വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, November 11, 2011

പത്മനാഭദാസനോ പ്രജാദാസനോ

പത്മനാഭദാസനോ പ്രജാദാസനോ

സുകുമാര്‍ അഴീക്കോട്

ദേശാഭിമാനി, 2011 നവംബര്‍ 11

എത്രയോ നൂറ്റാണ്ടുകള്‍ മനുഷ്യദൃഷ്ടി ചെല്ലാത്ത അന്ധകാര ഗുഹയില്‍ കിടന്നിരുന്ന കനകാഭരണങ്ങളുടെയും രത്നാദികളുടെയും മേല്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന ഇപ്പോഴത്തെ തിരുവിതാംകൂര്‍ രാജാവിന്റെ അഭിപ്രായം നമുക്കൊന്ന് പരിശോധിച്ച് നോക്കാം. (സത്യം പറഞ്ഞാല്‍ ഔദ്യോഗികമായി ഇവര്‍ തിരുവിതാംകൂര്‍ രാജാവോ, മഹാരാജാവോ ഒന്നുമല്ല രാജപ്രമുഖസ്ഥാനം ഏറ്റെടുത്തതോടുകൂടി വന്നു ചേര്‍ന്ന ഒരു മാറ്റം). പത്മനാഭദാസന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പരമ്പരാഗതമായ വിശ്വാസമോ വഴക്കമോ മാത്രമാണ് അടിസ്ഥാനം. പത്മനാഭദാസന്‍ എന്നത് വേരുറച്ചുപോയ ഒരു ധാരണയാണ്. മറ്റൊന്നിന്റെയും ദാസനാകാന്‍ തയ്യാറല്ലാത്ത അദ്ദേഹം ഭരണഘടനയോട് കൂറ് പ്രഖ്യാപിക്കാന്‍ ഇഷ്ടപ്പെടാതെ വി പി മേനോന് ഒരു കത്തെഴുതി തന്റെ കൂറ് പ്രകടിപ്പിക്കുകയാണുണ്ടായത് എന്ന് ഇന്ന് പലരും ഓര്‍ക്കുന്നില്ല. ഇതൊന്നും വകവയ്ക്കാതെ സര്‍ദാര്‍ പട്ടേലിന്റെ രഥം ഉരുണ്ടുപോയപ്പോള്‍ മഹാരാജാവും കുടുംബവും അറിയാതെ അദ്ദേഹം (രാജപ്രമുഖനായതുവഴി) മഹാരാജാവും മറ്റും അല്ലാതായി. കുടുംബപാരമ്പര്യമനുസരിച്ചും ഇവര്‍ പണ്ടേ പത്മനാഭദാസനായിരുന്നില്ല. മൂന്നു നൂറ്റാണ്ടുമുമ്പ് മാര്‍ത്താണ്ഡവര്‍മ സൃഷ്ടിച്ച ഒരു സ്ഥാനമാണത്രേ അത്. അയല്‍നാടുകളെ കൊള്ളയടിച്ചും നാട്ടുകാരില്‍നിന്ന് കരം പിരിച്ചും ഉണ്ടാക്കിയ നിസ്സീമമായ സമ്പത്ത് തനിക്ക് അനുഭവിക്കാനുള്ളതല്ലെന്ന ഒരു മറ ഉയര്‍ത്തിക്കൊണ്ട് മാര്‍ത്താണ്ഡവര്‍മ ദേവപ്രീതിയും ജനപ്രീതിയും ഒരടിക്ക് നേടിയെടുക്കാന്‍ പ്രയോഗിച്ച തന്ത്രമായിരുന്നു പത്മനാഭ സമര്‍പ്പണം. ദേവനെയും ജനത്തെയും ഒരുപോലെ തോല്‍പ്പിച്ച ഒരു പ്രവൃത്തിയായിരുന്നു അത്. നല്ല വഴിയിലൂടെ സമ്പത്ത് ലഭിച്ചില്ലെന്നു പറയുന്നില്ല. പരാന്തക പാണ്ഡ്യന്‍ ഒരു സ്വര്‍ണവിളക്ക് നല്‍കിയെന്ന് ഒരു ശാസനത്തില്‍ പറയുന്നുണ്ടത്രേ. മാര്‍ത്താണ്ഡവര്‍മ എല്ലാവരെയും വിഡ്ഢികളാക്കി വിട്ടത് അവര്‍ക്കാര്‍ക്കും കാണാനോ തൊടാനോ വയ്യാത്ത ഇരുട്ടറയില്‍ അതെല്ലാം അടച്ചിട്ടാണ്. ഈ ധനം വന്ന വഴികള്‍ ഏതെന്ന് കണ്ടവര്‍ക്ക് അത് നല്‍കേണ്ടത് ജനങ്ങള്‍ക്കാണെന്ന് തെളിഞ്ഞിരിക്കാം.

ഈ പ്രശ്നം ജനസമക്ഷം എത്തിയപ്പോള്‍ത്തന്നെ ഒരെളിയ നിര്‍ദേശം ഞാന്‍ വച്ചിരുന്നു. കേരള മുഖ്യമന്ത്രിയും റിസര്‍വ്ബാങ്ക് ഗവര്‍ണറും കേന്ദ്ര ധനമന്ത്രിയും രാജപ്രതിനിധികളും അടങ്ങുന്ന ഒരു ഉന്നത സമിതിക്ക് പ്രശ്നം സമര്‍പ്പിക്കണമെന്ന്. പല അഭിപ്രായങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും ഈ ആശയത്തോട് ഒടുവില്‍ യോജിക്കേണ്ടിവരുമെന്നതും അനിവാര്യമാണ്. ആര്‍ക്കും ദാസനാകാന്‍ വയ്യാത്ത മാര്‍ത്താണ്ഡവര്‍മ പത്മനാഭദാസനായിരുന്നില്ല. പിന്നീടുവന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവര്‍ പത്മനാഭദാസരാണെന്ന് ആത്മാര്‍ഥമായി വിശ്വസിച്ചിരിക്കാം. രാജകുടുംബത്തിന്റെ യഥാര്‍ഥ പാരമ്പര്യം എന്താണെന്ന് അവര്‍ വേണ്ടപോലെ ധരിച്ചിട്ടില്ലെന്നു പറയുന്നത് കടന്ന കൈയാണെങ്കിലും അങ്ങനെ പറയാതെ നിവൃത്തിയില്ല. അവരുടെ ആധികാരികമായ വംശമുദ്രാവാക്യം 'ധര്‍മോസ്മത് കുലദൈവതം' എന്നതാണ്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുലദേവത ധര്‍മം ആണ്. രാജാക്കന്മാരുടെ ധര്‍മമെന്താണെന്ന് നമ്മുടെ നാട്ടില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതല്ല. രാജാവ് പിതാവിനെയും പ്രജകളെയും രക്ഷിക്കുന്നു എന്ന തത്വം പണ്ടേ ഇവിടെ രാജധര്‍മമായി അംഗീകരിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പ്രഖ്യാപിച്ചത് ധര്‍മപാലനമാണ് തങ്ങളുടെ വംശകര്‍ത്തവ്യം എന്നാണ്. കുലദേവത പത്മനാഭനാണെന്ന് ഈ പ്രസ്താവത്തില്‍ കാണുന്നില്ല. രാജമുദ്ര ഈ വാക്യം അടയാളപ്പെടുത്തിയതാണ്. ഈ വംശദേവതാചിത്രം അവതരിപ്പിച്ച വാക്യത്തെ തള്ളിക്കൊണ്ട് ഒരു പഴയ രാജാവ് ഇറക്കിയ നയരേഖ പാരമ്പര്യബോധത്തെ മാറ്റി പ്രതിഷ്ഠിക്കുന്നതിന് ശക്തമല്ല.

ധര്‍മോസ്മത് കുലദൈവതം എന്ന വാക്യം തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളിലും അടുത്തകാലംവരെ കണ്ടിരുന്നു. പ്രജാപരിപാലനം എന്ന ഉന്നതലക്ഷ്യം രാജാക്കന്മാരെ ഓര്‍മിപ്പിക്കാന്‍ അതിന് കഴിയുന്നു. പത്മനാഭനെ കുലദേവതയായി ഒരിടത്തും ചിത്രീകരിച്ചിട്ടില്ല. മഹാരാജാവിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളിലെ ദൈവങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ഇഷ്ടമൂര്‍ത്തിയായ ദേവത പത്മനാഭന്‍ ആണെന്നല്ലാതെ ഇതില്‍ക്കവിഞ്ഞ് ഒരര്‍ഥവും അതിന് കാണേണ്ടതില്ല. എല്ലാ രാജാക്കന്മാര്‍ക്കും പണ്ട് വ്യക്തിപരമായ ഇഷ്ടം കൂടിയ ഒരു ദേവതയും രാജകുടുംബത്തിന്റെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു കുലദേവതയും ഉണ്ടായിരുന്നുവെന്ന് പഴയ കവിത അറിയുന്നവര്‍ക്കെല്ലാം നിശ്ചയമുണ്ടായിരിക്കും. തിരുവിതാംകൂര്‍ രാജകുടുംബത്തിന് അങ്ങനെയൊരു ദേവതാ സങ്കല്‍പ്പം ഉണ്ടായിരിക്കണമല്ലോ. പത്മനാഭദാസന്‍ എന്ന ആകര്‍ഷകമായ വാക്കിന്റെ പുറകെ ഓടിയ ആളുകള്‍ ഒരു രാജകുടുംബത്തിന്റെ കുലദേവത എന്താണെന്നുപോലും അന്വേഷിച്ചില്ല. ധര്‍മം എന്നത് രാജധര്‍മവും രാജധര്‍മം പ്രജാസേവനവും ആണെങ്കില്‍ തിരുവിതാംകൂര്‍ രാജാവ് ഒന്നാമത് പ്രജാദാസനാണ്. പത്മനാഭദാസനൊക്കെ അതിനുപുറകെയേ വരികയുള്ളൂ. ഈ വിശ്വാസം എങ്ങനെയോ എപ്പോഴോ നഷ്ടപ്പെട്ടുപോയെന്ന് തോന്നുന്നു. തിരുവിതാംകൂറിന് മറ്റൊരു പേര് ധര്‍മരാജ്യം എന്നാണെന്നുപോലും നാമിന്ന് ഓര്‍ക്കുന്നില്ല; കുമാരനാശാന്‍ 'സിംഹപ്രസവ'ത്തില്‍ വര്‍ണിക്കുന്നുണ്ട്. 'ധര്‍മരാജ്യം' എന്നും വിശ്രുതമാണെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മയുടെ അനന്തരഗാമി കാര്‍ത്തികതിരുനാള്‍ ബാലരാമവര്‍മ ധര്‍മരാജ എന്ന പേരില്‍ വിഖ്യാതനായി. തിരുവനന്തപുരം തലസ്ഥാനമാക്കിയതും ധര്‍മരാജാവാണ്. ഇപ്പറഞ്ഞ ദേശവസ്തുതകളെയെല്ലാം ചരിത്രത്തിനു വെളിയില്‍ തള്ളുന്നതിന് സമമാണ് ധര്‍മം കുടുംബദേവതയാണെന്ന സങ്കല്‍പ്പത്തെ മായ്ച്ചുകളയുന്നത്. പത്മനാഭദാസന്‍ എന്നതിനേക്കാള്‍ എത്രയോ പുരോഗമനപരമാണ് പ്രജാദാസന്‍ എന്ന ആശയം. പ്രജാദാസന്‍ എന്ന ചിന്ത ഉള്ളില്‍ ഇല്ലാത്തതുകൊണ്ടാണ് നിലവറ തുറക്കുമ്പോള്‍ കിട്ടിയ സ്വത്ത് പ്രജകള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇക്കാലത്തെ പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കുംപോലും തോന്നാതെ പോകുന്നത്. വി എസ് അച്യുതാനന്ദന് പ്രജകളുടെ അവകാശത്തെപ്പറ്റി ഒട്ടും സംശയം തോന്നാതിരുന്നത് എന്നും പ്രജാപക്ഷത്തുനില്‍ക്കുന്ന ഒരു മനസ്സ് ഉള്ളതുകൊണ്ടാണ്; ചരിത്രപണ്ഡിതനായിട്ടല്ല. തിരുവിതാംകൂറില്‍ വ്യാജമായ അവകാശത്തിനുമേല്‍ ഒരു രാജാവ് (അവിട്ടം തിരുനാള്‍ ബാലരാമവര്‍മ) സിംഹാസനാരോഹണച്ചടങ്ങുകള്‍ക്കിടയില്‍ ഒരു വിലയേറിയ രത്നാഭരണം മോഷ്ടിച്ചെന്ന കഥപോലുമുണ്ട്. ('സിംഹാസനത്തില്‍നിന്ന് ജയിലിലേക്ക്', എന്ന നോവലില്‍ ഈ കഥകളെല്ലാം കുറുപ്പംവീട്ടില്‍ കെ എന്‍ ഗോപാലപിള്ള വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്). പലര്‍ക്കും ഇന്നും ഉള്ളത് ആ കള്ളത്തമ്പുരാന്റെ മനസ്സാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് പ്രാചീന ഗ്രന്ഥങ്ങളില്‍ (വരാഹപുരാണം, ബ്രഹ്മാണ്ഡപുരാണം, നമ്മാള്‍വാരുടെ കീര്‍ത്തനങ്ങള്‍ , ഇളങ്കോവടികളുടെ ചിലപ്പതികാരം തുടങ്ങി പലതിലും) പരാമര്‍ശങ്ങള്‍ ഉണ്ട്. പത്മനാഭദാസന്‍ എന്നതിനപ്പുറത്ത് അവരുടെ ചിന്ത പ്രവേശിച്ചില്ല. ചരിത്ര പാണ്ഡിത്യം കുറവായ എനിക്കും പത്മനാഭദാസന്റെ ദാസനെപ്പോലെ ചിന്തിക്കാന്‍ കഴിയാതിരുന്നത് എന്റെ ഭാഗ്യംതന്നെ. ഇനി ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ജനങ്ങള്‍ക്കുള്ളതാണ് ഈ രഹസ്യധനം എന്ന നിലപാട് അംഗീകരിക്കാതെ ഒരു ആധുനിക സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല. മ്യൂസിയം എന്ന ആശയം നന്ന്. എന്തെല്ലാം മ്യൂസിയത്തില്‍ പോകണം, നാടിനുവേണ്ടി എന്തെല്ലാമാണ് ഉപയോഗപ്പെടുത്തെണ്ടത് എന്നൊക്കെ പ്രഗത്ഭരുടെ കമ്മിറ്റികള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ ഉണ്ടാക്കണം. അനാവശ്യങ്ങളായ തര്‍ക്കങ്ങള്‍ ഒഴിവാക്കി കാര്യം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാം ഭാവിയുടെ മുമ്പില്‍ പരിഹാസ്യരാകുമെന്നു തീർച്ച.

1 comment:

ഞാന്‍ പുണ്യവാളന്‍ said...

നാടും ജനവും കഷ്ടപ്പെടുന്ന അവസ്ഥയിലും ആ ധനം അവിടെ കേട്ട് പൂട്ടി കാവല്‍ നില്‍ക്കുന്നത്തില്‍ എന്ത് ധാര്മികതയുണ്ട് ഹോ ...ആശംസകള്‍

പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്