വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, October 23, 2011

തികഞ്ഞ ജനകീയന്‍ , അടിയുറച്ച കമ്യൂണിസ്റ്റ്

തികഞ്ഞ ജനകീയന്‍ , അടിയുറച്ച കമ്യൂണിസ്റ്റ്
വി എം രാധാകൃഷ്ണന്‍
Posted on: 23-Oct-2011 12:16 AM
തൃശൂര്‍ : വ്യത്യസ്തങ്ങളായ കര്‍മപഥങ്ങളിലൂടെ കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന മുല്ലനേഴിയുടെ വ്യക്തിത്വത്തെ വളര്‍ത്തിയെടുത്തത് അടിയുറച്ച കമ്യൂണിസ്റ്റ് ബോധം. കവിയായും അഭിനേതാവായും പ്രഭാഷകനായും മുല്ലനേഴി വളര്‍ന്നതിന് പിന്നിലെ ഊര്‍ജമായത് അദ്ദേഹത്തിന്റെ ജനകീയ ബന്ധങ്ങള്‍ . സമയമോ സദസ്സോ വ്യക്തിയോ നോക്കാതെ പലതിനോടും കലഹിച്ചും വിമര്‍ശിച്ചും ഉന്മാദിയെപ്പോലെ സഞ്ചരിച്ചപ്പോഴും താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടും പ്രസ്ഥാനത്തോടുമുളള കൂറില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമായിരുന്നില്ല. കവിതകളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലുമെല്ലാം ഈ അടിയുറച്ച കമ്യൂണിസ്റ്റിനെ കാണാം. മലയാളനാടിന്റെ മുക്കിലും മൂലയിലും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയത് പണത്തിന്റെ മടിശീലയായിരുന്നില്ല, മറിച്ച് കറതീര്‍ന്ന സൗഹൃദങ്ങളായിരുന്നു. ഒല്ലൂരിനടുത്ത അവിണിശേരി മുല്ലനേഴി മനയിലെ നീലകണ്ഠന്‍ കടുത്ത ദാരിദ്ര്യം അനുഭവിച്ചാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവന്റെ കണ്ണീരിന്റെ വില മുല്ലനേഴി അനുഭവിച്ചറിഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന് അടിയുറച്ച ജീവിതവീക്ഷണം ഉണ്ടായിരുന്നു. നാം മണ്ണില്‍ വേരുള്ള മനുഷ്യരാകണമെന്നാണ് മാഷ് എപ്പോഴും പറയാറുള്ളത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പ്രധാന പ്രവര്‍ത്തകനായിരുന്നപ്പോള്‍ മുല്ലനേഴി എന്ന കവിയുടെ ജനകീയതയാണ് തെളിയിക്കുന്നത്. കെഎസ്വൈഎഫിന്റെയും ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയബോധം അടിയുറച്ചത്. സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു. അധ്യാപക സംഘടനാരംഗത്ത് പോരാളിയായി. എന്‍ജിഒ-അധ്യാപകസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നു. റെയില്‍വേ തൊഴിലാളികളുടെ സമരത്തിലും അറസ്റ്റ് വരിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്തു. ഇടതുപക്ഷത്തിനു മാത്രമേ നാടിനെ നന്മയിലേക്ക് നയിക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ച മുല്ലനേഴി എല്ലാ തെരഞ്ഞടുപ്പുകളിലും ഇടതുപക്ഷത്തിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിലേക്ക് പുതിയ തലമുറയിലെ നിരവധിപേരെ കൊണ്ടുവരുന്നതിനും മുല്ലനേഴി ഏറെ ശ്രദ്ധിച്ചിരുന്നു. ഏത് ഉന്നതനായാലും മുഖത്തുനോക്കി കാര്യം പറയും. എം വി രാഘവന്‍ സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം തൃശൂരില്‍ വന്ന് പ്രസംഗിച്ചപ്പോഴത്തെ അനുഭവം ഇതിന് ഉദാഹരണമാണ്. എം വി രാഘവന്‍ ഇ എം എസിനെ അവഹേളിച്ച് സംസാരിച്ചപ്പോള്‍ മുല്ലനേഴിക്ക് കേട്ടുനില്‍ക്കാനായില്ല. മുല്ലനേഴി ശക്തമായ ഭാഷയിലാണ് എം വി രാഘവനോട് പ്രതികരിച്ചത്. എറണാകുളത്ത് യാചകരെ പൊലീസ് കൂട്ടത്തോടെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടപ്പോഴും യാചകര്‍ക്കുവേണ്ടി നിലകൊണ്ടു. യാചകരോടൊപ്പം മുല്ലനേഴിയേയും പിടിച്ചുകൊണ്ടുപോയി. വിവരമറിഞ്ഞ് സുഹൃത്തുക്കള്‍ എത്തിയാണ് സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര മുല്ലനേഴി വിശേഷങ്ങള്‍ ...

ദേശാഭിമാനി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്