വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, May 15, 2010

പണം വാങ്ങി വര്‍ഗീയ കലാപത്തിന് ശ്രീരാമസേന

പണം വാങ്ങി വര്‍ഗീയ കലാപത്തിന് ശ്രീരാമസേന

ബി ഗിരീഷ്കുമാര്‍

ദേശാഭിമാനി

ബംഗളൂരു: വര്‍ഗീയ സംഘര്‍ഷം ഇളക്കിവിട്ട് കലാപം സംഘടിപ്പിക്കുന്നതിന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് പണം ആവശ്യപ്പെടുന്ന ദൃശ്യം പുറത്തായി. ചിത്രകാരനെന്ന വ്യാജേന സമീപിച്ച തെഹല്‍ക മാസികയുടെ റിപ്പോര്‍ട്ടറോട് മുത്തലിക് ലക്ഷങ്ങള്‍ ആവശ്യപ്പെടുന്ന ഒളിക്യാമറ രംഗമാണ് പുറത്തായത്. തനിക്ക് എം എഫ് ഹുസൈനെപ്പോലെ പ്രശസ്തനാകണമെന്നും അതിന് തന്റെ ചിത്രപ്രദര്‍ശനം നടക്കുന്ന സ്ഥലം ആക്രമിച്ച് വാര്‍ത്താശ്രദ്ധ നേടിത്തരണമെന്നുമായിരുന്നു 'ചിത്രകാരന്റെ' ആവശ്യം.

അക്രമം നടത്തി കലാപം ഉണ്ടാക്കാമെന്നു സമ്മതിച്ച ശ്രീരാമസേനാനേതാവ് ഇതിന് 60 ലക്ഷം ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഹെഡ്ലൈന്‍സ് ടുഡേ ചാനലും തെഹല്‍കയും പുറത്തുവിട്ടത്. സദാചാര പൊലീസ് ചമയുന്ന സംഘപരിവാര്‍ സംഘടനയായ ശ്രീരാമസേന കൃത്യമായ കച്ചവടം ഉറപ്പിച്ചാണ് പ്രതിഷേധവും കലാപവും സംഘടിപ്പിക്കുന്നതെന്ന് ഒളിക്യാമറ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

മംഗളൂരുവില്‍ 2009ല്‍ നടന്ന പബ് ആക്രമണത്തിലൂടെ കുപ്രസിദ്ധനായ ശ്രീരാമസേനാ നേതാവ് മുത്തലിക്കിനെ ആറാഴ്ച പിന്തുടര്‍ന്ന് തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ട് സംഘടനയുടെ 'സദാചാരമുഖംമൂടി' വലിച്ചുകീറുന്നതാണ്.

'ബംഗളൂരുവിലോ മംഗളൂരുവിലോ വേണമെന്നുണ്ടെങ്കില്‍ (വര്‍ഗീയ കലാപം) സംഘടിപ്പിക്കാവുന്നതേയുള്ളൂ' എന്ന് മുത്തലിക് വളച്ചുകെട്ടില്ലാതെ പറയുന്നു. എം എഫ് ഹുസൈനെപ്പോലെ പ്രശസ്തനാകാന്‍ തന്റെ ചിത്രപ്രദര്‍ശനസ്ഥലത്ത് വര്‍ഗീയകലാപം സംഘടിപ്പിക്കണമെന്ന് 'ചിത്രകാരന്‍' മുത്തലിക്കിനോട് ആവശ്യപ്പെടുന്നു. വര്‍ഗീയകലാപം സംഘടിപ്പിക്കാന്‍ പ്രയാസമില്ലെന്നു പറഞ്ഞ മുത്തലിക്് അനുയായികളെ കാണാന്‍ നിര്‍ദേശിച്ചു.

'ഹിന്ദുത്വത്തിന്റെ ഉന്നമനത്തിനായി' ചിത്രകാരനില്‍നിന്ന് 10,000 രൂപയും മുത്തലിക് കൈപ്പറ്റി. ഇതിന്റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ഇതേ ആവശ്യവുമായി ശ്രീരാമസേനയുടെ ദേശീയ വൈസ് പ്രസിഡന്റ് പ്രസാദ് അത്താവൂര്‍, ബംഗളൂരു പ്രസിഡന്റ് വസന്തകുമാര്‍ ഭവാനി എന്നിവരെയും നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചു.

അധോലോകബന്ധത്തിന്റെ പേരില്‍ ജയിലിലാണ് പ്രസാദ് അത്താവൂര്‍. പ്രസാദ് അത്താവൂരുമായി നാലുതവണ നടത്തിയ സംഭാഷണങ്ങളില്‍ മൂന്നും ജയിലിലായിരുന്നു. ശ്രീരാമസേനാ നേതാക്കള്‍ ജയിലില്‍ സ്വതന്ത്രവിഹാരം നടത്തുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി. പൊലീസിനും ഇവരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് അറിയാമെന്ന ഗൌരവമായ ആരോപണവും ചാനല്‍ ഉന്നയിക്കുന്നു.

കലാപത്തിന്റെ കൂലി സംബന്ധിച്ച് പ്രസാദുമായി ഹിന്ദിയില്‍ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:

പ്രസാദ്: എത്ര പണം വേണ്ടിവരുമെന്ന് ഞാന്‍ പറയാം (കലാപം നടത്താന്‍) റിപ്പോര്‍ട്ടര്‍: എത്ര പയ്യന്മാരുണ്ടാകും?

പ്രസാദ്: അമ്പത്. റിപ്പോര്‍ട്ടര്‍: അമ്പതു പേര്‍ വന്ന് അക്രമം നടത്തി സാധനങ്ങള്‍എല്ലാം നശിപ്പിക്കുമോ?

പ്രസാദ്: തീര്‍ച്ചയായും. അവിടെ (മംഗളൂരു പബ്) സംഭവിച്ചതു പോലെതന്നെ.

സുദീര്‍ഘ ചര്‍ച്ചയ്ക്ക് ഒടുവില്‍ കലാപം നടത്താനുള്ള കൂലി 60 ലക്ഷമായി ഉറപ്പിച്ചു. ചിത്രപ്രദര്‍ശനത്തില്‍ സംസ്ഥാന വഖഫ് മന്ത്രി മുംതാസ് അലിഖാനെ മുഖ്യാതിഥിയാക്കിയാല്‍ പരിപാടി അലങ്കോലമാകുമ്പോള്‍ വാര്‍ത്താപ്രാധാന്യം കിട്ടുമെന്ന് വസന്തകുമാര്‍ ഭവാനി നിര്‍ദേശിക്കുന്നു. ചിത്രപ്രദര്‍ശനം അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ കേസ് കൊടുക്കില്ലെന്ന് 'കലാകാരന്‍' ഉറപ്പു നല്‍കുമ്പോള്‍ ഭവാനി അത് സമ്മതിക്കുന്നില്ല.

കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ സംഭവം ആസൂത്രണം ചെയ്തതാണെന്ന് ജനങ്ങള്‍ സംശയിക്കുമെന്നും വസന്തകുമാര്‍ ഭവാനി പറയുന്നു. പണം നല്‍കിയാല്‍ വര്‍ഗീയകലാപം സംഘടിപ്പിക്കാമെന്നു പറഞ്ഞ മുത്തലിക്കിനെതിരെ ഉചിത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു.

Saturday, May 8, 2010

മലയാളം ഒന്നാംകിടതന്നെ

ദേശാഭിമാനിയിൽ നിന്ന്

മലയാളം ഒന്നാംകിടതന്നെ

മലയാളഭാഷയ്ക്ക് മഹത്തായ സംഭാവന നല്‍കിയ എം ടി വാസുദേവന്‍നായര്‍, കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'ഭാഷയുടെ വര്‍ത്തമാനം' സെമിനാറില്‍ പ്രകടിപ്പിച്ച അഭിപ്രായം യുവതലമുറ ശ്രദ്ധിക്കാതെ പോകരുത്. മലയാളം രണ്ടാംകിടയാണെന്ന മനോഭാവം മാറണമെന്ന എം ടിയുടെ അഭിപ്രായം മലയാളിസമൂഹം ഉള്‍ക്കൊള്ളുകതന്നെ വേണം. കേരളസംസ്ഥാന രൂപീകരണം കഴിഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ടിട്ടും മലയാളികളുടെ മനസ്സില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അനാരോഗ്യകരമായ പ്രവണത സസൂക്ഷ്മം നിരീക്ഷിച്ചശേഷമാണ് എംടി ഇത്തരം ഒരഭിപ്രായം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനായതെന്നുവേണം കരുതാന്‍. മലയാളം കേരളത്തിന്റെ ഔദ്യോഗികഭാഷയാണെന്നത് നേരാണ്. മലയാളത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ചില നടപടികളും ഇതിനകം ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് കേരള ഭാഷാഇന്‍സ്റിറ്റ്യൂട്ട്. അതുകൊണ്ടുമാത്രം മാതൃഭാഷയുടെ പ്രാധാന്യം യുവാക്കളും വിദ്യാര്‍ഥികളും തിരിച്ചറിയണമെന്നില്ല. പ്രായോഗികജീവിതത്തിലെ ദൈനംദിന അനുഭവങ്ങളാണ് സമൂഹത്തെ മറിച്ചുചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് എം ടി ഈ വിഷയത്തെ സമീപിച്ചത്. ഇംഗ്ളീഷ് ഭാഷയോടുള്ള സ്വന്തം കടപ്പാട് വ്യക്തമാക്കിയശേഷം അദ്ദേഹം പറഞ്ഞു. "കേരളത്തില്‍ എങ്ങനെയോ ഇംഗ്ളീഷിന് ഒരു ഔന്നത്യം നല്‍കുകയും മലയാളത്തിന് വേണ്ടത്ര പരിഗണന നല്‍കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്''. ഒട്ടും അതിശയോക്തി കലരാത്തതാണ് ഈ അഭിപ്രായം. മലയാളത്തോടുള്ള സ്നേഹത്തിന്റെ പേരില്‍ തമിഴ്നാട്ടിലെപ്പോലെ ഭാഷയുടെ പേരിലുള്ള മിഥ്യാഭിമാനവും ഭാഷാഭ്രാന്തും നമുക്കാവശ്യമില്ല എന്ന ശരിയായ നിലപാടും എം ടി ഓര്‍മിപ്പിക്കുന്നുണ്ട്. ഓരോ മലയാളിയും ആത്മപരിശോധന നടത്തി തൃപ്തികരമായ ഉത്തരം കണ്ടെത്തേണ്ടതായ ചോദ്യങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചുകിടപ്പുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികള്‍ അശാസ്ത്രീയമായി വെട്ടിമുറിച്ച സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുന്നതിനായി നടന്ന സുദീര്‍ഘമായ പ്രക്ഷോഭസമരങ്ങള്‍ അടിമത്തത്തില്‍നിന്ന് മോചനം നേടാനുള്ള ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാണ്. ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിച്ചപ്പോള്‍തന്നെ ദേശീയ ഭാഷകളുടെ വികസനവും വളര്‍ച്ചയും ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണത്തോടെ സാധ്യമാകുമെന്ന് നാം കരുതി. ദേശാഭിമാന പ്രചോദിതനായാണ് മഹാകവി വള്ളത്തോള്‍ പാടിയത്. എന്‍മാതൃഭാഷ താനെന്‍ തറവാട്ടമ്മ അന്യയാം ഭാഷ വിരുന്നുകാരി അമ്മതാന്‍തന്നെ പകര്‍ന്നുതരുമ്പൊഴേ നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ. എന്നാല്‍, അമ്മയെയും അച്ഛനെയും മമ്മിയും ഡാഡിയുമാക്കി രൂപാന്തരപ്പെടുത്താനാണ് പലരും ഒരുമ്പെട്ടത്. ഇതെന്തിന് എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകതന്നെ വേണം. ഇംഗ്ളീഷ് വശമില്ലാത്തവരും സ്വന്തം മക്കളുടെ കല്യാണക്കുറി ഇംഗ്ളീഷില്‍ അച്ചടിച്ചുനല്‍കുന്ന പ്രവണത പരിഹാസ്യംതന്നെയാണ്. ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ നാള്‍തോറും നാടെങ്ങും തഴച്ചുവളരുന്നത് നാം കാണുന്നു. മലയാളികള്‍ക്ക് ഇംഗ്ളീഷ് ഒന്നാംഭാഷയും മലയാളം രണ്ടാംഭാഷയുമായത് എങ്ങനെയാണെന്ന ന്യായമായ ചോദ്യം ഉയര്‍ന്നുവരുന്നു. ഔദ്യോഗിക ഭാഷ മലയാളമാണെന്ന് എഴുതിവച്ചതുകൊണ്ടു മാത്രം ഫലമില്ല. ഇംഗ്ളീഷ് ഭാഷയോടുള്ള അമിതമായ പ്രേമമെന്നോ പ്രേമോന്മാദമെന്നോ പറയാവുന്ന ഒരു വികാരമുണ്ടല്ലോ. അതവസാനിപ്പിക്കാനുള്ള ഫലപ്രദമായ വഴിയാണ് കണ്ടെത്തേണ്ടത്. ഇതുമായി ബന്ധപ്പെടുത്തി സിപിഐ എമ്മിന്റെ ഭാഷാനയം ഇവിടെ വ്യക്തമാക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു. പാര്‍ടി പരിപാടിയുടെ ആറാമധ്യായത്തിന്റെ മൂന്നാംഖണ്ഡികയില്‍ നാലാം ഉപഖണ്ഡികയില്‍ പറയുന്നു: "പാര്‍ലമെന്റിലും കേന്ദ്രഭരണത്തിലും എല്ലാ ദേശീയഭാഷകള്‍ക്കും തുല്യത ഉണ്ടായിരിക്കുന്നതാണ്. തങ്ങളുടേതായ ദേശീയഭാഷയില്‍ സംസാരിക്കാനുള്ള അവകാശം എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉണ്ടായിരിക്കുന്നതാണ്. മറ്റ് എല്ലാ ഭാഷകളിലും തല്‍സമയ തര്‍ജമ ലഭ്യമാക്കുന്നതുമാണ്. ഗവമെന്റിന്റെ എല്ലാ കല്‍പ്പനകളും നിയമങ്ങളും ചട്ടങ്ങളും പ്രമേയങ്ങളും എല്ലാ ദേശീയഭാഷകളിലും ലഭ്യമാക്കുന്നതാണ്. ഏകഔദ്യോഗികഭാഷ എന്ന നിലയിലുള്ള ഹിന്ദിയുടെ ഉപയോഗം നിയമപരമായി നിര്‍ബന്ധമാക്കുകയില്ല. വിവിധ ഭാഷകള്‍ക്ക് തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുമാത്രമേ രാജ്യത്തൊട്ടാകെയുള്ള ബന്ധഭാഷയായി ഹിന്ദിക്ക് അംഗീകാരം നേടാന്‍ കഴിയുകയുള്ളൂ. അതുവരെ ഹിന്ദിയും ഇംഗ്ളീഷും ഉപയോഗിക്കുക എന്ന ഇന്നത്തെ വ്യവസ്ഥ തുടരും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഏറ്റവും ഉന്നത നിലവാരംവരെ തങ്ങളുടെ മാതൃഭാഷയിലൂടെ ബോധനം നേടാന്‍ ജനങ്ങള്‍ക്കുള്ള അവകാശം ഉറപ്പുവരുത്തും. ഒരു സംസ്ഥാനത്തെ എല്ലാ പൊതുസ്ഥാപനങ്ങളിലും ഔദ്യോഗികസ്ഥാപനങ്ങളിലും ഭരണഭാഷയായി ആ സംസ്ഥാനത്തെ ഭാഷ ഉപയോഗിക്കാനുള്ള അവകാശവും ഉറപ്പുവരുത്തും''. ജനങ്ങളുടെ വികാരവും ആവശ്യവും പ്രതിഫലിപ്പിക്കുന്നതാണ് പാര്‍ടി പരിപാടിയിലെ ഈ ഖണ്ഡിക. ന്യൂനപക്ഷത്തിന്റെ താല്‍പ്പര്യം ഭൂരിപക്ഷത്തിന്റെമേല്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. അതാണ് ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ വ്യാപനത്തിന് ഇടവരുത്തുന്നത്. ഇതിന്റെ ഫലമായി ഭൂരിപക്ഷത്തിന്റെ സ്വതന്ത്രമായ ചിന്തയും വളര്‍ച്ചയും തടയപ്പെടാന്‍ ഇടവരുന്നു. മാതൃഭാഷ സ്വയം പഠിച്ചുകൊള്ളും, വിദ്യാലയങ്ങളില്‍ പ്രത്യേകമായി പഠിപ്പിക്കേണ്ടതില്ല എന്ന അത്യന്തം വികലമായ ധാരണപോലും വളര്‍ന്നുവരുന്നുണ്ടെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഈ നില മാറണം. മാതൃഭാഷയോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം. വിദ്യാഭ്യാസം മാതൃഭാഷയിലൂടെ എന്നത് നിര്‍ബന്ധമാക്കണം. മറ്റു ഭാഷകള്‍ പഠിക്കണം. ഇംഗ്ളീഷ് നിര്‍ബന്ധമായും പഠിക്കണം. എന്നാല്‍, അത് മലയാളത്തിന്റെ ചെലവിലായിക്കൂടാ. എം ടി പറഞ്ഞതുപോലെ മലയാളം മലയാളിക്ക് രണ്ടാംകിടയാണെന്ന മനോഭാവം മാറുകതന്നെ വേണം.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്