വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, March 10, 2010

കലമുടയ്ക്കലിന്റെ വനിതാദിനം

കലമുടയ്ക്കലിന്റെ വനിതാദിനം

മലയാള മനോരമ മുഖപ്രസംഗം, മാർച്ച് 9

രാജ്യാന്തര വനിതാദിനത്തിന്റെ ശതാബ്ദി വേളയില്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇന്നലെ നാം കൈവിട്ടു കളഞ്ഞത്. വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ ഇന്നലെ പാസ്സാക്കിയെടുത്തു സ്ത്രീശാക്തീകരണത്തില്‍ ഇന്ത്യ ഒരു പുതിയ നാഴികക്കല്ലു പിന്നിടുമെന്നായിരുന്നു പ്രതീക്ഷ. ബില്‍ വോട്ടിനിടുന്നതിനു തുരങ്കംവയ്ക്കാന്‍ രാജ്യസഭയില്‍ ബഹളംവച്ച സമാജ്വാദി, രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ സ്ത്രീകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മഹത്തായ നമ്മുടെ പാരമ്പര്യത്തിന്റെ മുഖത്താണു കരിവാരിത്തേച്ചത്; അതും ലോകം മുഴുവന്‍ നോക്കി നില്‍ക്കെ.

പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവരികയും പ്രതിഷേധങ്ങള്‍ക്കിടയില്‍
പാസാകാതെ പോകുകയും ചെയ്യുന്ന കപടനാടകങ്ങളാണ് 1996 മുതല്‍ നടന്നുവന്നത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്കു മൂന്നിലൊന്നു സീറ്റുകള്‍ സംവരണം ചെയ്യുന്ന 108-ാം ഭരണഘടനാഭേദഗതി ബില്‍ ഇന്നലെ രാജ്യസഭയില്‍ നിയമമന്ത്രി വീരപ്പ മൊയ്ലി അവതരിപ്പിച്ചപ്പോഴും നാം കണ്ടത് ആ നാടകത്തിന്റെ തുടര്‍ച്ച തന്നെ. സംവരണം നിലവില്‍ വന്നാല്‍ പല പുരുഷ എംപിമാര്‍ക്കും പാര്‍ലമെന്റ് കാണാനാവില്ല. അവരുടെ സമ്മര്‍ദത്തിനു വഴങ്ങി ചില പാര്‍ട്ടികള്‍ പരസ്യമായി പാരവച്ചു; മറ്റുചിലരാവട്ടെ, ബില്ലിനെ എതിര്‍ക്കുകയില്ലെന്നു പുറമേ പറഞ്ഞു പരോക്ഷമായും പാരവച്ചു.

കോണ്‍ഗ്രസും ബിജെപിയും ഇടതുപാര്‍ട്ടികളും ചില പ്രാദേശിക പാര്‍ട്ടികളും വ്യക്തമായ നിലപാടില്‍ എത്തിച്ചേര്‍ന്ന
സാഹചര്യത്തില്‍ മൂന്നില്‍രണ്ട് അംഗങ്ങളുടെ പിന്തുണ ബില്ലിന് ഉറപ്പായിരുന്നു. ബില്ലിനെ തുറന്നെതിര്‍ത്തവരുടെ എണ്ണമാകട്ടെ, മുപ്പതില്‍ താഴെയും. എന്നിട്ടും ബഹളംവച്ച അംഗങ്ങള്‍ രാജ്യസഭാ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഹാമിദ് അന്‍സാരിയെ കയ്യേറ്റംചെയ്യുന്നതിന്റെ വക്കില്‍ വരെ കാര്യങ്ങള്‍ വഷളായതു പാര്‍ലമെന്റിന്റെ അന്തസ്സ് കെടുത്തുക തന്നെയാണു ചെയ്തത്.

സ്ത്രീകള്‍ക്കു മൂന്നിലൊന്നു സംവരണം ലഭിച്ചാല്‍ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ലഭിക്കില്ലെന്നും വരേണ്യവര്‍ഗത്തില്‍പ്പെട്ട വനിതകള്‍ ഈ സീറ്റുകള്‍ കയ്യടക്കുമെന്നുമാണു സമാജ്വാദി, രാഷ്ട്രീയ ജനതാ ദള്‍ പാര്‍ട്ടികളുടെ വാദം. ഇതു രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പാപ്പരത്തം തന്നെയല്ലേ? സ്ത്രീകള്‍ക്കു ജാതിമത വ്യത്യാസമില്ലാതെ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിലൂടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണു സാധ്യമാകുന്നതെന്ന യാഥാര്‍ഥ്യം ഈ പാര്‍ട്ടികള്‍ക്ക് അറിയാത്തതല്ല. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാതെ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് ഇവിടെ നിലനില്‍ക്കാനാവുക?

പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യം ഇപ്പോള്‍ പത്തു ശതമാനമേയുള്ളൂ. സംവരണത്തിലൂടെ മാത്രമേ വനിതാ എംപിമാരുടെ എണ്ണം ഉയര്‍ത്താനാവൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരത്തേ തന്നെ ഉറപ്പാക്കിയ 33% വനിതാ സംവരണം അടുത്തകാലത്ത് 50 ശതമാനമായി ഉയര്‍ന്നു. നിയമനിര്‍മാണ സഭകളിലെ വര്‍ധിച്ച വനിതാ പ്രാതിനിധ്യം കൂടിയാകുമ്പോള്‍ ജനാധിപത്യത്തിന്റെ വേരോട്ടം വര്‍ധിക്കുകയേയുള്ളൂ.

ലോകമെമ്പാടും സ്ത്രീശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളില്‍ മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിലെ തുല്യതയും പ്രകടമാണ്. ഇന്ത്യയിലാകട്ടെ, ജനസംഖ്യയില്‍ പകുതിവരുന്ന വനിതകള്‍ക്കു മതിയായ പ്രാതിനിധ്യമില്ലെന്നു മാത്രമല്ല, വിദ്യാഭ്യാസതലത്തിലും അവര്‍ പിന്നാക്കമാണ്. പുരുഷമേധാവിത്വമുള്ള സമൂഹമാണു പല സംസ്ഥാനങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നത്. സ്വേച്ഛാപരമായ ഈ മേധാവിത്വവും അവഗണനയും അവസാനിപ്പിച്ചു സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പിക്കല്‍ കൂടിയാണു വനിതാസംവരണത്തിലൂടെ രാജ്യം നേടുക. പടിക്കല്‍ കൊണ്ടുവന്നു കലമുടയ്ക്കുന്നതാണു രാജ്യം ഇന്നലെ കണ്ടതെങ്കിലും ഒരു ദിവസം വൈകി ഇന്നെങ്കിലും പുതിയ കാലത്തിന്റെ ചുവരെഴുത്തുകാണാന്‍ എല്ലാവര്‍ക്കും സന്മനസ്സുണ്ടാവട്ടെ.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്