വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, December 22, 2009

കോപ്പന്‍ഹേഗന്‍: വീണ്ടും അടിയറവ്

കോപ്പന്‍ഹേഗന്‍: വീണ്ടും അടിയറവ്

വി ബി പരമേശ്വരന്‍


(
ദേശാഭിമാനി)

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരായ എല്ലാവരുടെയും മനസ്സില്‍ തീകോരിയിട്ടാണ് കാലാവസ്ഥാമാറ്റം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പതിനഞ്ചാമത് ചട്ടക്കൂട് കവന്‍ഷന്‍ കോപ്പന്‍ഹേഗനില്‍ സമാപിച്ചത്. ഇത്തരമൊരു സമ്മേളനത്തിന്റെതന്നെ പ്രസക്തിയില്ലാതാക്കാനുള്ള അമേരിക്കയുടെയും മറ്റും ലക്ഷ്യം ഭാഗികമായി വിജയിക്കുന്നത് കണ്ടുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്. തുടക്കത്തില്‍തന്നെ ചാഞ്ചാട്ടം പ്രകടിപ്പിച്ച ഇന്ത്യയാകട്ടെ കോപ്പന്‍ഹേഗനിലും അത് തുടരുകയും അമേരിക്ക മുന്നോട്ടുവച്ച 'കോപ്പന്‍ഹേഗന്‍ കരാറിന്റെ' ഭാഗമാകുകയും ചെയ്തു. ജി-77നു പകരം 'ബേസിക്' (ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ചൈന)എന്ന പുതിയ കൂട്ടായ്മയ്ക്കും ഇന്ത്യ നേതൃത്വം നല്‍കി. പ്രധാനമായും മൂന്നു വിഷയമാണ് കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ മുമ്പിലുണ്ടായിരുന്നത്. നിയമപരമായ ബാധ്യതയുടെ ഭാഗമായി ഹരിതഗൃഹവാതകം കുറയ്ക്കുന്നതിന് വികസിതരാഷ്ട്രങ്ങള്‍ തയ്യാറാകുക, വികസ്വരരാഷ്ട്രങ്ങള്‍ ആഗോളതാപനത്തിന്റെ ശക്തി കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ഹരിതഗൃഹവാതകത്തിന്റെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് വികസ്വരരാഷ്ട്രങ്ങളെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കുക എന്നതായിരുന്നു ഈ ഉച്ചകോടിയുടെ പ്രധാന അജന്‍ഡ. ഇതില്‍ രണ്ടാമത്തെ അജന്‍ഡ നടന്നുവെന്നല്ലാതെ ഒന്നും മൂന്നും അജന്‍ഡ അമേരിക്കയും സഖ്യശക്തികളും ചേര്‍ന്ന് പരാജയപ്പെടുത്തി. 2005ല്‍ നിലവില്‍വന്ന ക്യോട്ടോ പ്രഖ്യാപനത്തിലാണ് വികസിതരാഷ്ട്രങ്ങള്‍ 2020 ആകുമ്പോഴേക്കും 25-40 ശതമാനവും 2050 ആകുമ്പോഴേക്കും 80-95 ശതമാനവും ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കണമെന്ന് ആഹ്വാനംചെയ്യുന്നത്. ഈ കുറവു വരുത്താന്‍ നിയമപരമായ ബാധ്യത വികസിതരാഷ്ട്രങ്ങള്‍ക്കുണ്ടെന്നും ക്യോട്ടോ പ്രഖ്യാപനം പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ബഹിര്‍ഗമനം നടത്തുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങളായതിനാലാണ് അവര്‍ ഇത്രമാത്രം കുറവു വരുത്തണമെന്ന് ക്യോട്ടോ പ്രഖ്യാപനം ശഠിച്ചത്. ലോകത്തില്‍ മൊത്തം പുറത്തുവിടുന്ന കാര്‍ബഡയോക്സൈഡില്‍ മൂന്നിലൊന്നും അമേരിക്കയില്‍നിന്നാണ്. വികസിതരാഷ്ട്രങ്ങളാണ് നാലില്‍ മൂന്നു ഭാഗം കാര്‍ബഡയോക്സൈഡും പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെയാണ് വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങള്‍ 'പൊതുവെങ്കിലും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന്' ക്യോട്ടോ പ്രഖ്യാപനവും 2007ലെ ബാലി ഉച്ചകോടിയുടെ കര്‍മപദ്ധതിയും പറഞ്ഞത്. ഇതിനര്‍ഥം ചരിത്രപരമായി (വന്‍ വ്യവസായവല്‍ക്കരണത്തിനു തുടക്കമിട്ട 1850 മുതല്‍തന്നെ) വന്‍തോതില്‍ കാര്‍ബഡയോക്സൈഡ് ബഹിര്‍ഗമനം പുറത്തുവിടുന്ന അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കാണ് ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തമെന്നും അത് അവര്‍ ഏറ്റെടുക്കണമെന്നുമാണ് ഈ പ്രഖ്യാപനങ്ങള്‍ പറയുന്നത്. വികസ്വരാഷ്ട്രങ്ങള്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള പ്രക്രിയയെ സഹായിക്കണമെങ്കിലും വികസിതരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം ഈ രാഷ്ട്രങ്ങള്‍ക്കില്ലെന്നും ക്യോട്ടോ പ്രഖ്യാപനം വ്യക്തമാക്കി. ഈ പ്രഖ്യാപനത്തെ ഇതുവരെയും അംഗീകരിക്കാത്ത രാജ്യമാണ് അമേരിക്ക. ബഹിര്‍ഗമനം കുറയ്ക്കാനുള്ള ബാധ്യത ലോകത്തിലെ എല്ലാ രാഷ്ട്രങ്ങള്‍ക്കും ഒരുപോലെയാണെന്നാണ് അമേരിക്കയും വികസിതരാഷ്ട്രങ്ങളും വാദിച്ചത്. ഇത്രയുംകാലം അമേരിക്കയുടെ ഈ വാദഗതികളെ ജി-77 രാജ്യങ്ങള്‍ക്കൊപ്പം ശക്തമായി എതിര്‍ത്ത ഇന്ത്യ ഇക്കുറി ആദ്യമേ ചാഞ്ചാട്ടമനോഭാവം കാട്ടി. അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധത്തിന്റെയും സിവില്‍ ആണവകരാറിന്റെയും ഭാഗമായാണ് ഇന്ത്യന്‍ സമീപനത്തില്‍ മാറ്റം വന്നത്.

ലോകവ്യാപാര സംഘടനയുടെ ദോഹവട്ടം ചര്‍ച്ചകളില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കാട്ടിയ ചാഞ്ചാട്ടം കാലാവസ്ഥാമാറ്റം സംബന്ധിച്ച ഉച്ചകോടിയുടെ ഭാഗമായും ഉണ്ടായി എന്നര്‍ഥം. ഇതിന്റെ ആദ്യ തെളിവായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്റാം രമേഷ് പ്രധാനമന്ത്രിക്കെഴുതിയ കത്ത്. വന്‍ ശക്തിയാകണമെങ്കില്‍ ജി-77 കൂട്ടായ്മയില്‍നിന്ന് ഇന്ത്യ മാറിനടക്കണമെന്നും കോപ്പന്‍ഹേഗനില്‍ 'അയവേറിയ' സമീപനം സ്വീകരിക്കണമെന്നും ജയ്റാം രമേഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങിത്തുടങ്ങണമെന്നായിരുന്നു ജയ്റാം രമേഷിന്റെ ഉപദേശം. ഡിസംബര്‍ മൂന്നിന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയവെ 'അയവേറിയ' സമീപനത്തെക്കുറിച്ച് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. മാത്രമല്ല, ക്യോട്ടോ പ്രഖ്യാപനത്തില്‍ വെള്ളം ചേര്‍ക്കുക എന്ന അമേരിക്കന്‍പദ്ധതിക്ക് ചൂട്ടുപിടിച്ച് സ്വമേധയാ 20 മുതല്‍ 25 ശതമാനംവരെ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. വികസിതരാഷ്ട്രങ്ങള്‍ കൂടുതല്‍ ബാധ്യതയേറ്റെടുക്കണമെന്ന ക്യോട്ടോ പ്രഖ്യാപനത്തെ തകര്‍ക്കാന്‍ ഓസ്ട്രേലിയയാണ് ഓരോ രാജ്യവും ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സമയക്രമവും അളവും പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത്. ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സ്വമേധയാ നടത്തുന്ന പ്രഖ്യാപനം അമേരിക്കയിലും മറ്റു വികസിത രാഷ്ട്രങ്ങളിലും ബഹിര്‍ഗമനം കുറയ്ക്കാനുള്ള സമ്മര്‍ദമാകുമെന്നായിരുന്നു ഇതേക്കറിച്ചുള്ള സംശയങ്ങള്‍ക്ക് മന്ത്രി ജയ്റാം രമേഷ് മറുപടി നല്‍കിയത്. എന്നാല്‍, കോപ്പന്‍ഹേഗനില്‍ നേരത്തെ പ്രഖ്യാപിച്ചതില്‍നിന്ന് ബഹിര്‍ഗമനത്തില്‍ ഒരു ശതമാനംപോലും കുറവു വരുത്താന്‍ അമേരിക്ക തയ്യാറായില്ലെന്നത് ജയ്റാം രമേഷിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 'വ്യത്യസ്തമായ ഉത്തരവാദിത്ത'മെന്ന ക്യോട്ടോ പ്രഖ്യാപനത്തിന്റെ അടിത്തറ ഇളക്കാന്‍ ഇന്ത്യയുടെ സ്വമേധയായുള്ള ബഹിര്‍ഗമനത്തില്‍ കുറവുവരുത്തിയ തീരുമാനത്തെ അമേരിക്ക ഉപയോഗിക്കുകയായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ അവസാനദിവസം തട്ടിക്കൂട്ടിയ 'കോപ്പന്‍ഹേഗന്‍ കരാര്‍' വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രങ്ങളും ഒരുപോലെ ബഹിര്‍ഗമനത്തില്‍ കുറവു വരുത്തണമെന്ന അമേരിക്കന്‍ സിദ്ധാന്തമാണ് ഇതുവഴി നടപ്പായത്.

ഇന്ത്യ സ്വമേധയാ കുറവു വരുത്തുമ്പോള്‍ അത് അന്താരാഷ്ട്ര ധാരണയുടെ ഭാഗമായിരിക്കില്ലെന്ന് ജയ്റാം രമേഷ് പാര്‍ലമെന്റിന്റെ ഇരുസഭയിലും വാഗ്ദാനം ചെയ്തെങ്കിലും അതും ലംഘിക്കപ്പെട്ടു. ഇന്ത്യ സ്വമേധയാ പ്രഖ്യാപിച്ച ബഹിര്‍ഗമനത്തിലെ കുറവു വരുത്തല്‍ നടപടി അന്താരാഷ്ട്ര നിരീക്ഷണ സംവിധാനത്തിന്റെ (എംആര്‍ വി-അളവ്, റിപ്പോര്‍ട്ടിങ്, പരിശോധന) ഭാഗമാക്കുകയാണ് കോപ്പന്‍ഹേഗന്‍ കരാറിലൂടെ ഇന്ത്യ ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര സാമ്പത്തിക-സാങ്കേതിക സഹായമില്ലാതെ ദേശീയമായി ഉചിതമായ ലഘൂകരണ നടപടി (നാമ) നിരീക്ഷണവിധേയമാക്കരുതെന്നായിരുന്നു ബാലി കര്‍മപരിപാടി മുന്നോട്ടുവച്ചത്. അത് ലംഘിച്ചുകൊണ്ടാണ് ആഭ്യന്തരമായി ബഹിര്‍ഗമനത്തില്‍ വരുത്തുന്ന കുറവ് പരിശോധിക്കാനും നേരിട്ട് വിലയിരുത്താനും അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യ അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ആളോഹരി ബഹിര്‍ഗമനം അടിസ്ഥാന ശിലയാക്കണമെന്ന മുന്‍ വാദത്തിലും അമേരിക്കയ്ക്കൊപ്പംനിന്ന് വെള്ളംചേര്‍ക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ലോകത്തില്‍ ബഹിര്‍ഗമനത്തില്‍ നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിലും ആളോഹരി ബഹിര്‍ഗമനം പരിശോധിച്ചാല്‍ ഇന്ത്യ 124-ാം സ്ഥാനത്താണുള്ളത്. അമേരിക്കയാകട്ടെ ആറാംസ്ഥാനത്തും. അതുകൊണ്ടുതന്നെ അമേരിക്ക കൈക്കൊള്ളുന്ന അതേ നടപടി ഇന്ത്യയും കൈക്കൊള്ളണമെന്ന് പറയുന്നതില്‍ ന്യായമില്ല. എന്നാല്‍,കോപ്പന്‍ഹേഗന്‍ കരാറിന്റെ ഭാഗമായപ്പോള്‍ ഇന്ത്യ ഈ ചിന്താഗതിയാണ് പരണത്ത് കയറ്റിവച്ചത്. വരും ദിവസങ്ങളില്‍ കാലാവസ്ഥാമാറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ കീഴടങ്ങാനാണ് സാധ്യതയെന്ന് കോപ്പന്‍ഹേഗനിലെ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കുന്നതായി പാര്‍ലമെന്ററി സംഘത്തിന്റെ ഭാഗമായി കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത സിപിഐ എം രാജ്യസഭാംഗവും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി മുന്നറിയിപ്പു നല്‍കുന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്