വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, October 21, 2011

ഗദ്ദാഫി യുഗത്തിന് അന്ത്യം

ഗദ്ദാഫി യുഗത്തിന് അന്ത്യം

മലയാള മനോരമ ദിനപ്പത്രം

ട്രിപ്പോളി: ഏകാധിപത്യത്തിന്റെ തോക്കിന്‍മുനയില്‍ നാലു പതിറ്റാണ്ടിലേറെ ലിബിയയെ അടക്കിഭരിച്ച 'കേണല്‍ ഒടുവില്‍ വെടിയുണ്ടയ്ക്കു കീഴടങ്ങി. ജനകീയ പോരാട്ടത്തെ തോക്കിന്‍കുഴലിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുന്‍ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി (69) വിമതസേനയുടെ വെടിയേറ്റാണു മരിച്ചത്. ഏറെ സ്വാധീനമുള്ള ജന്മസ്ഥലമായ സിര്‍ത്തില്‍, ദേശീയപാതയിലെ മലിനജലക്കുഴലുകളില്‍ ഒന്നില്‍ ഒളിച്ചിരിക്കുമ്പോഴാണ് ഇന്നലെ രാവിലെ വിമതര്‍ കണ്ടെത്തിയതും വെടിവച്ചുകൊന്നതും.

കുഴലില്‍ നിന്നു പുറത്തേക്കു വലിച്ചെടുത്ത ആളോട് 'വെടിവയ്ക്കരുതേ, വെടിവയ്ക്കരുതേ എന്ന് അലറിവിളിച്ചതാണു ഗദ്ദാഫിയുടെ അവസാന വാക്കുകളെന്നാണു ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സിര്‍ത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു അന്ത്യം.

ശരീരത്തില്‍ വെടിയുണ്ടകളേറ്റ ഒട്ടേറെ പാടുകളുണ്ട്. തലയിലും ഇരുകാലുകളിലും മുറിവേറ്റ ഗദ്ദാഫിയെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴായിരുന്നു മരണമെന്നാണു റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാല്‍ മൃതദേഹം രഹസ്യ കേന്ദ്രത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഗദ്ദാഫിയുടെ ചിത്രങ്ങള്‍ ദേശീയ പരിവര്‍ത്തന സമിതി പുറത്തുവിട്ടു. പ്രധാനമന്ത്രി മഹ്മൂദ് ജിബ്രീലും ഗദ്ദാഫിയുടെ അന്ത്യം സ്ഥിരീകരിച്ചു.

മകന്‍ മുത്തസിമും ഗദ്ദാഫി സേനയുടെ തലവന്‍ അബൂബക്കര്‍ യൂനസ് ജാബിറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മറ്റൊരു മകന്‍ ഖമീസ് നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഇതേസമയം, മക്കളില്‍ പിന്‍ഗാമിയായി ഗദ്ദാഫി വളര്‍ത്തിക്കൊണ്ടുവന്ന സെയ്ഫ് അല്‍ ഇസ്ലാം മരുഭൂമിയില്‍ സുരക്ഷിതനായി കഴിയുകയാണെന്നാണു സൂചന. ഇയാളെയും ഉടന്‍ പിടികൂടുമെന്നാണു സഖ്യസേന പറയുന്നത്. ഗദ്ദാഫിയെപ്പോലെ, സെയ്ഫും മാനവരാശിക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ പേരില്‍ രാജ്യാന്തര കോടതിയുടെ കുറ്റവാളി പട്ടികയിലാണ്.

ഗദ്ദാഫി ഒളിച്ചിരുന്ന കുഴലുകളുടെ കോണ്‍ക്രീറ്റ് ഭാഗത്തു 'നിന്ദ്യനായ ഗദ്ദാഫി എന്നും 'ദൈവമാണു വലിയവന്‍ എന്നും പെയിന്റില്‍ രേഖപ്പെടുത്തിയിരുന്നു. ഗദ്ദാഫി അനുകൂല സൈനികരില്‍ ഒരാള്‍ ഇവിടെ മരിച്ചുകിടക്കുന്നതും കാണാമായിരുന്നു. ഗദ്ദാഫി സേനയുടെ നിയന്ത്രണത്തിലായിരുന്ന സിര്‍ത്ത് പൂര്‍ണമായി പിടിച്ചെടുത്തു മിനിറ്റുകള്‍ക്കകമായിരുന്നു ഗദ്ദാഫിയുടെ മരണം.

രണ്ടുമാസം മുന്‍പാണു വിമതര്‍ തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചതും ഗദ്ദാഫി ഒളിവിലായതും. ജനകീയ പ്രക്ഷോഭത്തെ ഗദ്ദാഫി സൈന്യത്തെ ഉപയോഗിച്ചു നേരിട്ടതോടെ യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നാറ്റോ സേന രംഗത്തെത്തുകയായിരുന്നു. ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്കു വിമത ഭരണനേതൃത്വം 20 ലക്ഷം ദിനാര്‍ (ഏഴരക്കോടി രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയില്‍ പ്രക്ഷോഭം തുടങ്ങിയശേഷം ഗദ്ദാഫി പൊതുരംഗത്ത് അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആസ്ഥാനമായ ബാബുല്‍ അസീസിയ വിമതര്‍ പിടിച്ചതോടെ ട്രിപ്പോളി വിട്ട ഗദ്ദാഫി അല്‍ജീറിയയിലേക്കു കടന്നതായും ട്രിപ്പോളിയിലെ തന്നെ ആശുപത്രിയില്‍ കഴിയുന്നതായും ബാബുല്‍ അസീസിയയിലെ ഭൂഗര്‍ഭ അറയിലാണെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഭാര്യ സഫിയ, മകള്‍ അയിഷ, ആണ്‍മക്കളായ ഹാനി ബാള്‍, മുഹമ്മദ്, ഗദ്ദാഫിയുടെ കൊച്ചുമക്കള്‍ എന്നിവര്‍ അല്‍ജീറിയയില്‍ അഭയം തേടിയിരുന്നു. താന്‍ ട്രിപ്പോളിയില്‍ തന്നെയുണ്ടെന്നും അവസാനം വരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നുമുള്ള ഗദ്ദാഫിയുടെ സന്ദേശം യാഥാര്‍ഥ്യമായെങ്കിലും ദാരുണമായിരുന്നു അന്ത്യം. സൈന്യത്തില്‍ ക്യാപ്റ്റനായിരിക്കേ 1969ല്‍ ആണ് ഇദ്രിസ് രാജാവിനെ വീഴ്ത്തി ഗദ്ദാഫി ഭരണം പിടിച്ചെടുത്തത്.

ഗദ്ദാഫിയുടെ മരണവിവരം അറിഞ്ഞതോടെ ട്രിപ്പോളിയിലും സിര്‍ത്തിലുമെല്ലാം ജനങ്ങള്‍ ആലിംഗനം ചെയ്തും ഹോണ്‍ മുഴക്കി വാഹനങ്ങളില്‍ ചീറിപ്പാഞ്ഞും ആഹ്ലാദപ്രകടനം നടത്തി. ദേശീയപതാകകള്‍ ഉയര്‍ത്തിയും ആകാശത്തേക്കു വെടിവച്ചുമായിരുന്നു സേനയുടെ വിജയാഘോഷം.

ഇൌജിപ്തിലും ട്യൂണീസിയയിലും ആഞ്ഞടിച്ച ജനാധിപത്യ പ്രക്ഷോഭ പരമ്പരയ്ക്കു ലിബിയയില്‍ ഇത്തരത്തിലൊരു അന്ത്യമുണ്ടായത് മേഖലയിലെ മറ്റു ജനാധിപത്യ പോരാട്ടങ്ങളെയും സ്വാധീനിച്ചേക്കും.

ഹിലറി ക്ളിന്റന്‍ കഴിഞ്ഞദിവസം ട്രിപ്പോളിയില്‍ അപ്രതീക്ഷിതമായി എത്തി പുതിയ ഭരണകൂടത്തിനു പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, ഗദ്ദാഫിയെ നേരിട്ട സംഘത്തില്‍ യുഎസ് സൈനികരില്ലായിരുന്നുവെന്നു പെന്റഗണ്‍ അറിയിച്ചു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്