വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, January 3, 2012

യുവാക്കള്‍ കാണുന്ന കേരളസ്വപ്നം

യുവാക്കള്‍ കാണുന്ന കേരളസ്വപ്നം

മലയാ‍ള മനോരമ മുഖപ്രസംഗം, ജനുവരി 2 , 2012


''സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ ആദ്യം നിങ്ങള്‍ സ്വപ്നം കാണൂ എന്നാണു നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്ത്യയിലെ യുവാക്കള്‍ക്കു നല്‍കിയ ഉപദേശം. രാജ്യത്തിന്റെ നാനാഭാഗങ്ങളിലെ യാത്രകളില്‍ ചെറുപ്പക്കാരുമായി ഉള്ളുതുറന്നു സംവദിക്കുകയും അവരുടെ ചിന്തകളുടെ സര്‍ഗാത്മകതയില്‍ അദ്ഭുതം കൂറുകയും ചെയ്ത ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹം തന്റെ പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്.

ഇന്ത്യയുടെ ഭാവി നമ്മുടെ യുവതലമുറയുടെ കൈകളില്‍ സുരക്ഷിതവും സുശോഭനവുമായിരിക്കുമെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. ഈ വിശ്വാസത്തിനു ബലം നല്‍കാന്‍ അദ്ദേഹം കൂടുതല്‍ കൂടുതല്‍ സ്വപ്നങ്ങള്‍ കാണാന്‍ അവരെ ആഹ്വാനം ചെയ്യുന്നു.

എന്താണ് കേരളത്തിലെ യുവാക്കളുടെ സപ്നങ്ങള്‍ ? അല്ലെങ്കില്‍ സ്വന്തം സംസ്ഥാനത്തെപ്പറ്റി അവര്‍ക്കു സ്വപ്നങ്ങളുണ്ടോ ? 2012ലെ കേരളം എങ്ങനെയാവണമെന്നു മലയാള മനോരമ ചോദിച്ചപ്പോള്‍ അവര്‍ മനസ്സുതുറന്നതു വൈവിധ്യമാര്‍ന്ന സ്വപ്നങ്ങളുടെ അനേകം മഴവില്ലുകള്‍ വിരിയിച്ചുകൊണ്ടാണ്. ആയിരക്കണക്കിനു പ്രതികരണങ്ങളാണുണ്ടായത്.

അവയില്‍നിന്നു തിരഞ്ഞെടുത്ത ഏറ്റവും ശ്രദ്ധേയമായ ചിലതാണ് ഇന്നലെ 'ഞായറാഴ്ചയില്‍ വായനക്കാരുടെ മുന്‍പില്‍ മനോരമ അവതരിപ്പിച്ചത്. ജനിച്ചുവളര്‍ന്ന നാടിന്റെ ഇന്നത്തെ അവസ്ഥയില്‍ യുവതലമുറ സംതൃപ്തരല്ലെന്നും ഭാവിയെ സംബന്ധിച്ച് അവര്‍ക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ അവര്‍ നിരാശരല്ലെന്നും ഇവ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതുമയേറിയ ഒട്ടേറെ നിര്‍ദേശങ്ങളും അവരുടെ പ്രതികരണങ്ങളിലുണ്ട്.

നമ്മുടെ ചെറുപ്പക്കാര്‍ക്കു പൊതുകാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും അവര്‍ സദാ കളിചിരിതമാശകളില്‍ മുഴുകിയും നിസ്സാരകാര്യങ്ങളില്‍ അഭിരമിച്ചും കഴിയുകയാണെന്നുമുള്ള പൊതുസങ്കല്‍പ്പത്തെ ഈ പ്രതികരണങ്ങള്‍ അടിമുടി നിരാകരിക്കുന്നു. പഴയ തലമുറ തക്കസമയത്ത് ഇടപെടാതിരുന്നതു കാരണം കേരളീയ സമൂഹഗാത്രത്തില്‍ പറ്റിപ്പിടിച്ചുപോയ ജീര്‍ണതകളിലേക്കു ടോര്‍ച്ചടിക്കുന്നവയാണു ചില പ്രതികരണങ്ങള്‍.

ഒരുവശത്തു തൊഴിലില്ലായ്മയാണെങ്കില്‍ മറുവശത്തു ജോലിക്കു പറ്റിയ ആളുകളെ കിട്ടുന്നില്ലെന്ന അവസ്ഥ; ഹര്‍ത്താലും പണിമുടക്കും; രോഗത്തിന്റെ വേദനകളെക്കാള്‍ ഭീകരമായ ചൂഷണം നടമാടുന്ന ചികില്‍സാരംഗം; കുടിവെള്ളക്ഷാമം; ആരോഗ്യത്തിനു ഭീഷണിയാകുന്ന പരിസര മലിനീകരണം; ട്രാഫിക് നിയമലംഘനങ്ങളും അതുമൂലമുണ്ടാകുന്ന റോഡപകടങ്ങളും; മദ്യാസക്തി; ആഡംബരഭ്രമം; വിവാഹത്തിലും വീടുനിര്‍മാണത്തിലും പ്രകടമാകുന്ന ധൂര്‍ത്ത്; വര്‍ധിച്ചുവരുന്ന സ്ത്രീപീഡനം - ഇവയൊന്നും തന്നെ നമ്മുടെ യുവാക്കളുടെ ശ്രദ്ധയ്ക്കും ചിന്തയ്ക്കും അതീതമാകുന്നില്ല.

തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ചെറുതും വലുതുമായ തരിശുഭൂമികളില്‍ അവരവരാല്‍ കഴിയുന്ന ചെറുകൃഷികളെങ്കിലും ചെയ്ത്, കേരളത്തിനു വെളിയില്‍നിന്നു വരുന്ന വിഷലിപ്തമായ ഭക്ഷണം, പഴം-പച്ചക്കറികള്‍ എന്നിവ ആവുന്നത്ര ഒഴിവാക്കേണ്ടതല്ലേ ? അങ്ങനെയുള്ള കൊച്ചുകേരളത്തിലെ ചന്ദനമരത്തില്‍ ചാരിനിന്നു നമുക്കാശ്വസിക്കാന്‍ കഴിഞ്ഞെങ്കില്‍ ? ഒരു പെണ്‍കുട്ടി ഇങ്ങനെ സ്വപ്നം കാണുന്നു.

ആന്ധ്രയില്‍ നിന്ന് അരി, തമിഴ്നാട്ടില്‍ നിന്നു പച്ചക്കറി, മഹാരാഷ്ട്രയില്‍ നിന്നു പഞ്ചസാര, കേരളത്തിനു സ്വന്തമായുള്ളതാവട്ടെ വെള്ളം, ആ വെള്ളത്തിനും നമ്മുടെ നാട്ടില്‍ അടിപിടി - മറ്റൊരു പെണ്‍കുട്ടി പരിതപിക്കുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും കുട്ടി വിശദീകരിക്കുന്നുണ്ട്.

സര്‍ക്കാര്‍ ഒരു രൂപയ്ക്ക് അരി നല്‍കിയാലും അതു വേവിച്ചുവയ്ക്കുമ്പോള്‍ ചവിട്ടിയെറിയുന്ന മദ്യപന്‍ വീട്ടിലുണ്ടെങ്കില്‍ അരികൊണ്ട് എന്തു പ്രയോജനം എന്നു വേറൊരു കുട്ടി ചോദിക്കുമ്പോള്‍ അതിലടങ്ങിയ വിമര്‍ശനം ചെന്നുകൊള്ളുന്നതു മദ്യവിപത്തിനെ ചെറുക്കുന്നതില്‍ മുന്‍തലമുറകള്‍ക്കുണ്ടായ പരാജയത്തിന്റെ മര്‍മത്തിലാണ്.

ഗതാഗതപ്രശ്നത്തിനുള്ള ഒരു പരിഹാര നിര്‍ദേശം ഇങ്ങനെ: ആറുലക്ഷം രൂപയിലധികം വിലവരുന്ന വാഹനങ്ങള്‍ക്കു 10% നികുതി ചുമത്തുക, ഈ തുക റോഡ് ഫണ്ടില്‍ നിക്ഷേപിക്കുക, മാസത്തില്‍ ഒരുദിവസം പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ദിനം ആക്കുക, ആദിവസം റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളില്‍ നിന്നു 100 രൂപ വീതം ഈടാക്കുക.

ഏതു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണം വലിയൊരളവുവരെ ആ സമൂഹത്തിലെ യുവതലമുറയുടെ സര്‍ഗാത്മക ചിന്തകളെ ആശ്രയിച്ചിരിക്കുന്നു. അതിനവര്‍ ഭാവിയെക്കുറിച്ചു ധാരാളം സ്വപ്നങ്ങള്‍ കാണേണ്ടിയിരിക്കുന്നു. സ്വപ്നങ്ങളാണ് ആശയങ്ങളായി മാറുന്നത്.

ആശയങ്ങള്‍ കര്‍മങ്ങള്‍ക്കു വഴിയൊരുക്കുന്നു. പ്രശ്നങ്ങള്‍ക്കും പരാധീനതകള്‍ക്കും പരിഹാരം കാണാന്‍ മാത്രമല്ല, ആധുനിക ശാസ്ത്രസാങ്കേതികവിദ്യകള്‍ നല്‍കുന്ന സൌകര്യങ്ങളുടെ സഹായത്തോടെ സമൂഹത്തിന്റെ, അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ ഭാവി ശോഭനമാക്കാനുമുള്ള പരിപാടികള്‍ക്കു തുടക്കം കുറിക്കാനും ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ക്കു കഴിയും. പുതുവര്‍ഷം തുടങ്ങുമ്പോള്‍, യുവത്വത്തിന്റെ ഈ കനവുകള്‍ക്കുകൂടി നമുക്കു കാതോര്‍ക്കാം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്