വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, November 14, 2010

അമേരിക്കയ്ക്ക് വെള്ളിടി; പാളിപ്പോകുന്ന പശ്ചിമേഷ്യന്‍ തന്ത്രങ്ങള്‍

അമേരിക്കയ്ക്ക് വെള്ളിടി; പാളിപ്പോകുന്ന പശ്ചിമേഷ്യന്‍ തന്ത്രങ്ങള്‍

വിദേശരംഗം പി ഗോവിന്ദപ്പിള്ള


(ദേശാഭിമാനി )

പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ ഇറാഖിനെതിരെ ആരംഭിച്ച നിയമവിരുദ്ധ യുദ്ധം ഔപചാരികമായി ആദ്യവര്‍ഷം തന്നെ അവസാനിച്ചു. അമേരിക്കന്‍ സാമ്രാജ്യവാദികളുടെ കടുത്ത എതിരാളിയായിരുന്ന പ്രസിഡന്റ് സദ്ദാം ഹുസൈനെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് പ്രാകൃതരീതിയില്‍ വധിക്കുകയും ചെയ്തതോടെ അമേരിക്കന്‍ ആധിപത്യം അവിടെ പൂര്‍ണമായി. എന്നിട്ടും അവിടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനോ ഭരണം സുഗമമായി നടത്താനോ അമേരിക്കന്‍ സൈന്യത്തിനോ അമേരിക്ക അവരോധിച്ച ചൊല്‍പ്പടിക്കാരായ ഭരണാധികാരികള്‍ക്കോ കഴിഞ്ഞില്ല. ദിവസംതോറുമെന്നപോലെ അനേകംപേരുടെ നിര്യാണത്തില്‍ കലാശിക്കുന്ന സ്ഫോടനങ്ങളും മറ്റ് ചെറുത്തുനില്‍പ്പുകളും തുടരുന്നതായാണ് നിത്യവും മാധ്യമങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ അമേരിക്ക വാഴിച്ച ഭരണാധികാരിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നൂറി-അല്‍ മാലിക്കി. രണ്ടാം ഊഴംകൂടി മാലിക്കിയെ വാഴിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ ഒരു പൊതു തെരഞ്ഞെടുപ്പു കൂടി അമേരിക്കന്‍ മേല്‍നോട്ടത്തില്‍ നടന്നു. ആ തെരഞ്ഞെടുപ്പില്‍ മാലിക്കിയുടെ പക്ഷത്തിനു ഭൂരിപക്ഷം കിട്ടാത്തതുകൊണ്ടും പ്രവര്‍ത്തനക്ഷമമായ ഒരു ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാന്‍ മറ്റ് നേതാക്കള്‍ക്കും കക്ഷികള്‍ക്കും കഴിയാത്തതുകൊണ്ടും മാലിക്കി ഇടക്കാല പ്രധാനമന്ത്രിയായി കഴിഞ്ഞ എട്ടുമാസവും തുടരുകയായിരുന്നു. ഈ പേരിനുമാത്രം തുടര്‍ന്ന മാലിക്കി ഭരണത്തിന് ഇറാഖില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നതില്‍ അത്ഭുതമില്ല. അമേരിക്കയുടെ ചൊല്‍പ്പടിക്കാരനാണ് താനെന്ന ദുഷ്പേര് ജനങ്ങളുടെ എതിര്‍പ്പിനു കാരണമാണെന്നു ബോധ്യപ്പെട്ട മാലിക്കി അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പിന്മാറണമെന്നുതുടങ്ങി സാമ്രാജ്യവാദികള്‍ക്ക് ഹിതകരമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി. അപ്പോഴേക്കും മാലിക്കിയെ കൊണ്ട് തങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് ബോധ്യമായ അമേരിക്ക മാലിക്കിയെ മാറ്റി പകരം ആരെയെങ്കിലും ആ സ്ഥാനത്ത് അവരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ 163 സ്ഥാനം വേണം. മാലിക്കിക്ക് 89 സീറ്റാണ് ലഭിച്ചത്. എതിരാളിയായിരുന്ന മുഖ്ദതാ അലിസദര്‍ എന്ന നേതാവിന്‍ കീഴില്‍ ഇറാഖി പാര്‍ടിക്ക് 91 സീറ്റും ലഭിച്ചു. അതുകൂടി ചേര്‍ന്നാല്‍ ഭൂരിപക്ഷമാകും. അമേരിക്കയുടെ സകല മോഹങ്ങളെയും തകിടംമറിക്കുന്ന ഈ സഖ്യത്തിന്റെ ശില്‍പ്പി യഥാര്‍ഥ ഇറാന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമ്മദി നെജാദ് ആണെന്നത് അമേരിക്കയ്ക്ക് വലിയ ഇരുട്ടടിയായിപ്പോയി. ഇറാന്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരെ വിജയകരമായി നടത്തിയ 1979ലെ ഇസ്ളാമിക് വിപ്ളവത്തിനുശേഷം അമേരിക്കന്‍ സാമ്രാജ്യവാദികളും ഇറാനും ബദ്ധശത്രുക്കളായാണ് കഴിഞ്ഞുവന്നത്. ലബനന്‍, ഇസ്രയേല്‍, പലസ്തീന്‍, ഇറാഖ് തുടങ്ങിയ പ്രശ്നത്തിലെല്ലാം ഇറാന്‍ ഇടപെടുകയും അമേരിക്കയെ ഒറ്റപ്പെടുത്തി പുറന്തള്ളാനുമുള്ള ശ്രമങ്ങളില്‍ സജീവമാണ്. പ്രസിഡന്റ് ബുഷിന്റെ കുപ്രസിദ്ധമായ 'തിന്മയുടെ അച്ചുതണ്ടില്‍' (ആക്സിസ് ഓഫ് ഈവിള്‍) താക്കോല്‍സ്ഥാനം ഇറാനാണ്. ഇറാന് അനുകൂലമായ സര്‍ക്കാര്‍ ബാഗ്ദാദില്‍ വരുന്നതിനേക്കാള്‍ വലിയ തിരിച്ചടി പശ്ചിമേഷ്യയില്‍ അവര്‍ക്ക് കിട്ടാനില്ല. ഇറാഖില്‍ ഉപജാപങ്ങള്‍ നടത്തി ആധിപത്യം തുടരാനുള്ള അമേരിക്കയുടെ ശ്രമം 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ചിരപുരാതനമായ സാമ്രാജ്യത്വ തന്ത്രമാണ്. ഇറാഖിലെ മൂന്നുകോടിയോളം വരുന്ന ജനസംഖ്യയില്‍ 65 ശതമാനം ഷിയാ വംശജരാണ്. സുന്നികള്‍ 30 ശതമാനത്തോളമേ വരൂ. ഈ രണ്ടുകൂട്ടരെയും തമ്മില്‍ തല്ലിച്ചുഭരിക്കുക എന്നതാണ് അമേരിക്കന്‍ തന്ത്രം. ഇറാനും ഇറാഖും തമ്മിലുള്ള ഈ പുതിയ ബന്ധം സുന്നികളെയും ഷിയാകളെയും യോജിപ്പിച്ച് രാഷ്ട്രത്തിന്റെ ഐക്യത്തിനു ഭദ്രത നല്‍കുകയും അമേരിക്കയെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഇതിനേക്കാളൊക്കെ അമേരിക്കയ്ക്ക് കനത്ത പ്രഹരമായത് ഇറാഖിലും തുര്‍ക്കിയിലും സിറിയയിലും ഇറാനിലുമായി വ്യാപിച്ചുകിടക്കുന്ന കുര്‍ദുകളെ ഇറാഖി സര്‍ക്കാരിന്റെ ബന്ധുക്കളാക്കി മാറ്റിയതാണ്. ഈ വിവിധ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ കുര്‍ദുകള്‍ മുസ്ളിങ്ങള്‍ തന്നെയാണെങ്കിലും അവര്‍ക്ക് സ്വന്തമായ രാഷ്ട്രമില്ല. ഒരുതരം ഗോത്രവര്‍ഗക്കാരാണ് അവര്‍. ഈ ഗവമെന്റുകളുടെയെല്ലാം എതിര്‍പ്പിനെ നേരിട്ടും സ്വന്തമായ ഒരു ദേശീയ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള സമരത്തിലാണ് അവര്‍. അമേരിക്ക അവര്‍ക്ക് ആയുധങ്ങള്‍ വിറ്റ് പണം കൊയ്യുന്നുണ്ടെങ്കിലും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ രാഷ്ട്രീയസഹായമൊന്നും ചെയ്യാറില്ല. അതുകൊണ്ട് കുര്‍ദുകള്‍ അമേരിക്കയെയും ശത്രുക്കളായി കാണുന്നു. അഹമ്മദി നെജാദിന്റെ നേതൃത്വത്തില്‍ ഇറാന്‍ ഇടപെട്ട് ഇറാഖിലെ കുര്‍ദ് ന്യൂനപക്ഷത്തെ സര്‍ക്കാരിന് അനുകൂലമായി മാറ്റിയതോടെ പുതുതായി രൂപംകൊള്ളാന്‍ പോകുന്ന സഖ്യകക്ഷി സര്‍ക്കാരിന് ദേശീയ വിശാലസഖ്യത്തിന്റെ സ്വഭാവം കൈവരുന്നത് അമേരിക്കയുടെ പശ്ചിമേഷ്യന്‍ തന്ത്രങ്ങളെയാകെ അവതാളത്തിലാക്കുകയും ഇറാന്റെ മേല്‍ക്കൈ സ്ഥാപിക്കുകയും ചെയ്യുന്നു. ആകെ 43 സീറ്റ് പാര്‍ലമെന്റിലുള്ള കുര്‍ദുകളുടെ നേതാവ് മസൂദ് ബസാനിയുമായുള്ള സഖ്യം പശ്ചിമേഷ്യയുടെ ഹൃദയഭാഗത്ത് ഒരു അമേരിക്കന്‍വിരുദ്ധ കോട്ട പടുത്തുയര്‍ത്തുന്നു. പശ്ചിമേഷ്യന്‍ ഭാവി നേരത്തെ സൂചിപ്പിച്ചതുപോലെ ഈ പുതിയ അമേരിക്കന്‍വിരുദ്ധ ശക്തികേന്ദ്രത്തിന്റെ അലകള്‍ ഇറാഖില്‍ ഒതുങ്ങുന്നില്ല. ഇറാനെ അനുകൂലിക്കുന്ന ഹിസ്ബുള്ള ലെബനനിലും ഇസ്രയേലിലും പലസ്തീനിലും ശക്തിയാര്‍ജിച്ചു വരികയാണ്. അമേരിക്ക ഭീകരവാദികളെന്നു പറഞ്ഞ് ആക്ഷേപിക്കുന്ന പല ഗ്രൂപ്പുകളും ഈ മേഖലയിലാകെ പടര്‍ന്നുപിടിക്കുകയാണ്. പലസ്തീനില്‍ തന്നെ യാസര്‍ അറഫാത്ത് സ്ഥാപിച്ച പലസ്തീന്‍ വിമോചന സംഘടന (പിഎല്‍ഒ)യെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍കഴിഞ്ഞ മറ്റൊരു സമരസംഘടന ഉയര്‍ന്നുവന്നിട്ടുണ്ട്. അവരുമായി ഒരുവിധത്തിലും ബന്ധപ്പെടുകയില്ലെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും നിലപാട്. സമാധാന ചര്‍ച്ചകളില്‍നിന്ന് തെരഞ്ഞെടുപ്പിലൂടെ കരുത്തുതെളിയിച്ച വിഭാഗങ്ങളെപ്പോലും ഒഴിച്ചുനിര്‍ത്തുമെന്നാണ് അവരുടെ വാശി. തുടക്കംതൊട്ടേ അമേരിക്കന്‍വിരുദ്ധ ചേരിയിലായ ഇറാനിയന്‍ ഇസ്ളാമിക റിപ്പബ്ളിക് ഈ പുതിയ സാഹചര്യത്തില്‍ പശ്ചിമേഷ്യ മുഴുവനും വിമോചന നേതൃത്വം ഏറ്റെടുക്കുന്ന പ്രതീതിയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത്ര വലിയ തിരിച്ചടിക്ക് ജോര്‍ജ് ബുഷ് എന്നല്ല ബറാക് ഒബാമ പോലും തയ്യാറായിരുന്നില്ല. അങ്ങനെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ സമവാക്യങ്ങളെല്ലാം തിരുത്തലിനു വിധേയമായിരിക്കുന്നു. ഹിന്ദു പത്രം അതിന്റെ മുഖപ്രസംഗത്തില്‍ (12-11-10) പറഞ്ഞതുപോലെ ഈ സംഭവവികാസങ്ങളില്‍ സന്തോഷിക്കുകയും അവയെ സ്വാഗതംചെയ്യുകയുമാണ് ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നത്.

1 comment:

പ്രതികരണൻ said...

ചിലരെയെങ്കിലും റദ്ദാകാൻ അനുവദിക്കൂ...

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്