വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, February 11, 2010

ഡോ. കെ. എന്‍. രാജ് അന്തരിച്ചു


ഡോ. കെ. എന്‍. രാജ് അന്തരിച്ചു

തിരുവനന്തപുരം: ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പഞ്ചവത്സര പദ്ധതിയുടെ മുഖ്യസൂത്രധാരകരില്‍ ഒരാളും സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ സ്ഥാപകനുമായ പത്മവിഭൂഷന്‍ ഡോ. കെ. എന്‍. രാജ് (86) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി പൊതുപരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മൃതദേഹം ഇന്ന് കുമാരപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം നാളെ.

നെഹ്റു മുതല്‍ നരസിംഹ റാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രാജ് പതിറ്റാണ്ടുകള്‍ കേരളത്തിന്റെ സാമ്പത്തിക,
സാമൂഹിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു.

1924 മേയ് 13ന് കോഴിക്കോട് എരഞ്ഞിപ്പലത്തുകാരന്‍ മുന്‍സിഫ് ആയിരുന്ന ഗോപാലന്റെയും കാര്‍ത്ത്യായനിയുടെയും മകനായി രാജ് ജനിച്ചു. അച്ഛന്‍ പിന്നീട് മദിരാശി ജൂഡീഷ്യറിയില്‍ ജില്ലാ ജഡ്ജി വരെയായി. മുത്തച്ഛന്‍ അയ്യാക്കുട്ടി ജഡ്ജി കൊച്ചിയില്‍ ഏവര്‍ക്കും സുപരിചിതനായിരുന്നു. രാജ് മദ്രാസ് യൂണിവേഴ്സിററിയില്‍ നിന്ന് 1944ല്‍ ബി. . ഓണേഴ്സ് പാസ്സായശേഷം 1947ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് പി. എച്ച്. ഡി. ബിരുദം നേടി. അക്കാലത്ത് ലണ്ടനില്‍ സഹപാഠിയായിരുന്ന വിജയവര്‍ദ്ധനയുടെ കൂടി മേല്‍നോട്ടമുള്ള ഒരു പത്രത്തില്‍ പ്രവര്‍ത്തിക്കാനായി അദ്ദേഹം കൊളൊംബോയിലേയ്ക്കുപോയി.

ഒമ്പതുമാസങ്ങള്‍ക്കുശേഷം
ഡല്‍ഹിയില്‍ റിസര്‍വ് ബാങ്കിന്‍െറ ഒരു വിഭാഗത്തിലെത്തി. ദേശ്മുഖ് ധനകാര്യ മന്ത്രിയായപ്പോള്‍ അദ്ദേഹം ഉപദേഷ്ടാവായി. 1950ല്‍ ഒന്നാം ധനകാര്യ കമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ ഇക്കണോമിക്സ് വിഭാഗത്തിലെ മൂന്നുപേരില്‍ ഒരാളായിരുന്നു ഇരുപത്തിയാറുകാരനായ രാജ്. പ്ളാനിംഗ് കമ്മീഷനില്‍ മൂന്നു കൊല്ലം മാത്രം സേവനം തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിററിയില്‍ തനിക്കേറ്റവും പ്രിയപ്പെട്ട അദ്ധ്യാപക വൃത്തിയിലേയ്ക്ക്. 1969ല്‍ യൂണിവേഴ്സിററി വൈസ്ചാന്‍സലറായി. 1971ല്‍ സ്വന്തം നാടായ കേരളത്തിനു വേണ്ടി പദവി ഉപേക്ഷിച്ചുപോന്നു. ഉരുക്കുവില നിര്‍ണ്ണയകമ്മിററി, കാര്‍ഷികാദായ നികുതി കമ്മററി തുടങ്ങി ഒട്ടേറെ സുപ്രധാന കമ്മിററികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിന്‍െറ വികസനപ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനുമായി രാജിനെ പ്രേരിപ്പിച്ചത് അന്നത്തെ മുഖ്യമന്ത്രി അച്ച്യുതമേനോനായിരുന്നു. അങ്ങനെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് രൂപം കൊണ്ടു.

മുപ്പത്തിയഞ്ചോളം പ്രബന്ധങ്ങളും അരഡസനിലേറെ പുസ്തകങ്ങളുമുണ്ട് രാജിന്‍െറ സംഭാവനകളായി, വരും തലമുറയ്ക്ക് വായിച്ചുപഠിക്കുവാന്‍. മററു വികസ്വര രാഷ്ട്രങ്ങളിലെ സാമ്പത്തികപ്രശ്നങ്ങളും വളര്‍ച്ചയും ഇന്ത്യയുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന കാര്യത്തില്‍ ഇതര ഇന്ത്യന്‍ വിദഗ്ദ്ധര്‍ക്ക് രാജ് ഒരു വഴികാട്ടിയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറായിരുന്ന സരസ്വതിയാണു ഭാര്യ. രണ്ടു മക്കള്‍: ഗോപാല്‍, ദിനേശ്.

മലയാള മനോരമ

1 comment:

vasanthalathika said...

ലോകം കണ്ട ഏറ്റവും നല്ല സാമ്പതികശാസ്ത്രജ്ഞാരില്‍ ഒരാളായിരുന്നു ശ്രീ രാജ നമ്മുടെ റെയില്‍വേ ട്രാക്കുകള്‍ക്ക് സ്യിടില്‍ തരിശായിടാതെ പച്ചക്കറികള്‍ വെച്ചുപിടിപ്പിച്ചാല്‍ മാത്രം കുറെ ഭക്ഷ്യക്ഷാമം പരിഹരിയ്ക്കാമെന്നദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്