വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, January 13, 2011

ജനാധിപത്യത്തിനെതിരായ കടന്നുകയറ്റം

ജനാധിപത്യത്തിനെതിരായ കടന്നുകയറ്റം

(ദേശാഭിമാനി ദിനപ്പത്രം )

പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായം ഇന്ത്യ സ്വീകരിച്ച ഘട്ടംമുതല്‍തന്നെ രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തനവും ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ടികളോ വിവിധ പാര്‍ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണികളോ ആണ്. അംഗീകൃത രാഷ്ട്രീയ പാര്‍ടികളാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. കൂടുതല്‍ സീറ്റുനേടിയ പാര്‍ടിയെയോ മുന്നണിയെയോ ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത്. വ്യത്യസ്ത പാര്‍ടികളെ അംഗീകരിക്കുന്നതും അവയ്ക്ക് സുപ്രധാനമായ സ്ഥാനം നല്‍കുന്നതുമാണ് ഇന്ത്യയിലെ ജനാധിപത്യ സംവിധാനം എന്നര്‍ഥം. അങ്ങനെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ടികള്‍ക്ക് നയസമീപനങ്ങള്‍ പറയാനുള്ള പ്രധാന ഉപാധിയാണ് പൊതുയോഗങ്ങള്‍. പൊതുയോഗങ്ങള്‍ക്ക് വിവേചനരഹിതമായി നിരോധനംവരിക എന്നതിനര്‍ഥം ജനാധിപത്യത്തിന് വിലങ്ങിടുക എന്നാണ്. രാഷ്ട്രീയ പാര്‍ടികളും ജനങ്ങളുമായി സംവദിക്കാന്‍ നിരവധി മാധ്യമങ്ങളുണ്ടെങ്കിലും പൊതുയോഗങ്ങള്‍പോലെ മറ്റൊന്നില്ല. വാര്‍ത്താ മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും സാധ്യമായ ഒന്നല്ല. മാധ്യമങ്ങളുടെ കോര്‍പറേറ്റ് വല്‍ക്കരണവും 'പെയിഡ് ന്യൂസ്' പോലുള്ള കെട്ട രീതികളും പാരമ്യത്തിലേക്കുയരുന്ന പുതിയ കാലത്ത് വിശേഷിച്ചും. റോഡരികിലെ പൊതുയോഗങ്ങളാണ് കേരളത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത്, രാഷ്ട്രീയ പാര്‍ടികളും ജനങ്ങളുമായി നിരന്തരമായ ബന്ധം പാടില്ലെന്നു കരുതുന്നവരാണ്. റോഡരികില്‍ പൊതുയോഗം നിരോധിച്ച കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചത് അത്തരക്കാരെയാണ് സന്തോഷിപ്പിക്കുന്നത്. റോഡരികിലല്ലാതെ എവിടെയാണ് പൊതുയോഗങ്ങള്‍ നടത്തുക? അങ്ങനെ യോഗം നടത്താന്‍ മാത്രമുള്ള എത്ര സ്ഥലങ്ങളുണ്ട് കേരളത്തില്‍? ഉള്ളിടങ്ങളില്‍ വാടകകൊടുത്ത് എത്ര പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയും? റോഡരികിലെ പൊതുയോഗങ്ങള്‍ പലപ്പോഴും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഒരു പരിധിവരെ ശരിയാകാം. ഏതെങ്കിലും ചില സ്ഥലങ്ങളില്‍ അങ്ങനെ ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍, റോഡരികില്‍ പൊതുയോഗമേ വേണ്ട എന്ന് തീരുമാനിക്കുന്നതില്‍ എന്ത് യുക്തി? എന്ത് നീതി? പൊതുയോഗങ്ങള്‍ നിരോധിക്കുന്നത് സര്‍ക്കാരിന് കൂടുതല്‍ കരുത്തുപകരുന്നതല്ലേഎന്നാണ് ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. ജനങ്ങളെയും രാഷ്ട്രീയ പാര്‍ടികളെയും തമ്മില്‍ അകറ്റിനിര്‍ത്തിയാല്‍ എന്ത് തരം കരുത്താണുണ്ടാവുക എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടിയതുപോലെ, പൊലീസ് നിയമത്തിലെ 19ാം വകുപ്പുപ്രകാരമുള്ള ഉപാധികള്‍ പാലിച്ചാണ് യോഗങ്ങള്‍ അനുവദിക്കുന്നത്. അത് ലംഘിക്കുന്നെങ്കില്‍ പരിശോധിക്കാനും നടപടിയെടുക്കാനും സംവിധാനമുണ്ട്. എന്നിട്ടും നിരോധനംകൊണ്ടേ അടങ്ങൂ എന്ന വാശിയെ ജനാധിപത്യത്തിനുനേരെയുള്ള കടന്നുകയറ്റമായേ വിലയിരുത്താനാകൂ. ജനങ്ങള്‍ക്ക് യോഗം ചേരുന്നതിനുള്ള അവകാശം നിരോധിക്കുന്നത് മൌലികാവകാശലംഘനമാണ്. നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയിലേക്കുള്ള അതിക്രമിച്ചുകയറ്റവുമാണത്. ആശയപ്രകാശന സ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്തുന്നതാണ് ഈ വിധിയുടെ അന്തസ്സത്ത എന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. ആശയ പ്രകാശന സ്വാതന്ത്യ്രം അടിച്ചമര്‍ത്തപ്പെടുന്നിടത്താണ് തീവ്രവാദമുള്‍പ്പെടെയുള്ള വിപത്തുകള്‍ തഴച്ചു വളരുന്നതെന്നതും വിസ്മരിക്കാനാകില്ല. ദേശീയ പ്രസ്ഥാനകാലംതൊട്ട് നാട്ടില്‍ തെരുവോരത്ത് പൊതുയോഗങ്ങള്‍ നടത്തുന്നുണ്ട്. വലിയ പൊതുയോഗം വേണ്ടിവരുമ്പോള്‍ ബദല്‍ ഗാതാഗത ക്രമീകരണം ചെയ്യാറുമുണ്ട്. രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല മതമാധ്യമസാംസ്കാരിക സംഘടനകളെല്ലാം പാതയോരത്ത് പൊതുപരിപാടി സംഘടിപ്പിക്കാറുണ്ട്. ഉത്സവപരിപാടികള്‍ നടക്കാറുണ്ട്. ജനങ്ങളുടെ ഇത്തരം കൂട്ടായ്മകളെല്ലാം തടയണമെന്ന് കോടതി പറയുമ്പോള്‍ നിയമം ആര്‍ക്കുവേണ്ടിയാണെന്ന സംശയം സ്വാഭാവികമായി ഉയരും. കേരളത്തിലെ പാതവക്കുകളില്‍ ഒരിടത്തും പൊതുയോഗം നടത്താനുള്ള സൌകര്യമില്ലെന്ന് ഏത് പരിശോധനയിലാണ് കണ്ടെത്തിയത് എന്ന സംശയവും അവശേഷിക്കുന്നു. ആലുവ റെയില്‍വേ സ്റേഷന്‍ മൈതാനത്ത് യോഗങ്ങള്‍ ചേരുന്നതിനെതിരായി ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് സംസ്ഥാനത്താകെ റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിധിയിലേക്ക് കോടതി എത്തിച്ചേര്‍ന്ന നടപടിക്രമങ്ങളില്‍ നിരവധി പോരായ്മകളുണ്ടെന്നും സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷീയ നടപടിയാണ് കോടതിയില്‍നിന്ന് ഉണ്ടായതെന്നും അന്നുതന്നെ വിമര്‍ശമുയര്‍ന്നതാണ്. ദൌര്‍ഭാഗ്യവശാല്‍, അത്തരം വിമര്‍ശങ്ങളൊന്നും പരിഗണിക്കാതെയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടായതും. രാഷ്ട്രീയ പാര്‍ടികള്‍ക്ക് ജനങ്ങളോട് നയനിലപാടുകള്‍ വിശദീകരിക്കാനുള്ള അവകാശത്തിന് ജനാധിപത്യത്തിലുള്ള പ്രസക്തിയെയും പ്രാധാന്യത്തെയും നിരാകരിച്ചുകൊണ്ടുള്ള കോടതിവിധി ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നു പറയാതെ വയ്യ. കൂടിച്ചേരലുകള്‍ക്കും പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ക്കുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആ അവകാശം നിഷേധിക്കുകയുമാണിവിടെ. പൌരസമൂഹത്തിന്റെ കൂട്ടായ ആശയ വിനിമയത്തിനും സ്വാതന്ത്യ്രത്തിനും ഇങ്ങനെ തടയിടുന്നത് വിപല്‍ക്കരമാണ്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ജുഡീഷ്യറിയുടെയും കടമയാണ്. സ്വാതന്ത്യ്രവും ജനാധിപത്യവും പരമാധികാരവും തകരുന്നിടത്ത് നീതിന്യായ സംവിധാനത്തിനും നിലനില്‍ക്കാനാകില്ല. ജുഡീഷ്യറിയുടെ സ്വതന്ത്രവും നിര്‍ഭയവും ന്യായയുക്തവുമായ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനുകൂടി, ഇത്തരം ജനാധിപത്യവിരുദ്ധ തീര്‍പ്പുകള്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ നിയമപരമായ എല്ലാ വഴികളും ആരായേണ്ടതുണ്ട്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്