്കുന്നില്ല. മാത്രമല്ല, വ്യോമയാനരംഗത്തടക്കം വിദേശകമ്പനികളെയും നേരിട്ടുള്ള നിക്ഷേപത്തെയും വരുത്തി ആഭ്യന്തരവ്യവസായരംഗത്തെ തകര്‍ക്കാന്‍ വേണ്ടത് ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ റിലയന്‍സുപോലുള്ള മുഖ്യകോര്‍പറേറ്റുകള്‍ക്കും വിദേശശക്തികള്‍ക്കും വേണ്ടിയുള്ള ബജറ്റാണിത്. മേനി നടിക്കല്‍ പ്രസ്താവനകള്‍ ധാരാളമുണ്ട് ഇതില്‍ .

കള്ളപ്പണത്തെക്കുറിച്ച് ധവളപത്രമിറക്കുമത്രേ. 90,000 കോടി വിദേശ കള്ളപ്പണനിക്ഷേപത്തിന്റെ വിശദാംശം കിട്ടിയിട്ട് നടപടിയെടുക്കാത്തവരാണ് ധവളപത്രമിറക്കുന്നത്. ധനകമ്മി വര്‍ധിക്കുന്നത് സബ്സിഡിയും ജനക്ഷേമനടപടികളുംകൊണ്ടാണെന്ന അനുമാനത്തില്‍ അതെല്ലാം ഇല്ലായ്മ ചെയ്യുന്നതിലാണ് ബജറ്റിന്റെ ഊന്നല്‍ . 32,000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കാതെ വിട്ടിട്ടുണ്ട് എന്ന ബജറ്റ് കണക്കിലേക്ക് ധനമന്ത്രിയുടെ കണ്ണുചെന്നെത്തുന്നുമില്ല. പിരിച്ചെടുക്കാത്തത് കോര്‍പറേറ്റുകളില്‍നിന്നുള്ള നികുതിയാണ്. കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്ന് തെര്‍മല്‍ പവര്‍ കമ്പനികളെയും കല്‍ക്കരി-പാചകവാതക കമ്പനികളെയും ഒഴിവാക്കിയതും സര്‍ക്കാരിന്റെ മനോഭാവത്തിന്റെ ദൃഷ്ടാന്തമാകുന്നുണ്ട്. അതേ ബജറ്റുതന്നെയാണ് സാധാരണക്കാരന് ബാധകമാകുന്ന കൂടുതല്‍ സേവനമേഖലകളെ ഉയര്‍ന്ന നികുതിനിരക്കിലാക്കിയത്. 18,650 കോടി രൂപയാണ് സര്‍വീസ് ടാക്സിലൂടെ പിരിച്ചെടുക്കാന്‍ പോകുന്നത്. മൊത്തം ദേശീയവരുമാനത്തിന്റെ 45 ശതമാനം കടഭാരമാണ്. ഈ അവസ്ഥയില്‍ ദേശീയോല്‍പ്പാദന വര്‍ധന 7.6 ശതമാനമാകുമെന്നും ധനകമ്മി 5.1 ശതമാനമായി കുറയുമെന്നുമൊക്കെയുള്ളത് വ്യര്‍ഥമായ അനുമാനങ്ങള്‍മാത്രമാണ്.

ആദായനികുതിയിളവുപരിധി രണ്ടു ലക്ഷമാക്കിയത് ഏറെപ്പേരെ ബാധിക്കുന്ന നടപടിയാണ്. കേരളത്തെ പൂര്‍ണമായി ബജറ്റ് അവഗണിച്ചു. സംസ്ഥാനം സമര്‍പ്പിച്ച നിവേദനത്തിലെ ഒരു ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പ്രത്യേക പാക്കേജില്ല. കര്‍ഷക ആത്മഹത്യ, എന്‍ഡോസള്‍ഫാന്‍ ദുരന്തം തുടങ്ങിയവ മുന്‍നിര്‍ത്തി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ പ്രത്യേക ധനസഹായമില്ല. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഒന്നുമില്ല. ബീഡിവ്യവസായത്തെ തകര്‍ക്കാന്‍ പോരുന്ന നിര്‍ദേശമുണ്ടുതാനും. കേന്ദ്രനികുതിയില്‍നിന്നുള്ള കേരളത്തിന്റെ ഓഹരിയില്‍ അര്‍ഹമായ വര്‍ധനയില്ല. മെട്രോയ്ക്കായി പറയുന്ന 60 കോടിയും കാര്‍ഷികസര്‍വകലാശാലയ്ക്കുള്ള 100 കോടിയുമുണ്ട്. അവിടെ കഴിയുന്നു കേരളം. പ്രഖ്യാപിച്ച ഈ തുകകള്‍പോലും സങ്കീര്‍ണമായ ഒരുപാട് നൂലാമാലകളുടെ വ്യവസ്ഥകള്‍ മുറിച്ചുകടന്ന് കേരളത്തിലെത്തുമെന്നുറപ്പില്ല. ഈ അവഗണനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണം.

പ്രണബിന്റെ ഓട്ടം കരുതലോടെ

(മലയാള മനോരമ മുഖപ്രസംഗം, 2012 മർച്ച് 17)

പെരുകുന്ന സബ്സിഡി നിയന്ത്രിച്ച് വളര്‍ച്ചനിരക്ക് ഉയര്‍ത്തുക എന്ന വെല്ലുവിളിയാണു ബജറ്റില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി നേരിട്ടത്. പന്ത്രണ്ടാം പദ്ധതിയുടെ ആദ്യവര്‍ഷം എന്ന നിലയില്‍, അടുത്ത അഞ്ചുവര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടാണ് ഇത്തവണ ബജറ്റിനു രൂപംനല്‍കിയത്. ആ ദീര്‍ഘവീക്ഷണം കാര്യമായി പ്രതിഫലിക്കുന്നുമുണ്ട്.

ഈ ബജറ്റ് മുഖ്യമായും ലക്ഷ്യമിടുന്നത് ആറു കാര്യങ്ങളാണ്: വീണ്ടും എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൌകര്യ വികസനത്തിലും ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലും വന്‍നിക്ഷേപം, സ്വകാര്യനിക്ഷേപ വര്‍ധന, കമ്മി കുറയ്ക്കല്‍, സബ്സിഡികള്‍ ക്രമേണ ഒഴിവാക്കല്‍, ധനകാര്യ ദുര്‍വ്യയനിയന്ത്രണം, എക്സൈസ്, സേവന നികുതികള്‍ പത്തില്‍ നിന്നു 12% വരെ ഉയര്‍ത്തി ധനമന്ത്രി കൂടുതല്‍ ധനസമാഹരണം നടത്തുന്നു. വ്യക്തികളുടെ ആദായനികുതിയില്‍ ഉള്‍പ്പെടെ ചില്ലറ സൌജന്യങ്ങളേ അനുവദിച്ചിട്ടുള്ളൂ. ഈവര്‍ഷം ഒാഹരി വിറ്റഴിക്കലിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്താമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഈ സാമ്പത്തികവര്‍ഷം ധനക്കമ്മി 5.9% ആയി ഉയര്‍ന്നത് ആശങ്കാജനകമാണ്. അടുത്ത വര്‍ഷം 5.1% ആക്കുകയാണു ലക്ഷ്യം. പക്ഷേ, അഞ്ചില്‍ താഴെ എത്താന്‍ വീണ്ടും ഒരുവര്‍ഷം കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരും. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി കുറയ്ക്കാന്‍ ബജറ്റില്‍ ശ്രമം നടത്തിയിട്ടില്ല.

അടിസ്ഥാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം പകരാന്‍ നിക്ഷേപം ഉയര്‍ത്താനും ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും കൂടുതല്‍ മൂലധനം നല്‍കാനും ബജറ്റ് ശ്രമിക്കുന്നത് ആശാവഹമാണ്. വിദേശനിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ചില വഴികള്‍ തുറന്നിട്ടുണ്ട്. ചില്ലറവ്യാപാരരംഗം വിദേശനിക്ഷേപത്തിനായി തുറക്കാന്‍ ശ്രമം തുടരുമെന്നു പറയുന്നുണ്ടെങ്കിലും സഖ്യകക്ഷികളുടെ എതിര്‍പ്പു മറികടക്കേണ്ടതുണ്ട്.

വളര്‍ച്ച മുരടിച്ചുനില്‍ക്കുന്ന മേഖലകളായ കൃഷി, അടിസ്ഥാന സൌകര്യങ്ങള്‍, ഖനനം, റയില്‍വേ, റോഡ്, വ്യോമയാനം, ആരോഗ്യം തുടങ്ങിയവയ്ക്കു നികുതിസൌജന്യങ്ങള്‍ പ്രഖ്യാപിച്ച ധനമന്ത്രി കാര്‍ഷികമേഖലയ്ക്കുള്ള തുക വര്‍ധിപ്പിച്ചും കാര്‍ഷിക വായ്പനിരക്ക് ഏഴു ശതമാനത്തില്‍ തുടരാന്‍ അനുവദിച്ചും സഹായഹസ്തം നീട്ടുന്നു. കാര്‍ഷികമേഖലയിലെ ചില സബ്സിഡികള്‍ ബാങ്ക് വഴി കര്‍ഷകര്‍ക്കു നേരിട്ട് എത്തിക്കാനും റേഷന്‍ വിതരണമേഖല കംപ്യൂട്ടര്‍വല്‍ക്കരിക്കാനുമുള്ള നീക്കം ചോര്‍ച്ച തടയാന്‍ സഹായകമാകുമെന്നു തീര്‍ച്ച.

പതിനാലു ശതമാനത്തില്‍ നിന്ന് എട്ടായി കുറച്ച എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം പത്താക്കിയതാണ് ഇപ്പോള്‍ പന്ത്രണ്ടായി ഉയര്‍ത്തിയിരിക്കുന്നത്. ഈ തീരുവ വര്‍ധനയുടെ ഭാരം ഉല്‍പാദകര്‍ ഉപഭോക്താക്കളുടെ തലയിലേക്കു മാറ്റുമെന്നുറപ്പ്. സേവന നികുതി 10 ശതമാനത്തില്‍ നിന്നു പന്ത്രണ്ടായി ഉയര്‍ത്തിയതും കൂടുതല്‍ മേഖലകളെ കൊണ്ടുവന്നതുമാണു നികുതിഘടനയില്‍ വന്ന മറ്റൊരു മാറ്റം. പ്രത്യക്ഷനികുതി നിയമവും ചരക്ക് - സേവന നികുതിയും (ജിഎസ്ടി) നടപ്പാക്കുന്നതു ലക്ഷ്യമിട്ടാണു സേവന നികുതിയും എക്സൈസ് നികുതിയും വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവ നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റ് മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാ ഭേദഗതി പാസാക്കണം; പകുതി നിയമസഭകളെങ്കിലും അംഗീകരിക്കുകയും വേണം. പ്രതിപക്ഷത്തിന്റെ സഹകരണം കൂടി ലഭിച്ചാലേ ഈ പരിഷ്കാരം നടപ്പാക്കാനാകൂ എന്നര്‍ഥം.

സേവന നികുതി മേഖല വിപുലമാക്കിയതും അടുത്ത സാമ്പത്തികവര്‍ഷം ചരക്ക് - സേവന നികുതി നടപ്പാക്കുന്നതും കേരളത്തിന് ഇവയിലൂടെയുള്ള കേന്ദ്രനികുതി വിഹിതം വര്‍ധിക്കാന്‍ സഹായിക്കും. സംസ്ഥാനത്തിന്റെ നികുതി സ്രോതസ്സിലെ 70% സേവനമേഖലയില്‍ നിന്നാണ്. ചരക്ക് - സേവന നികുതി നിലവില്‍വരുമ്പോള്‍, നികുതിചുമത്തല്‍ ഉല്‍പാദക സംസ്ഥാനങ്ങളില്‍ നിന്ന് ഉപഭോഗ സംസ്ഥാനങ്ങളിലേക്കു മാറും. പ്രധാനമായും ഉപഭോഗ സംസ്ഥാനമായതിനാല്‍ കേരളത്തിന് ഇതും ഗുണകരമായിത്തീരാം.

തലോടാന്‍ വേണ്ടി തല്ലുകയോ

(മാധ്യമം മുഖപ്രസംസം)

വിദേശ ബാങ്കുകളില്‍ വര്‍ഷങ്ങളായി രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുപിടിച്ച് രാജ്യത്തിന്‍െറ വികസനത്തിന് മുതല്‍ക്കൂട്ടാക്കുമെന്ന മോഹനവാഗ്ദാനമാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിന്‍െറ പ്രധാന സവിശേഷതകളിലൊന്ന്. നിര്‍ദിഷ്ട കാലയളവില്‍ സാമ്പത്തികവളര്‍ച്ച ചുരുങ്ങിയത് 7.6 ശതമാനത്തില്‍ എത്തിക്കുമെന്നും ആവേശം കൊള്ളുന്നത് കാണാം. പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ക്ക് നല്‍കിവരുന്ന സബ്സിഡി തുക ഉപഭോക്താവിന് നേരിട്ടുനല്‍കാനുള്ള നിര്‍ദേശം എളുപ്പം പ്രാവര്‍ത്തികമാക്കാവുന്നതും രചനാത്മകവുമാണ്. ഇപ്പോള്‍ സബ്സിഡി വസ്തുക്കളുടെ ഗുണഭോക്താക്കളില്‍ നല്ലൊരു പങ്ക് അനര്‍ഹരാണെന്ന് കാണാം. ഇത്തരം വസ്തുക്കള്‍ വിതരണകേന്ദ്രത്തില്‍നിന്നുതന്നെ മൊത്തമായി വന്‍കിടക്കാര്‍ക്ക് മറിച്ചുവിറ്റ് ലാഭം കൊയ്യുന്ന കിടിലന്‍ റാക്കറ്റുകള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നിര്‍ദേശം നടപ്പാക്കുന്നതോടെ ഇടത്തട്ട് ഒഴിവാകും. സര്‍ക്കാറിന് ആശ്വാസം, യഥാര്‍ഥ അവകാശികള്‍ക്ക് മെച്ചം. ആദായനികുതിയുടെ പരിധി ഉയര്‍ത്തിയതും നികുതി ഘടനയുടെ സ്ളാബ് പരിഷ്കരിച്ചതുമാണ് മറ്റൊന്ന്. നികുതിബാധകമാവുന്ന വരുമാനപരിധി 1,80,000ത്തില്‍നിന്ന് രണ്ടു ലക്ഷമാക്കിയതുവഴി സ്ഥിരവരുമാനക്കാര്‍ക്ക് പ്രത്യേകിച്ച് ശമ്പളക്കാര്‍ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടുമെന്നത് നല്ല കാര്യംതന്നെ. അതോടൊപ്പം രണ്ടു മുതല്‍ അഞ്ചുവരെ ലക്ഷം വരുമാനമുള്ളവര്‍ക്ക് 10 ശതമാനം, അഞ്ചു മുതല്‍ 10 ലക്ഷം വരെ 20 ശതമാനം, 10 ലക്ഷത്തിനുമേലെ 30 ശതമാനം എന്ന സ്ളാബ് ഘടനയും നല്‍കുന്നത് ചില്ലറ ആശ്വാസങ്ങള്‍.

കാര്‍ഷിക വായ്പ ഉയര്‍ത്തല്‍, പോഷകാഹാരക്കുറവ് നികത്തല്‍, ഗ്രാമീണ ശുദ്ധജല വിതരണം, സംയോജിത ശിശുവികസനം എന്നിവക്കെല്ലാം കാര്യമായ ഊന്നല്‍ നല്‍കിയതായി കാണാം. ഇങ്ങനെ വലുതും ചെറുതുമായ ആശ്വാസ നടപടികള്‍ നിരത്തിവെക്കുന്ന ബജറ്റ് മറുവശത്ത് അതേ അളവില്‍ പൗരന്‍െറ കഴുത്തിനു പിടിക്കുന്നുണ്ട്. സേവന നികുതി 10ല്‍നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതും നികുതിയുടെ പരിധിയിലേക്ക് കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തിയതും നിത്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന നടപടിയാണ്. ആഡംബര കാറുകള്‍ക്ക് വിലകൂടുന്നതുപോലെയല്ല വിമാനയാത്രക്ക് ചെലവേറുന്നത്. സാധാരണക്കാരുടെയും ‘പോക്കറ്റടി’ക്കുന്ന നീക്കമാണത്. ബ്രാന്‍റഡ് വെള്ളി ആഭരണങ്ങളുടെ എക്സൈസ് തീരുവ പൂര്‍ണമായും പിന്‍വലിച്ചപ്പോള്‍ ശുദ്ധീകരിച്ച സ്വര്‍ണത്തിന്‍െറ തീരുവ വര്‍ധിപ്പിച്ചിരിക്കയാണ്. ഇത് സ്വര്‍ണാഭരണങ്ങളുടെ വിലകൂടാന്‍ മാത്രമല്ല കള്ളക്കടത്തിനും വഴിവെച്ചേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഇങ്ങനെ ഒരു കൈകൊണ്ട് കൊടുക്കുകയും മറുകൈകൊണ്ട് തിരിച്ചുവാങ്ങുകയും ചെയ്യുന്ന ഞാണിന്മേല്‍കളിയാണ് ഒരുകണക്കിന് ബജറ്റ് എന്ന വ്യായാമം എന്നു പറയാമെങ്കിലും മൊത്തം കൂട്ടിക്കിഴിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതാണ് പ്രധാനം.


ദേശത്തിന്‍െറ വിശാല ഫ്രെയിമിലൂടെ നോക്കുമ്പോള്‍ ആഭ്യന്തര ഉല്‍പാദനക്ഷമതയും വളര്‍ച്ചനിരക്കും തന്നെ അടിസ്ഥാനഘടകം. അത് പുതിയ ബജറ്റ് ലക്ഷ്യമിടുന്നപോലെ അടുത്ത സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്ക് 7.6ല്‍ എത്തുമെന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ അമിത ശുഭാപ്തിയായാണ് അനുഭവപ്പെടുന്നത്. പണപ്പെരുപ്പം തൃപ്തികരമാംവിധം നിയന്ത്രിച്ചു നിര്‍ത്താനായിട്ടില്ല, സാമ്പത്തികമാന്ദ്യത്തിന്‍െറ കാര്‍മേഘങ്ങള്‍ പൂര്‍ണമായും വിട്ടകന്നിട്ടില്ല എന്നീ നിഷേധാത്മക വശങ്ങളെപ്പറ്റി കഴിഞ്ഞദിവസത്തെ സാമ്പത്തിക സര്‍വേയും ആശങ്കപ്പെടുന്നതു കാണാം. എന്നു മാത്രമല്ല ഇതിനേക്കാള്‍ വലിയ ശതമാനക്കണക്കായിരുന്നു ഇതേ ധനമന്ത്രിതന്നെ മുന്‍ വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നിട്ടെവിടെയെത്തി എന്നത് നാം കണ്ടതല്ലേ. അതുപോലെതന്നെയാണ് കള്ളപ്പണ വേട്ടയുടെ കാര്യവും. എങ്ങനെ അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. അത്രത്തോളം സങ്കീര്‍ണവും അപ്രാപ്യവുമാണ് ആ അധോലോകം. സബ്സിഡികള്‍ ഗണ്യമായി വെട്ടിക്കുറക്കുമെന്നും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വീണ്ടും ഉയര്‍ത്തുമെന്നുമൊക്കെ ജനം ആശങ്കിക്കാതെയല്ല. പക്ഷേ, ബജറ്റ് അതേക്കുറിച്ച് മൗനം പാലിച്ചുവെങ്കിലും ആശ്വാസത്തിന് ദീര്‍ഘായുസ്സുണ്ടാവില്ലെന്നാണ് മനസ്സിലാവുന്നത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള ചില ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞില്ലെന്ന് മാത്രം.

അതുതന്നെയാണ് ബജറ്റിനെക്കുറിച്ച് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞതില്‍നിന്ന് വായിച്ചെടുക്കേണ്ടതും. ഇതിനിടയിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനക്ക് ആക്കംകൂട്ടുന്ന നടപടിക്ക് ബജറ്റ് ധൈര്യം കാട്ടിയെന്നത് സര്‍ക്കാറിന്‍െറ പോക്ക് എങ്ങോട്ടാണെന്നതിന്‍െറ ചൂണ്ടുപലകയാണ്. 30,000 കോടിയുടെ വരുമാനമാണ് ഓഹരി വില്‍പനയിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സബ്സിഡിയെക്കുറിച്ചും ഓഹരി വില്‍പനയെക്കുറിച്ചും ഈ സര്‍ക്കാര്‍ തുടക്കം മുതലെ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നതാണ്. പക്ഷേ, ആശിച്ചപോലെ നടക്കാനായില്ലെന്നു മാത്രം. അതിന്‍െറ ദു$ഖം കഴിഞ്ഞ ദിവസത്തെ സാമ്പത്തിക സര്‍വേയില്‍ കാണാനുണ്ട്. ഉദാരവത്കരണ നടപടികള്‍ അതേപടി നടപ്പാക്കുന്നതില്‍ ഘടകകക്ഷികള്‍ പലപ്പോഴും വഴിമുടക്കിയാവുന്നു എന്നാണ് സര്‍വേ പരിഭവംകൊള്ളുന്നത്. രാജ്യത്തിന്‍െറ ഒരു വര്‍ഷത്തെ സാമ്പത്തിക പ്രകടനങ്ങളുടെ ആകത്തുക എന്ന നിലക്ക് സര്‍വേയുടെ നിരീക്ഷണങ്ങള്‍ പുതിയ വര്‍ഷത്തെ സ്വാധീനിക്കുക സ്വാഭാവികം. വിണ്ടുകീറിയ ഒരു സാമ്പത്തിക ചിത്രമാണ് അതിന് സമര്‍പ്പിക്കാനുണ്ടായിരുന്നത്. അതിന്‍െറ കര്‍ക്കശ നിലപാടുകള്‍ അതേപടി ബജറ്റില്‍ പ്രതിഫലിക്കാതിരുന്നത് സര്‍ക്കാര്‍ ആരെയൊക്കെയോ ഭയക്കുന്നതുകൊണ്ടും അവരെ അടക്കിനിര്‍ത്താനുള്ളതുകൊണ്ടുമാണ്. എന്നാലും മോശമല്ലാത്ത തട്ടുംമുട്ടും ഈ ബജറ്റിലും ഉണ്ടെന്ന് വ്യക്തം.

കേരളത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോക്ക് 60 കോടിയും കാര്‍ഷിക സര്‍വകലാശാലക്ക് 100 കോടിയും വകയിരുത്തിയതാണ് എടുത്തുപറയാവുന്ന വാഗ്ദാനങ്ങള്‍. ഇങ്ങനെ വാഗ്ദാനങ്ങളും പ്രതീക്ഷകളുമായി പ്രത്യക്ഷപ്പെട്ട പ്രണബിന്‍െറ പ്രകടനം ഒരുകണക്കിന് പറഞ്ഞാല്‍, പ്രജകളെ അടക്കിനിര്‍ത്തലാണ്. കിട്ടുന്നെങ്കില്‍ കിട്ടട്ടെ, ഇപ്പോഴേ വല്ലതും പിരിച്ചെടുക്കാനാവൂ എന്ന് സര്‍ക്കാറിന് നന്നായറിയാം. വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബജറ്റായിരിക്കും. അതില്‍ കാര്യമായ കടുംപിടിത്തങ്ങളൊന്നും പറ്റില്ലെന്നു മാത്രമല്ല നല്ലവണ്ണം ജനപ്രിയമായിരിക്കുകയും വേണം. ആ നിലക്ക് പ്രണബ് മുഖര്‍ജി ‘കാരുണ്യവാനായിരിക്കാന്‍വേണ്ടി ഇപ്പോള്‍ ക്രൂരനാവുന്നു’ എന്ന ഹാംലെറ്റിലെ ഉദ്ധരണിയെ കൂട്ടുപിടിച്ചത് ലോക്സഭയില്‍ ചിരിപരത്താന്‍ മാത്രമായിരിക്കില്ല. മുമ്പ് പലതവണ, കൗടില്യന്‍െറ അര്‍ഥശാസ്ത്രത്തില്‍നിന്നുള്ള ഉദ്ധരണികളുടെ അകമ്പടിയോടെ തുടങ്ങിയിരുന്ന ബജറ്റ് വായന ഇത്തവണ ഷേക്സ്പിയറിലേക്ക് മാറിയത് അര്‍ഥവത്താണ്. ഈ ഉദ്ധരണി കേട്ട അനുവാചകരില്‍ ചിലര്‍ക്കെങ്കിലും ഓര്‍മവന്നിട്ടുണ്ടാവാം അതേ ഹാംലെറ്റില്‍നിന്നുള്ള മറ്റൊരു ഉദ്ധരണി: ‘ചിരിച്ചു, ചിരിച്ച് വില്ലനാവുക.

പരിമിതികള്‍ക്കുള്ളിലെ പ്രതീക്ഷകള്‍

Posted on: 17 Mar 2012

(മാതൃഭൂമി മുഖപ്രസംഗം)

ഒട്ടേറെ പരിമിതികള്‍ക്കിടയിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി തന്റെ ഏഴാമത് ബജറ്റ് പ്രസംഗം പാര്‍ലമെന്റില്‍ നടത്തിയത്. കുറഞ്ഞ വളര്‍ച്ചനിരക്ക്, കൂടുന്ന പണപ്പെരുപ്പം, ധനക്കമ്മി എന്നീ സാമ്പത്തികപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. യു.പി.എ. സര്‍ക്കാറിന് സംസ്ഥാന തിരഞ്ഞെടുപ്പുകളിലുണ്ടായ പാളിച്ചയും രാഷ്ട്രീയമായി അദ്ദേഹത്തിന് തലവേദനയുണ്ടാക്കി യിരുന്നു. ഇതില്‍ ഏറ്റവും വലിയ പ്രശ്‌നം വളര്‍ച്ചനിരക്ക് താഴേയ്ക്ക് പോകുന്നതാണ്. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ചനിരക്ക് (8.4 ശതമാനം) ഉള്‍പ്പെടെ സാമ്പത്തികമായി അനുകൂല ഘടകങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുന്നില്‍. ഈ വര്‍ഷം ഒന്‍പത് ശതമാനമായി അത് ഉയരുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നത് അപ്പാടെ പാളി. സാമ്പത്തിക സര്‍വേ പ്രകാരം മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷം വളര്‍ച്ചനിരക്ക് 6.9 ശതമാനമായിരിക്കും. ഇത് 2012-'13 ല്‍ 7.6 ശതമാനവും 2013-'14 ല്‍ 8.6 ശതമാനവുമാകുമെന്നും സര്‍വേയില്‍ പറയുന്നു. അതായത് 2014 ആയാലും കഴിഞ്ഞ വര്‍ഷത്തെ പ്രതീക്ഷ നേടാനാവില്ല. വളര്‍ച്ചാനിരക്ക് ഉയരണമെങ്കില്‍ സമ്പാദ്യനിരക്ക് ഉയരണം. അടിസ്ഥാനസൗകര്യവികസനവും പ്രധാനമാണ്.

ഈ ബജറ്റില്‍ സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ നികുതിയിളവ് നല്‍കിയിരിക്കുന്നതിന്റെ പ്രധാനകാരണവും മറ്റൊന്നല്ല. അടിസ്ഥാനസൗകര്യവികസനത്തിന് 12-ാം പദ്ധതിയില്‍ 50 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ് മന്ത്രി പറഞ്ഞത്. ആദായനികുതിക്കുള്ള ഇളവിന്റെ പരിധി 1.8 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കിയത് ശമ്പളവരുമാനക്കാര്‍ക്ക് അല്പം ആശ്വാസമാകും. പ്രത്യക്ഷനികുതി ബോര്‍ഡ് ശുപാര്‍ശ ചെയ്ത പരിധിയായ മൂന്ന് ലക്ഷമാക്കാന്‍ കഴിയില്ലെന്ന് ഒരുവിധം ഏവര്‍ക്കും അറിയാമായിരുന്നു. ഏറ്റവും ഉയര്‍ന്ന ആദായനികുതി നിരക്കായ 30 ശതമാനം 10 ലക്ഷം രൂപയ്ക്കുമേല്‍ വരുമാനമുള്ളവര്‍ക്കാണ്, അഞ്ച് മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും. സര്‍ക്കാര്‍ മേഖലയിലും മറ്റും ശമ്പളം വര്‍ധിച്ച സാഹചര്യത്തില്‍ വാര്‍ഷികവരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ളവര്‍ ഒട്ടേറെയാണ്. അവര്‍ 20 ശതമാനം നികുതി നല്‍കേണ്ടിവരും. പക്ഷേ, ഇവിടെ ധനമന്ത്രി നിസ്സഹായനാണ്. സമ്പദ്‌വ്യവസ്ഥ ശക്തമായി നിലനില്‍ക്കണമെങ്കില്‍ അനിഷ്ടകരമായ പലതും ധനമന്ത്രിക്ക് ചെയ്യേണ്ടിവരും. ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.6 ശതമാനം എന്ന ധനമന്ത്രിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് വീണ്ടും ഉയരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് 5.6 ശതമാനമാവുമെന്നാണ് കണക്കുകൂട്ടല്‍. പണപ്പെരുപ്പം മാര്‍ച്ച് അവസാനത്തോടെ 6.5-7 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. സര്‍ക്കാര്‍ ചെലവ് ചുരുക്കിയില്ലെങ്കില്‍ ഇത് ഇനിയും കൂടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ഇത്തരം സാഹചര്യങ്ങളില്‍ കര്‍ക്കശ നടപടികളാണ് പതിവെങ്കിലും ധനമന്ത്രി ഇത്തവണ അത്ര ശക്തമായ നടപടിയൊന്നും എടുത്തിട്ടില്ല.

കോര്‍പ്പറേറ്റ് നികുതിഘടനയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന, പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച കാറുകളുടെ കസ്റ്റംസ് തീരുവ കൂട്ടി പൊതുഖജനാവിലേക്ക് വരവുണ്ടാക്കാന്‍ ധനമന്ത്രി തീരുമാനിച്ചത് സാധാരണക്കാരെ ബാധിക്കില്ല. 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്കാണ് വില കൂടുക. സര്‍വീസ് നികുതി കൂട്ടിയപ്പോള്‍ത്തന്നെ വിദ്യാഭ്യാസമുള്‍പ്പെടെ 17 ഇനങ്ങളെ അതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് ഒരു ശതമാനം പലിശയിളവ് അനുവദിച്ചതും സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ്. കേരളത്തില്‍ വെറ്ററിനറി സര്‍വകലാശാലയ്ക്കാണ് കഴിഞ്ഞ ബജറ്റില്‍ 100 കോടി നല്‍കിയതെങ്കില്‍ ഇത്തവണ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കാണ് അത്രയും തുക ലഭിച്ചത്. കൊച്ചി മെട്രോ പദ്ധതിക്ക് 60 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. 1991-ല്‍ തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണ പ്രക്രിയ തുടര്‍ന്നുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എങ്കിലും പൂര്‍ണമായും ഉദാരീകരണത്തിനൊപ്പം നില്‍ക്കാതെ സന്തുലനം നിലനിര്‍ത്താന്‍ പ്രണബ് മുഖര്‍ജി ശ്രദ്ധിച്ചുവരുന്നുണ്ട്. അതാണ് ഈ ബജറ്റിലും കാണുന്നത്. 12-ാം പദ്ധതി(2012-'17)യുടെ ആദ്യവര്‍ഷമെന്ന നിലയില്‍ ഈ വര്‍ഷത്തെ ബജറ്റിന് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പദ്‌വ്യവസ്ഥ ഈ ഘട്ടത്തില്‍ ശക്തമാക്കേണ്ടത് അനിവാര്യമാണ്. തീര്‍ത്തും മോശമായ സാമ്പത്തിക പശ്ചാത്തലത്തില്‍ തയ്യാറാക്കിയത് എന്നുകൂടി കണക്കിലെടുത്തുവേണം ബജറ്റിനെ വിലയിരുത്താന്‍.

ചികിത്സ തുടങ്ങുമ്പോള്‍ അറിയാം

(കേരള കൌമിദി മുഖപ്രസംഗം, 2012 മാർച്ച് 17: )

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് ലോകത്തെ നാലാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ഉയരാന്‍ കഴിഞ്ഞുവെന്ന അവകാശവാദത്തിന് നടുവിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി തന്റെ ഏഴാമത്തെ കേന്ദ്ര പൊതുബഡ്ജറ്റ് അവതരിപ്പിച്ചത്. ധനക്കമ്മിയും പണപ്പെരുപ്പവും രാജ്യത്തെ ഏത് ധനമന്ത്രിയും നേരിടുന്ന വെല്ലുവിളിയാണ്. ധനക്കമ്മി കുറയ്ക്കാനെന്നപേരില്‍ കൊണ്ടുവരുന്ന എല്ലാ പരിഷ്കരണ നടപടികളും ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കഴുത്തില്‍ കൂടുതല്‍ പിടിമുറുക്കുന്നതല്ലാതെ യഥാര്‍ത്ഥ പ്രശ്നപരിഹാരത്തിന് ഉതകാറില്ല. വിലക്കറ്റത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഇപ്പോഴത്തെ നിലയ്ക്ക് അടുത്ത കാലത്തൊന്നും മോചനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കേണ്ട. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഏഴാം ബഡ്ജറ്റ് ഒറ്റനോട്ടത്തില്‍ നിരുപദ്രവമെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും പല രൂപത്തിലും ഭാവത്തിലും അതിനുള്ളില്‍ വിലക്കയറ്റവും പണപ്പെരുപ്പവും പുതിയ തലങ്ങളിലെത്തിക്കാന്‍ പാകത്തില്‍ നിരവധി ഒളിയമ്പുകള്‍ പതിയിരുപ്പുണ്ട്. അതില്‍ ഏറ്റവും പ്രധാനം സബ്സിഡികള്‍ സംബന്ധിച്ച പുതിയ കാഴ്ചപ്പാടും അവ പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനവുമാണ്.

അമേരിക്ക, ജപ്പാന്‍, ചൈന എന്നീ സാമ്പത്തിക വന്‍ ശക്തികള്‍ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ നിലയെങ്കിലും ആഗോളപ്രതിസന്ധിയും ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധിയും രാജ്യത്തിന്റെ മൊത്തത്തിലുള്ള ആഭ്യന്തര ഉത്പാദന വര്‍ദ്ധനയെ ബാധിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. എട്ട് ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടിരുന്നത് 6.9 ശതമാനമായി കുറഞ്ഞുവെങ്കിലും അടുത്ത സാമ്പത്തികവര്‍ഷം അത് 7.6 ശതമാനമായി ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണദ്ദേഹം. സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഉണര്‍വ്വാണ് ഇങ്ങനെയൊരു ശുഭാപ്തിവിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. പുതിയ ബഡ്ജറ്റ് വളരെ കരുതലോടെ രൂപപ്പെടുത്തിയിട്ടുള്ളതും ഈ ലക്ഷ്യപ്രാപ്തി മുന്നില്‍ കണ്ടുകൊണ്ടാണ്.

പതിവുപോലെ ഗ്രാമീണ-കൃഷി മേഖലകളുടെ വന്‍തോതിലുള്ള വളര്‍ച്ചയാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. 5,75,000 കോടിരൂപയുടെ കാര്‍ഷിക വായ്പ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമീണ ബാങ്കുകള്‍ക്ക് നബാര്‍ഡ് വഴി 10000 കോടിരൂപയുടെ ധനസഹായം നല്‍കുന്നുണ്ട്. ഇതും കൃഷിക്കാരില്‍ത്തന്നെയാവും ചെന്നെത്തുക. ഏഴ് ശതമാനം പലിശനിരക്കിലുള്ള കാര്‍ഷിക വായ്പ ഈ വര്‍ഷവും തുടരും. തിരിച്ചടവ് കൃത്യമായി പാലിക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന മൂന്ന് ശതമാനം പലിശയിളവ് തുടരും. യൂറിയ ഉത്പാദനത്തില്‍ അഞ്ചുവര്‍ഷത്തിനകം സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്നുണ്ട്. അതേസമയം ഇന്ധനത്തിനും രാസവളങ്ങള്‍ക്കുമുള്ള സബ്സിഡികള്‍ സര്‍ക്കാരിന് അമിതഭാരമാണ് സൃഷ്ടിക്കുന്നതെന്ന വിലയിരുത്തലും അത് വെട്ടിക്കുറയ്ക്കുമെന്ന സൂചനയും കാര്‍ഷിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകില്ലേ എന്ന് സംശയിക്കണം. സബ്സിഡി സ്മാര്‍ട്ട് കാര്‍ഡ് വഴി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കാനുള്ള തീരുമാനം നടപ്പാകുമ്പോള്‍ നിരക്ഷരരായ-കര്‍ഷകരില്‍ നല്ലൊരു വിഭാഗത്തിന് അതിന്റെ ഗുണഫലം കിട്ടാതെ പോകുന്ന സ്ഥിതിവരുത്തരുത്.

അമേരിക്കന്‍ പക്ഷപാതികളായ ആസൂത്രണ-സാമ്പത്തിക വിദഗ്ദ്ധരുടെ സ്വാധീനം പ്രണബിന്റെ ബഡ്ജറ്റില്‍ വളരെ പ്രകടമാണ്. വ്യോമയാന മേഖലയിലും ഭവന നിര്‍മ്മാണ മേഖലയിലും വാണിജ്യമേഖലയിലും വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുമെന്ന പ്രഖ്യാപനം ഈ വഴിക്കുള്ളതാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ 30000 കോടിരൂപയുടെ ഓഹരി വില്പനയാണ് ഈ വര്‍ഷം ലക്ഷ്യം വച്ചിരിക്കുന്നത്. ഓഹരിവിപണി നിക്ഷേപങ്ങള്‍ക്കും ചില്ലറ വില്പന മേഖലയിലെ നിക്ഷേപങ്ങള്‍ക്കും നികുതിയിളവ് ലഭിക്കും. ഇടപാടുകാരെ ഞെക്കിപ്പിഴിഞ്ഞ് ഭീമമായ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ ബാങ്കുകളെ സഹായിക്കാനും വന്‍തുക ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ചിറകൊടിഞ്ഞുകിടക്കുന്ന സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാന്‍ 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്നതിന് പുറമേ യഥേഷ്ടം വിമാന ഇന്ധനവും ടയറുകളും അവയ്ക്ക് ഇറക്കുമതി ചെയ്യാം. വിദേശത്തുനിന്ന് വായ്പ എടുക്കാനും അവയെ അനുവദിക്കും.

അടിസ്ഥാന സൌകര്യമേഖലയുടെ വന്‍ വികസനമാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. ഇതിനായി പന്ത്രണ്ടാം പദ്ധതിയില്‍ 50 ലക്ഷം കോടി രൂപയുടെ മുതല്‍ മുടക്കാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ പകുതിയും സ്വകാര്യമേഖലയില്‍ നിന്ന് വരേണ്ടതാണ്. പൊതു-സ്വകാര്യ പങ്കാളിത്തം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. ഈവര്‍ഷം അടിസ്ഥാന സൌകര്യമേഖലയ്ക്കായി 60000 കോടിരൂപയുടെ കടപ്പത്രമാണ് കേന്ദ്രം ഇറക്കാന്‍ പോകുന്നത്. ദേശീയ പാത വികസന പദ്ധതിയില്‍പ്പെടുത്തി ഈവര്‍ഷം 8800 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. ഇരുപതിനായിരത്തിലധികം കോടിരൂപ ഇതിനായി വക കൊള്ളിച്ചിട്ടുണ്ട്. ഗ്രാമീണ ആരോഗ്യപദ്ധതി, സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം, ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ എന്നിവയ്ക്കെല്ലാം കൂടുതല്‍ വിഹിതം നീക്കിവച്ചിട്ടുണ്ട്. പ്രതിരോധ ബഡ്ജറ്റ് രണ്ടുലക്ഷംകോടി രൂപയ്ക്കടുത്തെത്തിയതാണ് മറ്റൊരു സവിശേഷത. 15 ലക്ഷംവരെയുള്ള ഭവനവായ്പകള്‍ക്കുള്ള പലിശയില്‍ ഒരു ശതമാനം ഇളവ് ഈവര്‍ഷവും തുടരുന്നത് വളരെയധികം പേര്‍ക്ക് ആശ്വാസമാകും. എന്നാല്‍ ആദായനികുതി നിരക്കുകളില്‍ പ്രതീക്ഷിച്ച ഇളവൊന്നും ഉണ്ടായിട്ടുമില്ല. ആദായ നികുതി നല്‍കാനുള്ള ഇളവുപരിധി ഇപ്പോഴത്തെ 1.80 ലക്ഷം രൂപയില്‍നിന്ന് രണ്ടുലക്ഷം രൂപയായി ഉയര്‍ത്താനേ ധനമന്ത്രി തയ്യാറായുള്ളൂ. മൂന്നുലക്ഷമായെങ്കിലും ഉയര്‍ത്തണമെന്നായിരുന്നു പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ. കമ്പനി നികുതി നിരക്കുകളില്‍ മാറ്റമില്ലെങ്കിലും സേവന നികുതിയും എക്സൈസ് നികുതിയും പത്തുശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഇരുപതിനായിരത്തിലധികം കോടിരൂപയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സേവനനികുതി പുതിയ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചിട്ടുമുണ്ട്.

സബ്സിഡികള്‍ക്കുവേണ്ടി ചെലവിടുന്ന തുക മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനത്തിലധികമാകാന്‍ അനുവദിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വരാന്‍പോകുന്ന ആപത്തിനെക്കുറിച്ചുള്ള സൂചനതന്നെയാണ്. പെട്രോളിയം ഉത്പന്നങ്ങളും രാസവളങ്ങളുമായിരിക്കും ഇതിന് ആദ്യം ഇരയാകാന്‍ പോകുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില സംബന്ധിച്ച് എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കള്ളക്കളി കൂടുതല്‍ ശക്തമാകാന്‍ പോവുകയാണ്. യഥാര്‍ത്ഥത്തില്‍ ഈടാക്കാവുന്ന വിലയിലും എത്രയോ അധികമാണ് പെട്രോളിനും ഡീസലിനും മറ്റും ഇപ്പോള്‍ ഈടാക്കുന്നത്. ഇനിയും വിലകൂട്ടുമെന്നുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്.
സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവരാനുദ്ദേശിച്ച അതിപ്രധാനമായ നിരവധി ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. ഘടകകക്ഷികളില്‍ ചിലതിന്റെ എതിര്‍പ്പുമൂലമാണ് അവ പരിഗണനയിലെടുക്കാത്തത്. ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബില്ലുകളും കൂട്ടത്തിലുണ്ട്.

സമ്പദ് വ്യവസ്ഥ രോഗാതുരമാണെന്നും ചികിത്സ ആവശ്യമാണെന്നുമാണ് ധനമന്ത്രി പറഞ്ഞത്. വേദനയുളവാക്കുന്ന ചികിത്സ തന്നെയാകും വേണ്ടിവരുന്നതെന്ന സൂചനയിലൂടെ ബഡ്ജറ്റില്‍ തുറന്നുപറയാത്ത അപ്രിയമായ പലതും ഭാവിയില്‍ പ്രതീക്ഷിക്കാമെന്നുതന്നെ കരുതണം. പെട്രോളിയം വില വര്‍ദ്ധനയില്‍നിന്നുതന്നെയായിരിക്കും അതിന്റെ തുടക്കം. ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ പൊതുവേ വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ളതല്ലെങ്കിലും അതിന്റെ സദ്ഫലങ്ങളെല്ലാം കെടുത്തുന്ന തരത്തിലായിരിക്കും അതുണ്ടാകാന്‍ പോകുന്നത്.

ദുരിതം 100%

(വി ജയിന്‍, ദേശാഭിമാനി)

ന്യൂഡല്‍ഹി: സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ച് ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന പൊതുബജറ്റ് കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതെ വന്‍കിടക്കാരെ സംരക്ഷിക്കുന്നു. വിലക്കയറ്റം രൂക്ഷമാക്കുന്ന വിധത്തില്‍ പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചു. നികുതിവര്‍ധനയിലൂടെ 45,940 കോടി രൂപയുടെ അധികബാധ്യതയാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

സമ്പന്നര്‍ക്ക് നല്‍കിയ 5,29,432 കോടിയുടെ നികുതിയിളവ് തുടരും. ആദായനികുതി പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററിസമിതിയുടെ നിര്‍ദേശം അംഗീകരിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 30,000 കോടി രൂപകൂടി സമാഹരിക്കുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കി. ഭൂരിഭാഗം സേവനങ്ങള്‍ക്കും നികുതി പത്ത് ശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു. അഞ്ചു കാര്യങ്ങള്‍ ലക്ഷ്യമിടുന്നതാണ് ബജറ്റെന്ന് ധനമന്ത്രി അവകാശപ്പെട്ടു. വളര്‍ച്ച തിരിച്ചുപിടിക്കല്‍ , സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കല്‍ , വിതരണസംവിധാനത്തിലെ തടസ്സം നീക്കല്‍ , പോഷകാഹാരക്കുറവ് പരിഹരിക്കല്‍ , കള്ളപ്പണവും അഴിമതിയും തടയുന്നതടക്കമുള്ള മെച്ചപ്പെട്ട ഭരണം എന്നിവയാണ് ലക്ഷ്യങ്ങള്‍ .

സബ്സിഡിയില്ലാതെ പൊതുവിപണിയിലെ വിലയ്ക്ക് പാചകവാതകം വാങ്ങണം. സബ്സിഡി തുക പിന്നീട് തെരഞ്ഞെടുക്കുന്ന ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കും. മൈസൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കും. മണ്ണെണ്ണ സബ്സിഡി ഈ മാതൃകയില്‍ നല്‍കുന്ന പദ്ധതി രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പരീക്ഷിക്കുന്നു. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നു പറയുന്ന ബജറ്റില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് സഹായകമായ പദ്ധതികളൊന്നുമില്ല. കാര്‍ഷികവായ്പ 5.75 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിക്കുന്നു. ഓഹരിവിപണിയിലേക്ക് പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പ്രോത്സാഹനം നല്‍കുകയാണ്. ചെറുകിടനിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്ന 50,000 രൂപയുടെ നിക്ഷേപത്തിന് ആദായനികുതിയിളവ് നല്‍കും. ബജറ്റ് എസ്റ്റിമേറ്റ് 14,90,925 കോടി രൂപയുടേതാണ്. 5,21,025 കോടി രൂപയാണ് പദ്ധതിച്ചെലവ്. 9,69,900 കോടി രൂപ പദ്ധതിയിതരചെലവാണ്. ആകെ 10,77,612 കോടി നികുതിവരുമാനവും 1,64,614 കോടി നികുതിയിതര വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. ധനകമ്മി 5,13,590 കോടിയാകുമെന്നാണ് കണക്ക്.

ബജറ്റ്: സംസ്ഥാനത്തെ പൂര്‍ണമായി അവഗണിച്ചു- സിപിഐ എം

Posted on: 17-Mar-2012 12:23 AM

തിരു: കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിനായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ബജറ്റിനുമുമ്പുതന്നെ ബംഗാളും ബീഹാറും പ്രത്യേക പാക്കേജ് നേടിയെടുത്തു. അതിന് ബജറ്റില്‍ പണം നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ , കേരളത്തിന് ഇത്തരത്തിലുള്ള ഒരാനുകൂല്യവും ലഭിച്ചില്ല. കേരളവുമായി ബന്ധപ്പെട്ട് ബജറ്റില്‍ ആകെ വന്നത് കാര്‍ഷിക സര്‍വകലാശാലയെക്കുറിച്ചും മെട്രോയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളാണ്. കര്‍ഷക ആത്മഹത്യ അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ പരിഗണിക്കാനോ പുതിയ പദ്ധതികള്‍ നടപ്പാക്കാനോ നിര്‍ദേശമില്ല.

കേന്ദ്ര നികുതികളില്‍നിന്നുള്ള കേരളത്തിന്റെ വിഹിതത്തില്‍ വര്‍ധനയുമില്ല. കേരളത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ നിലനിര്‍ത്താനോ, പുതിയതേതെങ്കിലും തുടങ്ങാനോ നിര്‍ദേശമില്ല. കര്‍ഷക ആത്മഹത്യ മുതല്‍ എന്‍ഡോസള്‍ഫാന്‍വരെയുള്ള പ്രശ്നങ്ങളില്‍ പ്രത്യേക പാക്കേജും കുട്ടനാടുമുതല്‍ മലയോര വികസനംവരെയുള്ള കാര്യങ്ങളില്‍ പരിഗണനയും ലഭിക്കേണ്ടിയിരുന്നു. റിഫൈനറിമുതല്‍ തുറമുഖംവരെയുള്ളവയുടെ വികസനത്തിനും ബജറ്റില്‍ പണം നീക്കിവച്ചിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മകമായ ഒരു നിര്‍ദേശവും ബജറ്റ് മുന്നോട്ടുവച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിന് മറുപടിപറയണം.

എല്‍ഡിഎഫ് കേരളം ഭരിക്കുന്ന ഘട്ടത്തില്‍ ബജറ്റില്‍ അവഗണന ഉണ്ടായപ്പോള്‍ കൃത്യമായ ഗൃഹപാഠം നടത്തി നിര്‍ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് എന്നായിരുന്നു യുഡിഎഫിന്റെ വാദം. ഈ വാദം അന്ന് ഉന്നയിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്. കോര്‍പറേറ്റ് മേഖലയ്ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുനല്‍കിയ കേന്ദ്രം പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന നയം മുന്നോട്ടുവച്ചിരിക്കുകയാണ്. പൊതുമേഖലാ ഓഹരി വിറ്റ് 30,000 കോടി രൂപ ശേഖരിക്കും. സേവന നികുതി മേഖല വ്യാപിപ്പിച്ച് ജനങ്ങളെ പല തലങ്ങളിലായി കൂടുതല്‍ കൊള്ളയടിക്കാനാണ് ശ്രമം. 17 ഇനങ്ങള്‍ ഒഴികെ എല്ലാ സേവനരംഗങ്ങളെയും സേവനനികുതി വര്‍ധനയുടെ മേഖലയില്‍പ്പെടുത്തി. റെയില്‍വേ ബജറ്റിലൂടെ കേരളത്തെ ക്രൂരമായി അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ബജറ്റിലും അതേ നിലപാട് ആവര്‍ത്തിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.


ജനവിരുദ്ധബജറ്റ് ഇടതുപക്ഷം

Posted on: 16-Mar-2012 04:09 PM

ന്യൂഡല്‍ഹി: അങ്ങേയറ്റം ജനവിരുദ്ധബജറ്റാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചു. സാധാരണക്കാരനുമേല്‍ ഇരട്ടപ്രഹരമേല്‍പ്പിക്കുന്ന ബജറ്റാണിത്. സേവനനികുതി വര്‍ധിപ്പിച്ചത് പൊതുവായ വിലക്കയറ്റം വര്‍ധിപ്പിക്കുകയേ ഉള്ളൂ. സബ്സിഡികുറച്ചത് ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കും. പെട്രോളിയം,വളം എന്നിവയുടെ വില കൂട്ടും. കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കി. 6 ലക്ഷം കോടിയുടെ നികുതിവരുമാനം ഉപേക്ഷിച്ചത് കോര്‍പറേറ്റുകളെ സഹായിക്കാനാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ബജറ്റാണിതെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. കാര്യക്ഷമതയില്ലാത്ത ഇത്തരമൊരു ബജറ്റിന് ധനമന്ത്രിയുടെ ആവശ്യമില്ല. സാധാരണക്കാര്‍ക്കുള്ള ബജറ്റല്ലെന്ന് ഡി രാജ പറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്