വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, November 26, 2011

ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

പിണറായി വിജയന്‍

ദേശാഭിമാനി, 2011, നവംബർ 26

കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവില്‍പ്പന രംഗത്ത് 51 ശതമാനം വിദേശനിക്ഷേപവും സിംഗിള്‍ ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയിലെ 51 ശതമാനമുള്ള പ്രത്യക്ഷ വിദേശനിക്ഷേപം 100 ശതമാനമായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുടക്കത്തില്‍ 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാകും വിദേശകുത്തകകള്‍ക്ക് ഇത്തരത്തിലുള്ള പ്രവേശനമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്രാജ്യത്വത്തോട്് അടിമ മനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന കാര്യം ശരിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി ജനങ്ങളുടെ താല്‍പ്പര്യം ബലികഴിക്കുകയെന്ന ആഗോളവല്‍ക്കരണനയത്തിന്റെ മറ്റൊരു മുഖമാണ് ഈ തീരുമാനത്തിലൂടെ പുറത്തുവന്നത്. ഈ നയങ്ങള്‍ ലോകത്ത് അടിച്ചേല്‍പ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത് അമേരിക്കയാണ്. എന്നാല്‍ , അമേരിക്കയില്‍തന്നെ ഒരു ശതമാനത്തിനുവേണ്ടിയാണ് ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നതെന്ന് പ്രഖ്യാപിച്ച്; 99 ശതമാനത്തിന്റെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വാള്‍സ്ട്രീറ്റ് കൈയടക്കല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലമാണിത്. ആ പ്രക്ഷോഭം ലോകത്താകമാനം വ്യാപിക്കുന്നു. ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ലെങ്കിലും അനിഷേധ്യമായ വസ്തുതയാണ്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് കടന്നുവരാന്‍ പോകുന്ന പ്രമുഖ സ്ഥാപനം അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടാണ്. അമേരിക്കയിലെതന്നെ ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ പല നഗരങ്ങളിലും ഇവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. വാള്‍മാര്‍ട്ടിനും ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അമേരിക്കയിലുണ്ട്. 'അസോസിയേഷന്‍ ഓഫ് കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ഫോര്‍ റിഫോം നൗ' എന്നാണ് അതിന്റെ പേര്. അമേരിക്കയിലെ മൂന്നുലക്ഷം കുടുംബങ്ങള്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. അവിടെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് നേരിടുന്ന സ്ഥാപനമാണ് വാള്‍മാര്‍ട്ട്. ഇവരുടെ പ്രവര്‍ത്തനംമൂലം 18 ലക്ഷത്തിലധികം പേര്‍ക്കാണ് അവിടെ തൊഴിലില്ലാതായത്. യൂറോപ്പിലെ ഏറ്റവും വലിയ ചില്ലറവിപണന ഗ്രൂപ്പായ 'കെയര്‍ഫോര്‍' ബ്രിട്ടീഷ് ചില്ലറ ഭീമന്‍ 'ടെസ്കോ', ജര്‍മന്‍ കമ്പനി 'മെട്രോ' തുടങ്ങിയ നിരവധി വിദേശകുത്തക കമ്പനികളും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ എതിര്‍പ്പ് വിവിധ പ്രദേശങ്ങളില്‍ നേരിട്ടവരാണ്. ഈ കുത്തകകളെ അടിയന്തരമായി ഇന്ത്യന്‍മണ്ണില്‍ കൊണ്ടുവരുന്നതിനുപിന്നില്‍ ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കുക എന്ന ലക്ഷ്യംകൂടിയുണ്ട്. ആഗോള സാമ്പത്തികപ്രതിസന്ധി കാരണം വടക്കെ അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളില്‍ ചില്ലറവ്യാപാര രംഗത്ത് 30 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ ഉപഭോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. അവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ചെലവഴിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. 2006ല്‍ സംഘടിത ചെറുകിടമേഖലയില്‍ ഇന്ത്യയില്‍ നടന്നത് 640 കോടി ഡോളറിന്റെ വ്യാപാരമാണ്. 2011ല്‍ അത് 2300 കോടി ഡോളറായി ഉയരാന്‍ പോവുകയാണ്. ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയാണ് ബഹുരാഷ്ട്രകുത്തകകളുടെ കൈയില്‍ അമരാന്‍ പോകുന്നത്. രാജ്യത്ത് ഇത്തരം കുത്തകകള്‍ കടന്നുവരുന്നതോടെ നമ്മുടെ ചില്ലറവിപണന മേഖല തകരും. വിദേശനിക്ഷേപം ഈ മേഖലയില്‍ വന്നാല്‍ എട്ടുലക്ഷംപേര്‍ക്ക് പുതുതായി തൊഴില്‍ ലഭിക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. അതേസമയം, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലുകോടിയോളംപേര്‍ തൊഴില്‍രഹിതരായി തീരുന്ന നിലയുണ്ടാകുന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുന്നു. തായ്ലന്‍ഡില്‍ ചെറുകിട വ്യാപാരമേഖലയില്‍ വാള്‍മാര്‍ട്ട് കച്ചവടം തുടങ്ങിയപ്പോള്‍ 60,000ല്‍പ്പരം ചെറുകിടവ്യാപാരികളാണ് പട്ടിണിയിലായത്. ചെലവ് കുറഞ്ഞ സാധനങ്ങളുടെ കച്ചവടം, ഉടമസ്ഥന്‍തന്നെ ജോലിക്കാരനായ പ്രാദേശികകടകള്‍ , പലചരക്കുകടകള്‍ , ഉന്തുവണ്ടിക്കച്ചവടം, വഴിവാണിഭം തുടങ്ങിയവയാണ് ചെറുകിടവ്യാപാര മേഖലയിലെ കച്ചവടരീതി.

ഇന്ത്യയില്‍ പൊതുവില്‍ തൊഴിലവസരങ്ങള്‍ ഉയരാത്ത സാഹചര്യമാണ് കേന്ദ്രസര്‍ക്കാര്‍ നയം സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് സ്വയംതൊഴില്‍ നേടി യുവാക്കള്‍ ഉള്‍പ്പെടെ കടന്നുവരുന്ന മേഖലയാണ് ചെറുകിടവ്യാപാരത്തിന്റേത്. അതാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. കുത്തകകളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ് വ്യാപാരികളെമാത്രമല്ല ബാധിക്കുക. കുത്തകകള്‍ വിപണി പിടിച്ചെടുക്കുന്നതോടെ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ചെറുകിടക്കാരെ ആശ്രയിക്കാന്‍ കഴിയാതെവരും. ചില്ലറവ്യാപാരം നടത്തുന്ന കൂറ്റന്‍ ഭക്ഷ്യധാന്യക്കച്ചവടക്കാരെമാത്രം ആശ്രയിക്കേണ്ടിവരുന്ന കൃഷിക്കാര്‍ ഇവര്‍ പറയുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കേണ്ടിവരും. അങ്ങനെ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതും ഈ കുത്തക ചില്ലറ വ്യാപാരികളായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളിലൂടെയും അതിലൂടെ രൂപപ്പെട്ടുവന്നിട്ടുള്ള കരാര്‍കൃഷിയിലൂടെയും പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക്, കൂനിന്മേല്‍ കുരുവാകും ഈ പുതിയ തീരുമാനം. ചെറുകിടവ്യവസായികളും പ്രതിസന്ധി നേരിടും. കുത്തകകളുമായി ഇപ്പോള്‍ത്തന്നെ മത്സരിക്കാന്‍ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ചെലവഴിക്കണമെങ്കില്‍ , കുത്തകകളെത്തന്നെ ആശ്രയിക്കേണ്ടിവരും. കുത്തകകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കേണ്ടിവരുന്നതോടെ ഇത്തരം വ്യവസായങ്ങളും പ്രതിസന്ധിയിലേക്ക് മുതലക്കൂപ്പ് നടത്തും. കുത്തകകള്‍ക്ക് ചെറുകിടക്കാരുടെ നിലനില്‍പ്പില്‍ താല്‍പ്പര്യമുണ്ടാകില്ലല്ലോ. അങ്ങനെ ചെറുകിടവ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലാവുക.

വന്‍കിട കുത്തകസ്ഥാപനങ്ങള്‍ നഗരങ്ങളില്‍ വരുന്നതോടെ നഗരങ്ങളുടെ മുഖച്ഛായ മാറും. അവരുടെ അനിയന്ത്രിതമായ വ്യാപനം റിയല്‍ എസ്റ്റേറ്റ് മാഫിയകളെ വളര്‍ത്തും. നഗര പശ്ചാത്തലസൗകര്യങ്ങളിലും പരിസ്ഥിതിയിലും തെറ്റായ പ്രവണതകള്‍ രൂപപ്പെടുത്തും. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ചെറുകിടവിപണിക്കുമേല്‍ വില കൂടിയ ബ്രാന്‍ഡുകള്‍ ഈ തീരുമാനത്തിലൂടെ അടിച്ചേല്‍പ്പിക്കപ്പെടും. വൈവിധ്യമാര്‍ന്ന നമ്മുടെ വിപണനരംഗത്തേക്ക് പരസ്യത്തിന്റെ മികവുകൂടി ഉപയോഗിച്ച് മേധാവിത്വം സ്ഥാപിക്കുന്ന ചെയ്തികളും ഇത്തരം കുത്തകകളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതുകൂടി ചേരുന്നതോടെ ചെറുകിടവ്യാപാര മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂടും. കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവരുന്ന നിലയും ഉണ്ടാകും. തുടക്കത്തില്‍ വിലകുറച്ച് നല്‍കുന്ന പ്രവണത ഇവര്‍ കാണിച്ചെന്നുവരാം. ചെറുകിടസ്ഥാപനങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നതോടെ വന്‍തോതില്‍ വിലകൂട്ടി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന രീതിയും സ്വീകരിക്കും. കേരളത്തിന്റെ സ്ഥിതി പരിശോധിച്ചാല്‍ ആഭ്യന്തരവരുമാനത്തിന്റെ 23 ശതമാനം വാണിജ്യമേഖലയില്‍നിന്നാണ്. 0.5 ലക്ഷം മൊത്തവ്യാപാര സ്ഥാപനങ്ങളും 5.2 ലക്ഷം ചില്ലറകടകളും ഒരുലക്ഷത്തോളം ഹോട്ടലുമടക്കം ഏതാണ്ട് 12.3 ലക്ഷംപേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. കേരളത്തിലെ ചില്ലറവില്‍പ്പന കമ്പോളത്തിലെ വളര്‍ച്ചനിരക്ക് 10.8 ശതമാനമാണെന്ന് ചില കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് വിദേശകുത്തകകള്‍ക്ക് അടിയറവയ്ക്കാന്‍ പോകുന്നത്. കേരളത്തിന്റെ കമ്പോളത്തെ വിദേശശക്തികള്‍ ഉപയോഗപ്പെടുത്തുന്ന നില വരുന്നതോടെ വ്യാപാരിസമൂഹം ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ വലിയ പ്രതിസന്ധിയിലാകും. മാത്രമല്ല, കാര്‍ഷിക മേഖലയിലും ചെറുകിടവ്യവസായ മേഖലയിലും ഇത് പ്രതിസന്ധി രൂപപ്പെടുത്തും.

വിരലിലെണ്ണാവുന്ന ബഹുരാഷ്ട്രകുത്തകകള്‍ക്കുവേണ്ടിയുള്ള ഈ നയം, ജനങ്ങളെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കായി എറിഞ്ഞുകൊടുക്കുന്നതിനുതുല്യമാണ്. കുത്തക മുതലാളിത്തം സാമ്രാജ്യത്വവുമായി കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ട് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന സിപിഐ എമ്മിന്റെ പാര്‍ടിപരിപാടിയിലെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയാണെന്ന് ഈ നയവും വ്യക്തമാക്കുന്നു. കേരളത്തിലെ വ്യാപാരിസമൂഹത്തെ കുത്തുപാളയെടുപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ നയത്തെസംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍നിന്ന് നിരവധി കേന്ദ്രമന്ത്രിമാരുണ്ടായിരിക്കെയാണ് ഈ ദ്രോഹനയം നടപ്പാക്കുന്നത്. കേരളത്തിന്റെ വിപുലമായ കമ്പോളം ഉപയോഗപ്പെടുത്തി ഇവിടത്തെ ജനതയ്ക്കുതന്നെ തൊഴിലവസരം ഒരുക്കപ്പെടുന്ന സാഹചര്യമാണ് ഇല്ലാതാകുന്നത്. ഇതിനെതിരെ വിപുലമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. യോജിക്കാന്‍ പറ്റാവുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി നടക്കുന്ന പ്രക്ഷോഭപ്രവര്‍ത്തനങ്ങളില്‍ വ്യാപാരിസമൂഹത്തിന്റെ വിപുലമായ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. ഇത്തരം പ്രക്ഷോഭത്തിന് സിപിഐ എമ്മിന്റെ പിന്തുണയുണ്ടാകും. ഇത് വ്യാപാരിസമൂഹത്തിന്റെമാത്രമല്ല, മറ്റു ജനവിഭാഗങ്ങളുടെകൂടി പ്രശ്നമാണെന്ന നിലയില്‍ കാര്യങ്ങള്‍ കണ്ട് ഈ സമരവുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്