വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, June 28, 2010

പെട്രോള്‍ വില സ്വതന്ത്രമാക്കുമ്പോള്‍


പെട്രോള്‍ വില സ്വതന്ത്രമാക്കുമ്പോള്‍

ഡോ. വി.കെ. വിജയകുമാര്‍

( മാതൃഭൂമി ദിനപ്പത്രം 2010 ജൂണ്‍26)

സര്‍ക്കാറിന്റെ വരുമാനം സബ്‌സിഡി നല്‍കാനായി ചെലവിടുന്നത് ദരിദ്രര്‍ക്കും വിവേചനമനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവശതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും ആശ്വാസം പകരാനായിരിക്കണം; ഇടത്തരക്കാരെയും സമ്പന്നരെയും സുഖിപ്പിക്കാനാവരുത്

''ഒരു സാമ്പത്തിക വിദഗ്ധന്റെ ഒന്നാം നമ്പര്‍ ശത്രു കൈയടിയാണ്. കാരണം, അത് വരുന്നത് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരില്‍ നിന്നായിരിക്കും'' ആല്‍ഫ്രഡ് മാര്‍ഷല്‍

പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വിലകള്‍ വര്‍ധിപ്പിക്കണോ എന്നതിനെ സംബന്ധിച്ച് ഹിതപരിശോധന നടത്തിയാല്‍ 99 ശതമാനം പേരും 'വേണ്ട' എന്നായിരിക്കും പറയുക. മഹാഭൂരിപക്ഷവും എതിര്‍ക്കുന്ന കാര്യത്തെ ഭാഗികമായെങ്കിലും അനുകൂലിക്കുന്നത് ജനവിരുദ്ധവും പിന്തിരിപ്പനുമായ സമീപനമായി വിലയിരുത്തപ്പെടാം. എങ്കിലും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയെക്കുറിച്ചും അത് ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും സമ്പദ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത് ഉചിതമായിരിക്കും.

ആവശ്യമായ ക്രൂഡ്ഓയിലിന്റെ 75 ശതമാനവും നാം ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് വിമാന ഇന്ധനം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ വിപണിയില്‍ വില്‍ക്കുന്നു. ക്രൂഡ് ഓയിലിന്റെ അന്തര്‍ദേശീയ വില വര്‍ധിക്കുന്നതിനനുസരിച്ച് കമ്പനികള്‍ വില്‍ക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ വര്‍ധിപ്പിക്കാതിരിക്കുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടംനികത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. ഇതിന്റെ ഒരുഭാഗം എണ്ണവാതക ഉത്പാദകരായ .എന്‍.ജി.സി., ..എല്‍., ജി...എല്‍. എന്നീ പൊതുമേഖലാ കമ്പനികളും വഹിക്കുന്നു.

പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ എകൈ്‌സസ്ഡ്യൂട്ടി ചുമത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ വാറ്റ് ചുമത്തുന്നു. കൂടാതെ, ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് തീരുവയുമുണ്ട്. നികുതികളില്ലെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ ഗണ്യമായി കുറവായിരിക്കും എന്നത് ശരിയാണ്. പക്ഷേ, നികുതികള്‍ എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്താല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. റവന്യൂകമ്മി വര്‍ധിക്കുകയും ചെയ്യും.

ഒരു സ്വകാര്യ ബിസിനസ് സ്ഥാപനം 10 രൂപയ്ക്ക് വാങ്ങുന്ന സാധനം എട്ട് രൂപയ്ക്ക് വിറ്റാല്‍ എന്ത് സംഭവിക്കും? സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ന്യായമായ വിലയില്‍ സാധന, സേവനങ്ങള്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. അതിനാല്‍ പല സാധന, സേവനങ്ങള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. എന്നാല്‍ സബ്‌സിഡി ബാധ്യത ഒരു പരിധികഴിഞ്ഞാല്‍ വലിയ ധനക്കമ്മിയും പൊതുകട ബാധ്യതയും ഉണ്ടാക്കും. അപ്പോള്‍, സ്വകാര്യ ബിസിനസ് പാപ്പരാകുന്നതുപോലെ സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും. ഗ്രീസിലും സ്‌പെയിനിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ മൂലകാരണം സാമ്പത്തിക അച്ചടക്കം പാലിക്കാത്തതാണ്.

200910 ല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന വിലയും പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വിലയും തമ്മിലുള്ള അന്തരം മൂലമുണ്ടായ കമ്മി 46,051 കോടി രൂപയായിരുന്നു. അതായത്, കേന്ദ്രസര്‍ക്കാറും പൊതുമേഖലയിലെ എണ്ണ, വാതക ഉത്പാദക കമ്പനികളും ചേര്‍ന്ന് 46,051 കോടി രൂപയുടെ സബ്‌സിഡി ബാധ്യത ഏറ്റെടുത്തു എന്നര്‍ഥം. നാല് ലക്ഷം കോടി രൂപയിലധികം കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് നടത്തിയെന്നോര്‍ക്കുക. കടംവാങ്ങി സബ്‌സിഡി നല്‍കുമ്പോള്‍ ഭാവിയിലെ കടബാധ്യത വര്‍ധിക്കുന്നു.

46,051 കോടി രൂപയുടെ കമ്മിയില്‍ 14,257 കോടി രൂപ പാചകവാതകത്തിനും 17,364 കോടി രൂപ മണ്ണെണ്ണയ്ക്കും നല്‍കിയ സബ്‌സിഡിയായിരുന്നു. ബാക്കി ഡീസലിനും പെട്രോളിനും. ഇത്രയും ഭീമമായ കമ്മി നിലനിര്‍ത്തിക്കൊണ്ടുപോകാവുന്നതല്ല. മാത്രമല്ല, ഇതില്‍ പലതും അനാവശ്യവുമാണ്.

പാചക വാതകത്തിന്റെ കാര്യമെടുക്കാം. ഇന്ത്യയില്‍ പാചകവാതകമുപയോഗിക്കുന്നത് 55 ശതമാനം കുടുംബങ്ങളാണ്. 55 ശതമാനത്തില്‍ ഗണ്യമായ വിഭാഗം ഇടത്തരക്കാരും ഉയര്‍ന്ന ഇടത്തരക്കാരുമാണ്. ബാക്കി സമ്പന്നരും. ഇന്ത്യയിലെ യഥാര്‍ഥ ദരിദ്രര്‍ പാചകത്തിന് വിറകും ചാണക വരളിയും മറ്റുമാണ് ഉപയോഗിക്കുന്നത്. താഴ്ന്ന ഇടത്തരക്കാരും പാചകവാതകം ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത അവഗണിക്കുന്നില്ല. പാചക വാതക സബ്‌സിഡിയിനത്തില്‍ ചെലവിടുന്ന 14,000 കോടി രൂപകൊണ്ട് യഥാര്‍ഥ ദരിദ്രര്‍ക്ക് യാതൊരു ഗുണവുമുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഭീമമായ സബ്‌സിഡി ന്യായീകരിക്കാവുന്നതല്ല.

പെട്രോള്‍ ഉപയോഗിച്ച് കാറോടിക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്നത് അസംബന്ധമാണ്. ഇരുചക്ര മോട്ടോര്‍ വാഹനങ്ങളോടിക്കുന്നത് അധികവും ഇടത്തരക്കാരാണ്. വിഭാഗങ്ങളെ പെട്രോള്‍ വില വര്‍ധന ബുദ്ധിമുട്ടിക്കുമെങ്കിലും സബ്‌സിഡിക്ക് നീതീകരണമില്ല. ഡീസല്‍ വില വര്‍ധനയെ എതിര്‍ക്കുന്നതില്‍ സാമ്പത്തിക യുക്തിയുണ്ട്. പൊതുഗതാഗതവും സാധനങ്ങളുടെ കടത്തും ഡീസലിനെ ആശ്രയിക്കുന്നു. ഡീസല്‍ വിലവര്‍ധന ഗതാഗതച്ചെലവ് വര്‍ധിപ്പിക്കുക വഴി വിലക്കയറ്റമുണ്ടാക്കും. അതുകൊണ്ട്, ഉയര്‍ന്ന വിലക്കയറ്റമുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡീസല്‍ വിലവര്‍ധന അഭികാമ്യമല്ല.

കഠിനമായ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന ഉത്പന്നമായതുകൊണ്ടാണ് മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി ന്യായീകരിക്കപ്പെടുന്നത്. ദരിദ്രര്‍ക്ക് മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് നല്‍കുക തന്നെ വേണം. എന്നാല്‍, മണ്ണെണ്ണ സബ്‌സിഡിയുടെ വലിയൊരുഭാഗം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് വസ്തുത. എന്‍.സി...ആറിന്റെ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച്) ഒരു പഠനത്തില്‍ കണ്ടെത്തിയത് സബ്‌സിഡി നല്‍കുന്ന മണ്ണെണ്ണയുടെ 39 ശതമാനവും കരിഞ്ചന്തയിലേക്ക് പോകുന്നു എന്നാണ്. അതായത്, 6000 കോടി രൂപയിലധികം സബ്‌സിഡി നല്‍കിയ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് പോകുന്നു.

മറ്റൊരു വിദഗ്ധ കമ്മിറ്റിയായ ആര്‍.കെ. ചതുര്‍വേദി കമ്മിറ്റിയുടെ കണ്ടെത്തലുകളും ശ്രദ്ധേയമാണ്. വിളക്ക് കത്തിക്കാന്‍ മണ്ണെണ്ണ ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മൊത്തം മണ്ണെണ്ണ വിതരണത്തിന്റെ 24 ശതമാനവും പോകുന്നത് 100 ശതമാനം വൈദ്യുതീകരിക്കപ്പെട്ട സംസ്ഥാനങ്ങളിലേക്കാണ് എന്ന് ചതുര്‍വേദി കമ്മിറ്റി കണ്ടെത്തി. ഇന്ത്യയില്‍ ഒരു ശതമാനം കുടുംബങ്ങള്‍ മാത്രമേ പാചകത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ്.

വര്‍ഷം ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 80 ഡോളറായി നില്‍ക്കുകയാണെങ്കില്‍ (രണ്ട് മാസം മുമ്പ് ബാരലിന് 86 ഡോളര്‍വരെ ഉയര്‍ന്ന വില ഇപ്പോള്‍ ഏകദേശം 76 ഡോളറാണ്.) പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള മൊത്തം സബ്‌സിഡി 98,000 കോടി രൂപയായി വര്‍ധിക്കും. ഇത്രയും ഭീമമായ സബ്‌സിഡി സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ദോഷം ചെയ്യും. സ്ഥൂലസമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ കാഴ്ചപ്പാടിലും ജനങ്ങളുടെ ദീര്‍ഘകാല ക്ഷേമത്തിന്റെ കാഴ്ചപ്പാടിലും ഇത് അഭിലഷണീയമല്ല.

പെട്രോളിയം സബ്‌സിഡി മൂലമുണ്ടാകുന്ന കമ്മിനികത്താന്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ ആരാഞ്ഞുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ഇന്ത്യയിലിപ്പോള്‍ പ്രത്യക്ഷ നികുതികള്‍ ന്യായമായ നിലവാരത്തിലാണ്. പരോക്ഷ നികുതികള്‍ ജി.എസ്.ടി.യിലൂടെ 2011ല്‍ ഏകോപിപ്പിക്കാന്‍ പോകുന്നു. ഇനി, മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണം എന്നവാദം തര്‍ക്കത്തിന് അംഗീകരിക്കുകയാണെങ്കില്‍ തന്നെ, അത്തരം വരുമാനങ്ങള്‍ മറ്റ് ജനക്ഷേമ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഉദാഹരണത്തിന്, 201011 ബജറ്റിലെ സ്വാവലംബന്‍ പദ്ധതി. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന അവശയതയനുഭവിക്കുന്ന വിഭാഗങ്ങള്‍ പതിനായിരം രൂപവരെ സമ്പാദ്യം നടത്തുമ്പോള്‍ അവരുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതാണ് സാധുജനപക്ഷവും കാര്യക്ഷമവുമായ പദ്ധതി. സര്‍ക്കാറിന്റെ വരുമാനം സബ്‌സിഡി നല്‍കാനായി ചെലവിടുന്നത് ദരിദ്രര്‍ക്കും വിവേചനമനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവശതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും ആശ്വാസം പകരാനായിരിക്കണം; ഇടത്തരക്കാരെയും സമ്പന്നരെയും സുഖിപ്പിക്കാനാവരുത്.

കുറേ കാലമായി അനുഭവിച്ചുവരുന്നൊരു ആനുകൂല്യം (ഒരു സിലിണ്ടര്‍ പാചകവാതകത്തിന് 260 രൂപയോളം സബ്‌സിഡിയുണ്ടെന്ന് പല ഉപഭോക്താക്കള്‍ക്കും അറിയില്ല.) പെട്ടെന്ന് ഇല്ലാതാക്കുന്നത് വ്യാപകമായ പ്രതിഷേധമുണ്ടാക്കും. അതുകൊണ്ട് സബ്‌സിഡി കുറയ്ക്കുന്നത് ഘട്ടം ഘട്ടമായിട്ടുവേണം. കിരീത് പരീഖ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നത് പാചകവാതകം സിലിണ്ടറിന് 100 രൂപയും മണ്ണെണ്ണ ലിറ്ററിന് ആറ് രൂപയും വര്‍ധിപ്പിക്കാനാണ്.

പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ പൂര്‍ണമായി സ്വതന്ത്രമാക്കാനും കമ്മിറ്റി നിര്‍ദേശിക്കുന്നു. കൂടാതെ, മണ്ണെണ്ണയുടെ പൊതുവിതരണത്തല്‍ 20 ശതമാനം കുറവ് വരുത്താനും നിര്‍ദേശമുണ്ട്. ഇത് രാഷ്ട്രീയമായി സ്വീകാര്യമാകാനിടയില്ല. സാമ്പത്തിക യുക്തിക്കും രാഷ്ട്രീയസ്വീകാര്യതയ്ക്കും നിരക്കുന്നതായിരിക്കണം നടപടികള്‍.

ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യണം? ഉയര്‍ന്ന വിലക്കയറ്റമുള്ള സ്ഥിതിക്ക് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് അഭികാമ്യമല്ല. അതുകൊണ്ട് ഡീസലിന്റെ എകൈ്‌സസ് തീരുവ കുറച്ച് വിലകള്‍ സ്വതന്ത്രമാക്കിയാല്‍ ഡീസല്‍ വിലവര്‍ധന ഒഴിവാക്കാം. എകൈ്‌സസ് തീരുവയില്‍നിന്ന് ലഭിക്കുന്ന വരുമാനക്കുറവ് വര്‍ഷം പ്രശ്‌നമാകില്ല. 3 ജി സ്‌പെക്ട്രം, വയര്‍ലെസ് ബ്രോഡ്ബ്രാന്‍ഡ് എന്നിവയുടെ ലേലത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത ബംബര്‍ വരുമാനം സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്.

പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന വരുത്താം. പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കണം. അര്‍ഹിക്കുന്നവര്‍ക്ക് പാചകവാതകത്തിന് സബ്‌സിഡി നല്‍കണമെങ്കില്‍ ഇരട്ടവില സമ്പ്രദായം നടപ്പാക്കണം. കാര്യക്ഷമമായി ഇത് ചെയ്യണമെങ്കില്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന യു..ഡി. പദ്ധതി പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുന്നതായിരിക്കും ഉചിതം. മണ്ണെണ്ണ സബ്‌സിഡിയും അര്‍ഹിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. വിലക്കയറ്റം നിയന്ത്രണാധീനമായതിനുശേഷം കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം.

ഏതായാലും പെട്രോളിനെ സര്‍ക്കാര്‍ വില നിശ്ചയിക്കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയും ഡീസലിനും പാചകവാതകത്തിനും മണ്ണെയ്ക്കും വില വര്‍ധിപ്പിച്ചും തീരുമാനമെടുത്തുകഴിഞ്ഞു. കിരീത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അപ്പാടെ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. സാമൂഹിക, രാഷ്ട്രീയ പരിഗണനകള്‍ തന്നെ കാരണം.

പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ ഡഗ്ലസ് നോര്‍ത്ത് വികസിപ്പിച്ച ആശയമാണ് കൗണ്ടര്‍ ഫാക്ചലിസം. ഇതില്‍ ഒരു നടപടിയെ വിലയിരുത്തുന്നത് അതിന്റെ ഫലമായി എന്തുസംഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച്, നടപടി സ്വീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.

ഉദാഹരണത്തിന്, പ്രമേഹം മൂര്‍ച്ഛിച്ച് കാലിലെ മുറിവ് പഴുത്ത അവസ്ഥയിലുള്ള രോഗിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു എന്നു കരുതുക. രോഗിയുടെ കാല് മുറിച്ചുകളഞ്ഞ് ഡോക്ടര്‍മാര്‍ അയാളുടെ ജീവന്‍ രക്ഷിക്കുന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ഫലമായി രോഗിക്ക് കാല് നഷ്ടമായി എന്നുപറയുന്നത് ശരിയാണ്. എന്നാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടും കാല്‍ മുറിച്ചുകളഞ്ഞതുകൊണ്ടും ജീവന്‍ രക്ഷിക്കാനായി എന്നതാണ് വസ്തുത. ഇതാണ് കൗണ്ടര്‍ ഫാക്ചലിസം.

ചില പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ വര്‍ധിപ്പിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ടാകും. വിലകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ കമ്മി വര്‍ധിച്ച് പരോക്ഷമായി വിലക്കയറ്റമുണ്ടാകും എന്നതും വസ്തുതയാണ്. ഭീമമായ പെട്രോളിയം സബ്‌സിഡി ഉണ്ടാക്കുന്ന ധനക്കമ്മിയും തല്‍ഫലമായി ഉണ്ടായേക്കാവുന്ന സ്ഥൂലസാമ്പത്തിക പ്രതിസന്ധികളും ഗുരുതരമായിരിക്കും. വലിയ വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ധനക്കമ്മിയുള്ള രാജ്യമാണ് ഇന്ത്യ എന്ന് ഓര്‍ക്കണം.

ഗ്രീസില്‍ ധനക്കമ്മി കൂടിയപ്പോള്‍ ജനങ്ങളാരും പ്രതിഷേധിച്ചില്ല. കാരണം അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ക്കറിയില്ലായിരുന്നു. ഇപ്പോള്‍ കടപ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കര്‍ശന നടപടികള്‍ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കല്‍, നികുതി വര്‍ധന നടപ്പാക്കുമ്പോള്‍, സ്വാഭാവികമായും വ്യാപകപ്രതിഷേധമുയരുന്നു. വൈകിയുണ്ടാകുന്ന പ്രതിഷേധം സംഭവിക്കാതിരിക്കാന്‍ കാലാനുസൃതമായ തീരുമാനമുണ്ടാകണം. കാല്‍ മുറിച്ചുകളയുന്നതിലും നല്ലത് പ്രമേഹം നിയന്ത്രിക്കുന്നതല്ലേ?

Sunday, June 27, 2010

കൂട്ടം ചേരാന്‍ സ്വാതന്ത്യ്രമില്ലേ?


കൂട്ടം ചേരാന്‍ സ്വാതന്ത്യ്രമില്ലേ?

ദേശാഭിമാനി

എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ലിന്, ചെറിയ ഒരു പ്രത്യേക കാര്യം സാധിക്കാന്‍ ആകപ്പാടെ കുഴപ്പമുണ്ടാക്കുക എന്ന അര്‍ഥമാണ്. പൊതുനിരത്തുകള്‍ക്ക് സമീപം പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി ഉത്തരവ് അത്തരമൊരു ചൊല്ലിനെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു. റോഡരികില്‍ ആളുകള്‍ കൂട്ടംകൂടി ആശയം പങ്കുവയ്ക്കാന്‍ പാടില്ല എന്നാണ് കോടതി പറയുന്നത്. അങ്ങനെ പൊതുയോഗം കൂടിയാല്‍ ഗതാഗത തടസ്സമുണ്ടാകുമെന്നും വാഹനങ്ങള്‍ ചീറിപ്പാഞ്ഞുവന്ന് അപകടമുണ്ടാക്കുമെന്നുമൊക്കെ ഉത്തരവിലുള്ളതായി വാര്‍ത്ത വന്നിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം പാടില്ല, പ്രകടനം നടത്താന്‍ പാടില്ല, സമരം ചെയ്യാന്‍ പാടില്ല എന്നിങ്ങനെയുള്ള ഉത്തരവുകളുടെ ശ്രേണിയിലാണ് ഇതും. ലളിതമായ വാക്കുകളില്‍, ഭരണഘടന പൌരന് നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഈ ഇടപെടല്‍.

ആലുവ റെയില്‍വേസ്റേഷന്‍ മൈതാനിയില്‍ പൊതുയോഗം നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു കാണിച്ച് ആലുവയിലെ ഒരാള്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഇങ്ങനെയൊരു നിര്‍ദേശം ഉണ്ടായത്. റോഡരികില്‍ പൊതുയോഗം നടത്താന്‍ പൊലീസോ റവന്യൂ അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അനുമതി നല്‍കരുത്; ഇതു ലംഘിച്ചാല്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുക്കണം; പൊതുയോഗം നടത്തുന്നതിന് നിര്‍മിച്ചിട്ടുള്ള മൈതാനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല എന്നിവയാണ് ഉത്തരവിലെ പ്രധാന കാര്യങ്ങള്‍. ഗതാഗതം തടസ്സപ്പെടുകയും റോഡപകടങ്ങള്‍ വര്‍ധിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണിതെന്ന്് കോടതി വിശദീകരിച്ചിട്ടുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗതാഗതം മുടക്കിയുള്ള പൊതുപരിപാടികള്‍ താരതമ്യേന കുറഞ്ഞ നാടാണ് കേരളം. രാഷ്ട്രീയ പാര്‍ടികളുടെ പൊതുപരിപാടികള്‍, ആരാധനാലയങ്ങളോടനുബന്ധിച്ച ഉത്സവങ്ങള്‍, പൊതുപങ്കാളിത്തമുള്ള ഓണാഘോഷം, യുവജനോത്സവങ്ങള്‍, അവയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍-ഇവയെല്ലാം നടക്കുമ്പോള്‍ താല്‍ക്കാലികമായെങ്കിലും റോഡ് തടസ്സപ്പെടാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാറുമുണ്ട്.

വിവിഐപി സഞ്ചാരത്തിന് മറ്റെല്ലാ വാഹനങ്ങളും മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തുന്നത് കേരളത്തില്‍ വിരളമെങ്കിലും അന്യസംസ്ഥാനങ്ങളില്‍ പതിവാണ്. അങ്ങനെ റോഡ് തടസ്സപ്പെടുന്നതുകൊണ്ട് സുരക്ഷാ പ്രശ്നമുള്ള വിവിഐപികള്‍ സഞ്ചരിക്കുകയേ വേണ്ട എന്ന് തീര്‍പ്പുകല്‍പ്പിക്കാനാകുമോ? പാതയോരത്ത് നില്‍ക്കുന്നത് വാഹനാപകടത്തിന് കാരണമാകുമെന്ന കാരണത്താല്‍ റോഡരികിലുള്ള ബസ്ഷെല്‍ട്ടറുകളും കടകളും പൊളിച്ചുകളയാന്‍ പറ്റുമോ? താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പൊതുസ്ഥലങ്ങള്‍ കുറവും. പൊതുയോഗത്തിനു പറ്റുന്ന മൈതാന സൌകര്യമുള്ള എത്ര പട്ടണങ്ങളുണ്ട് കേരളത്തില്‍? ഇത്തരമൊരു സാഹചര്യത്തില്‍ റോഡരികുകള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികള്‍ക്കും സംഘടനകള്‍ക്കും ജനങ്ങളുമായി സംവദിക്കാനുള്ള വേദിയാകുന്നത് സ്വാഭാവികമാണ്. അത് ഒരു നിയന്ത്രണവുമില്ലാതെ, ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് വേണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. എന്നാല്‍, പൊതുയോഗങ്ങള്‍ ചോരാനേ പാടില്ലെന്ന സമീപനം ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല. അങ്ങനെ വന്നാല്‍, ജനങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് ആശയപ്രചാരണത്തിന് മറ്റ് ഏത്ഉപാധിയാണ് സ്വീകരിക്കാനാവുക?

മൂലധനതാല്‍പ്പര്യവും അതിന്റെ രാഷ്ട്രീയവും സംരക്ഷിക്കുന്ന വന്‍കിട ദൃശ്യമാധ്യമങ്ങളുടെ തടവുകാരായി മനുഷ്യന്‍ കഴിഞ്ഞാല്‍ മതിയോ? കൂട്ടിനകത്തുതന്നെ ഇരുന്ന് ചുറ്റും നടക്കുന്നതെല്ലാം അവഗണിച്ചാല്‍ മതിയോ? രാഷ്ട്രീയ പാര്‍ടികളും അവയുടെ പ്രവര്‍ത്തനവും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസരിച്ചുള്ളതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും കൂടുതല്‍ സീറ്റുകിട്ടിയാല്‍ ഭരണത്തിലേറുന്നതും രാഷ്ട്രീയ പാര്‍ടികളാണ്. ആ പാര്‍ടികള്‍ക്ക് തങ്ങളുടെ നയപരിപാടികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്; അവകാശമുണ്ട്. പൊതുയോഗം ജനങ്ങളുടെ കൂട്ടായ്മയാണ്. ജനാധിപത്യവും ജനങ്ങളുടെ കൂട്ടായ്മയാണ്. അതുകൊണ്ടുതന്നെ റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതിഉത്തരവ് ജനാധിപത്യത്തിന്റെ നിരാസമാണ്. ഭരണഘടനാദത്തമായ ആശയപ്രകാശന സ്വാതന്ത്യ്രത്തിനും പൌരാവകാശത്തിനാകെയും എതിരാണത്. അതിലുപരി, നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയില്‍ കടന്നുകയറുന്നതുമാണ്.

നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും അനുസരിച്ചുള്ള അനുമതിയാണ് പൊതുയോഗങ്ങള്‍ക്ക് അധികൃതര്‍ നല്‍കുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്. ദൌര്‍ഭാഗ്യകരമായ ഈ കോടതിയുത്തരവ് അസ്ഥിരപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും തേടേണ്ടതുണ്ട്. റോഡരികിലെ പൊതുയോഗം ആലുവയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് പ്രത്യേക പ്രശ്നമായി കണ്ട് പരിഹാരം തേടുന്നതിനുപകരം നാട്ടിലൊരിടത്തും പാതയോരത്ത് പൊതുയോഗം നടത്താന്‍ പാടില്ല എന്നുവരുന്നത് ഒരര്‍ഥത്തിലും ആശാസ്യമല്ല. അരാഷ്ട്രീയ ആശയങ്ങളുടെ വക്താക്കളെയാണ് ഈ ഉത്തരവ് ഏറെ സന്തോഷിപ്പിക്കുക. അതോടൊപ്പം വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെയും. അവര്‍ക്ക് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായമുണ്ടല്ലോ. സാധാരണക്കാരന്റെ പ്രശ്നങ്ങളും ആശങ്കകളുമാണല്ലോ കവലയില്‍ മൈക്കുകെട്ടി ചര്‍ച്ചചെയ്യുന്നത്. അത് ചര്‍ച്ച ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന മനോഭാവം ജനവിരുദ്ധമാണ്.

Wednesday, June 23, 2010

ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും

ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും

ടി കെ ഹംസ

(ദേശാഭിമാനി ലേഖനം)

മതേതരത്വമാണ് തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മുസ്ളിം ലീഗ് പറയാറുണ്ട്. മുസ്ളിം ന്യൂനപക്ഷത്തിന്റെ ഭൌതിക ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നത് എന്നതാണ് അവരുടെ അവകാശവാദം. മുസ്ളിം സമുദായത്തെ വോട്ടുബാങ്കാക്കി ഉപയോഗപ്പെടുത്തി അധികാരം നേടുക എന്നതാണ് ലീഗിന്റെ പരിപാടി. അധികാരത്തിലെത്താനും അത് നിലനിര്‍ത്താനും വേണ്ടി പലഘട്ടത്തിലും മുസ്ളിം മതവികാരം ഇളക്കിവിട്ടുള്ള ഹീനതന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കാറുണ്ട്. ലീഗിന്റെ കാലിനടിയില്‍നിന്ന് മണ്ണ് ചോര്‍ന്നുപോയിരിക്കുന്നു.

വര്‍ഗീയതയിലും, തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കണ്ണുവച്ച് പുതിയ ചില സംഘടനകള്‍ രംഗത്ത് വരുന്നതും ലീഗിനെ ക്ഷീണിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗ് പുതിയ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാന്‍ ഇടവന്നത്. ഐഎന്‍എല്ലിനെ ഇടതുപക്ഷബന്ധത്തില്‍നിന്ന് അടര്‍ത്തിയെടുക്കാനും, ലീഗിനോട് ധിക്കാരം കാണിച്ച് പണ്ട് വിട്ടുപോയതിന് 'ക്ഷ' പറയിപ്പിക്കാനും ഒരു കൊല്ലമായി ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍, പോയവര്‍ മുഴുവന്‍ തിരിച്ചുവരില്ലെന്നും, ഐഎന്‍എല്‍ ഇടതുപക്ഷത്തോടു കാണിച്ച വഞ്ചനയില്‍ അതിലെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടെന്നും ലീഗ് മനസിലാക്കുന്നു. ഈ കാരണങ്ങളാലാണ് പുതിയ മാര്‍ഗങ്ങള്‍ മുസ്ളിം ലീഗ് അന്വേഷിക്കാന്‍ നിര്‍ബദ്ധരാകുന്നത്.

എന്‍ഡിഎഫുമായുള്ള അടുപ്പം വേണ്ടത്ര പ്രയോജനമുണ്ടാക്കുന്നില്ല എന്നവര്‍ മനസിലാക്കി. അങ്ങനെയാണ് ജമാഅത്തെ ഇസ്ളാമിയുമായി ബന്ധമുണ്ടാക്കാനുള്ള രഹസ്യ അജന്‍ഡ രൂപപ്പെട്ടത്. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നു പ്രാവശ്യം ലീഗുമായി ചര്‍ച്ച നടത്തി എന്നാണ് അമീര്‍ ആരിഫലി പറഞ്ഞത്. അത് നിഷേധിച്ച്, ഒരു പ്രാവശ്യമേ ചര്‍ച്ച നടത്തിയിട്ടുള്ളു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മുസ്ളിം സമുദായത്തിനകത്ത് വര്‍ഗീയവികാരം നിലനിര്‍ത്തി അധികാരം പിടിക്കാനും അതുവഴി നേട്ടങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ഒരു സാമുദായിക രാഷ്ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല.

എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്. 1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ്' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു.

ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി. എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ.

വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്. മതം രാഷ്ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്തിലെ മുസ്ളിം ബ്രദര്‍ഹുഡ്ഡ് (ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു.

ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡ്ഡുകാര്‍ ഈജിപ്തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്ദ് അക്ബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്.

ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്റോസ്'. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും. ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്.

'മൈല്‍ സ്റോസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107). ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86) ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു.

ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡ്ഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്. ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക: "താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്''.

ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന:് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്മീരിലും രണ്ടാണ്. കാരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്. മേല്‍വിവരിച്ച ഇസ്ളാമും, രാഷ്ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്തു എന്നു പറയുന്നത് യാദൃച്ഛികമല്ല.

സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു.

മനുഷ്യാവകാശം തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്