വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 27, 2010

തിലകനോട് വിരോധമോ നിസ്സഹകരണമോ ഇല്ല: മമ്മൂട്ടി

തിലകനോട് വിരോധമോ നിസ്സഹകരണമോ ഇല്ല: മമ്മൂട്ടി

മാതൃഭൂമി

ആലപ്പുഴ: തിലകനുമായി യാതൊരു വിരോധമോ നിസ്സഹകരണമോ ഇല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഇനിയും തിലകനോടൊപ്പം അഭിനയിക്കാന്‍ തയ്യാറാണ്. അദ്ദേഹത്തിനെതിരെ യാതൊരു വിലക്കുമില്ല. ഞാന്‍ ഒരിക്കലും മഹാനായ നടനാണെന്ന് പറഞ്ഞുനടന്നിട്ടില്ല. ഒരു നടനെന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതില്ലാത്തവരാണ് താന്‍ ഒരു മഹാനടനാണെന്ന് എപ്പോഴും പറഞ്ഞുനടക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു പ്രശ്‌നമില്ലമമ്മൂട്ടി പറഞ്ഞു. തിലകന്‍ 'അമ്മ'യില്‍ നിന്ന് മാറിനില്‍ക്കരുത്. ഞങ്ങള്‍ക്കെല്ലാം കാരണവരെപ്പോലെയാണ് അദ്ദേഹം. 'അമ്മ'യ്‌ക്കൊപ്പം നിന്ന് ഞങ്ങള്‍ക്കെല്ലാം വഴികാട്ടുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഇപ്പോഴത്തെ വിവാദത്തില്‍ നിഴല്‍യുദ്ധമാണ് നടക്കുന്നത്.

സുകുമാര്‍ അഴീക്കോട് മഹാനായ സാഹിത്യകാരനാണെന്ന് മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹം വിഗ്ഗിനെക്കുറിച്ചും മറ്റും പറഞ്ഞത് വ്യക്തിപരമായ കാര്യങ്ങളാണ്. വയസ്സായാല്‍ അഭിനയം നിര്‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ല. അമിതാഭ് ബച്ചന്‍ അടുത്തകാലത്ത് അഭിഷേക് ബച്ചന്റെ മകനായി അഭിനയിച്ചിട്ടുണ്ട്. പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായ കമലഹാസന്‍ സ്ത്രീയായി അഭിനയിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണന്‍നായരെപ്പോലെയുള്ള കഥകളി നടന്‍മാര്‍ വയസ്സായിട്ടും അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.

മറ്റുള്ളവര്‍ എഴുതിയ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് നടന്‍മാര്‍ പറയുന്നതെന്ന അഴീക്കോടിന്റെ ആരോപണത്തിനും മമ്മൂട്ടി മറുപടി പറഞ്ഞു. അഴീക്കോടിനെപ്പോലെ മഹാന്‍മാരായ, അല്ലെങ്കില്‍ അതിലും മഹാന്‍മാരായ എം.ടി.വാസുദേവന്‍ നായര്‍, തകഴി. പത്മരാജന്‍ എന്നിവരൊക്കെ എഴുതിയ ഡയലോഗ് ആണ് നടന്‍മാര്‍ പറയുന്നത്.

മോഹന്‍ലാല്‍ സഹോദരന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന അഴീക്കോടിന്റെ ആരോപണം തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ 30 കൊല്ലമായി മോഹന്‍ലാലുമായി താന്‍ സംസാരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ആദ്യകാലത്തെ തന്റെ വരുമാനത്തിന്റെ വലിയൊരുപങ്ക് സ്വന്തം സഹോദരനുവേണ്ടി ചിലവാക്കിയ മനുഷ്യനാണ് ലാല്‍. അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

സത്യത്തിനും നീതിയ്ക്കും വേണ്ടിയാണ് അഴീക്കോടിനെപ്പോലുള്ള സാംസ്‌കാരിക നായകന്‍മാര്‍ നിലകൊള്ളേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ തിലകന്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നത് 'അമ്മ' അവസാനിപ്പിക്കുയാണെന്ന് മമ്മൂട്ടി വ്യക്തമാക്കി. ഇനി ഒരു പൊതുവിവാദത്തിന് അമ്മയ്ക്ക് താല്പര്യമില്ല. വി.ആര്‍.കൃഷ്ണയ്യരെപ്പോലെ സാമൂഹികബോധമുള്ള ഒരാള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പിന്‍മാറ്റം. ഈ വയസ്സിലും പുരോഗമനചിന്തകള്‍ക്കുവേണ്ടി നിലകൊള്ളുന്ന കൃഷ്ണയ്യരുടെ വാക്കുകള്‍ മാനിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്