വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, August 16, 2009

ആസിയന്‍ കരാര്‍ ആര്‍ക്കുവേണ്ടി?

ആസിയന്‍ കരാര്‍ ആര്‍ക്കുവേണ്ടി?

കെ രാജേന്ദ്രന്‍

2007 ജനുവരി 10 മുതല്‍ 15 വരെ ഫിലിപ്പീന്‍സിലെ ഡെമ്പുവില്‍ നടന്ന 12-ാമത് ആസിയന്‍ സമ്മേളനത്തില്‍ മുഖ്യചര്‍ച്ചാവിഷയം ഇന്ത്യ-ആസിയന്‍ സ്വതന്ത്രവാണിജ്യ കരാറായിരുന്നു. അന്ന് സമ്മേളനത്തിലെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പങ്കെടുത്തു. ഡെമ്പുവിലെ കവന്‍ഷണല്‍ സെന്ററില്‍ തടിച്ചുകൂടിയവരില്‍ ബഹുഭൂരിപക്ഷവും ആസിയന്‍ രാജ്യങ്ങളിലെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ മാധ്യമപ്രവര്‍ത്തകരോ ആയിരുന്നില്ല. അവിടങ്ങളിലെ വ്യവസായവാണിജ്യ പ്രമുഖരും തോട്ടം മുതലാളിമാരും മറ്റുമായിരുന്നു.

ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രിതല ഉച്ചകോടിയുടെ വിവരങ്ങള്‍ ലഭ്യമായതും ഇവരില്‍നിന്നായിരുന്നു. ജനുവരി 14ന് അന്നത്തെ വാണിജ്യമന്ത്രി കമല്‍നാഥ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കോസ്റബെല്ല ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ ഒരു ഉറപ്പ് ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാകുന്നു. "നെഗറ്റീവ് ലിസ്റിലും സെന്‍സിറ്റീവ് ലിസ്റിലുമുള്ള ഉല്‍പ്പന്നങ്ങള്‍ ഏതെല്ലാമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. എന്നാല്‍, അന്തിമകരാറില്‍ ഒപ്പുവയ്ക്കുന്നതിനുമുമ്പ് വിശദമായ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഉല്‍പ്പന്നപ്പട്ടിക പരസ്യപ്പെടുത്തും.

കൂലങ്കഷമായ ചര്‍ച്ചയ്ക്കുശേഷം മാത്രമേ അന്തിമകരാറില്‍ ഒപ്പുവയ്ക്കൂ.'' ഈ വിഷയം ഇതുവരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തിട്ടില്ല. നെഗറ്റീവ് ലിസ്റ് സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നു. എന്നാല്‍, നെഗറ്റീവ് ലിസ്റില്‍ പുതിയ ഉല്‍പ്പന്നങ്ങളെ ഉള്‍ക്കൊള്ളിക്കാനാകില്ല എന്നതാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി വ്യക്തമാണ്. അന്തിമകരാറില്‍ ഒപ്പിടുന്നതിന്റെ ആഴ്ചകള്‍ക്കുമുമ്പാണ് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഗൌരവതരമായ ഈ വിഷയത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അതും പാര്‍ലമെന്റിനുപുറത്ത്.

എന്നാല്‍, കരാറിന്റെ ഗുണഭോക്താക്കളാകാന്‍ പോകുന്ന ആസിയന്‍ രാജ്യങ്ങള്‍ എത്ര ദീര്‍ഘവീക്ഷണത്തോടെയാണ് ഈ വിഷയത്തെ സമീപിച്ചതെന്ന് ഈ അവസാന നിമിഷങ്ങളിലെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കും. ഏഷ്യയിലെ സമ്പന്നരാജ്യങ്ങളിലൊന്നായ മലേഷ്യ - മലേഷ്യയിലെ വന്‍കിട വ്യവസായികളും തോട്ടം മുതലാളിമാരും - യാണ് ഇന്ത്യ-ആസിയന്‍ സ്വതന്ത്രവാണിജ്യ കരാറിലൂടെ ഏറ്റവും നേട്ടമുണ്ടാക്കാന്‍ പോകുന്ന രാജ്യം. മലേഷ്യന്‍ നിയമനിര്‍മാണസഭ രാജ്യത്തിനകത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും ഈ വിഷയം പലതവണ വിശദമായി ചര്‍ച്ചചെയ്തു.

മാത്രമല്ല, ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍ പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്ക് വന്‍തോതില്‍ പാമോയില്‍ കയറ്റി അയക്കുന്നതിനായുള്ള ബൃഹദ്പദ്ധതി 2007ല്‍ തയ്യാറാക്കി. മലേഷ്യന്‍ പാമോയില്‍ പ്രൊമോഷന്‍ കൌസിലിനാണ് ഈ പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. 2007ല്‍ മലേഷ്യ 40 ലക്ഷം ഹെക്ടറിലാണ് പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണപ്പന കൃഷിചെയ്തിരുന്നത്. ഇപ്പോള്‍ എണ്ണപ്പനകൃഷി 80 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനാണ് മലേഷ്യന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മറ്റ് കൃഷികളെല്ലാം വെട്ടിനിരത്തി കര്‍ഷകര്‍ ഇപ്പോള്‍ വന്‍തോതില്‍ എണ്ണപ്പനകൃഷിയിലേക്ക് മാറിയിരിക്കുകയാണ്.

മലേഷ്യയിലെ സാംബയില്‍വച്ച് കഴിഞ്ഞവര്‍ഷം എണ്ണപ്പനകൃഷിയിലേക്ക് മാറിയ ഒരു കര്‍ഷകനെ ഈ ലേഖകന്‍ പരിചയപ്പെട്ടു. "ഇന്ത്യയെ പ്രതീക്ഷിച്ചാണ് ഈ മാറ്റം. ഇന്ത്യ-ആസിയന്‍ സ്വതന്ത്രവാണിജ്യ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഒരു നയാപൈസപോലും തീരുവയില്ലാതെ നിങ്ങളുടെ രാജ്യത്തിലേക്ക് പാമോയില്‍ കയറ്റി അയക്കാനാകുമെന്നാണ് ഞങ്ങളുടെ നേതാക്കള്‍ പറയുന്നത്''. 2006ല്‍ ശുദ്ധീകരിച്ച പാമോയിലിന്റെ ഇറക്കുമതിത്തീരുവ 90 ശതമാനവും ശുദ്ധീകരിക്കാത്ത പാമോയിലിന്റെ തീരുവ 80 ശതമാനവും ആയിരുന്നു.

2009 ജനുവരിയില്‍ ശുദ്ധീകരിച്ച പാമോയിലിന്റെയും ശുദ്ധീകരിക്കാത്ത പാമോയിലിന്റെയും ഇന്ത്യയിലെ ഇറക്കുമതിത്തീരുവ വട്ടപ്പൂജ്യമായി ചുരുങ്ങി. സാംബയിലെ കര്‍ഷകന്റെ വാക്കുകള്‍ പൂര്‍ണമായും യാഥാര്‍ഥ്യമായിരിക്കുന്നു. 2007ലെ മലേഷ്യന്‍ പാമോയിലില്‍ പ്രൊമോഷന്‍ കൌസിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാണ്. കേന്ദ്രസര്‍ക്കാരിനുമുന്നില്‍ അവര്‍ വച്ച ഓരോ ആവശ്യവും വാര്‍ഷിക റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

പാമോയില്‍ പ്രൊമോഷന്‍ കൌസിലിന്റെ 2007ലെ വാര്‍ഷിക റിപ്പോര്‍ട്ടിലെ 32-ാം പേജിലെ ചില വരികള്‍ ഉദ്ധരിക്കട്ടെ: 'പിആര്‍ എക്സൈസ് (ഫെബ്രുവരി 8-9) ഇന്ത്യാ ഗവമെന്റിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി രണ്ടുതവണ മലേഷ്യന്‍ പാമോയില്‍ പ്രൊമോഷന്‍ കൌസില്‍ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തി. ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലൂടെ പാമോയില്‍ വിതരണംചെയ്യുക എന്നതായിരുന്നു ലക്ഷ്യം.' 'പിആര്‍ എക്സൈെസ് (മാര്‍ച്ച് 13-15) ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തെ പ്രയോജനപ്പെടുത്തി പാമോയിലിന്റെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

മലേഷ്യന്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എസ്ടിസി ഉദ്യോഗസ്ഥര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.' രണ്ട് ആവശ്യങ്ങളാണ് മലേഷ്യന്‍ പാമോയില്‍ പ്രൊമോഷന്‍ കൌസില്‍ മുന്നോട്ടുവച്ചത്: 1. പാമോയിലിന്റെ ഇറക്കുമതിത്തീരുവ ഇന്ത്യ പൂര്‍ണമായും എടുത്തുകളയണം. 2. ഇന്ത്യന്‍ പൊതുവിതരണ സമ്പ്രദായം മലേഷ്യന്‍ പാമോയിലിനായി തുറന്നുകൊടുക്കണം. ഇറക്കുമതി ചെയ്യുന്ന പാമോയില്‍ സബ്സിഡിയോടെ റേഷന്‍ കടകളിലൂടെ വിതരണംചെയ്യണം. ഈ ആവശ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്നുനോക്കാം:

1. പാമോയിലിന്റെ ഇറക്കുമതിത്തീരുവ പൂര്‍ണമായും എടുത്തുകളയണമെന്ന ആവശ്യം ആസിയന്‍ കരാറില്‍ ഒപ്പിടുന്നതിനുമുമ്പുതന്നെ കേന്ദ്രം അംഗീകരിച്ചിരുന്നു. 2007ലാണ് മലേഷ്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍വിപണി ലക്ഷ്യമിട്ടുകൊണ്ട് ബൃഹദ്പദ്ധതി ആവിഷ്കരിച്ചതെന്ന് ഓര്‍ക്കുക. അന്നുമുതല്‍ ഘട്ടംഘട്ടമായി പാമോയിലിന്റെ ഇറക്കുമതിത്തീരുവ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ്?

2. പാമോയില്‍ സബ്സിഡിയോടെ ഇന്ത്യന്‍ റേഷന്‍ കടകളില്‍ വിതരണംചെയ്യണമെന്നതാണ് മലേഷ്യയുടെ മറ്റൊരു പ്രധാന ആവശ്യം. 2008 ജൂലൈയില്‍ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ഒരു ഉത്തരവ് പുറത്തിറക്കി. ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപയുടെ സബ്സിഡി നല്‍കിക്കൊണ്ട് പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണംചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് ഈ ഉത്തരവ്.

ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കു മാത്രമല്ല, മുകളിലുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാമോയിലിന് ഈ ആനുകൂല്യമില്ല. ഇറക്കുമതിചെയ്യുന്ന പാമോയിലിനുമാത്രമേ സബ്സിഡിയുള്ളൂ. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ഭക്ഷ്യയെണ്ണയായ വെളിച്ചെണ്ണയും സബ്സിഡിയോടെ റേഷന്‍കടകളില്‍ വിതരണംചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രം ഒരു പടികൂടി മുന്നോട്ടുപോയി പാമോയില്‍ സബ്സിഡി 15 രൂപയില്‍നിന്ന് 25 രൂപയായി ഉയര്‍ത്തുകയാണ് ചെയ്തത്.

വിദേശിയായ പാമോയിലിന് നല്‍കുന്ന 25 രൂപയുടെ സബ്സിഡി എന്തുകൊണ്ട് സ്വദേശിയായ വെളിച്ചെണ്ണയ്ക്ക് നല്‍കിക്കൂടാ? 2007ല്‍ മലേഷ്യന്‍ പാമോയില്‍ പ്രൊമോഷന്‍ കൌസില്‍ 'പൊതുജനസമ്പര്‍ക്ക' പരിപാടികള്‍ക്കായി 15.8 ദശലക്ഷം മലേഷ്യന്‍ റിംഗിറ്റ് (ഏതാണ്ട് 24 കോടി ഇന്ത്യന്‍ രൂപ) ആണ് ചെലവഴിച്ചത്. 2008ലെയും 2009ലെയും കണക്കുകള്‍ ലഭ്യമല്ല. എന്തായാലും 2007ലെ തുകയേക്കാള്‍ ഒട്ടും കുറയില്ലെന്ന് ഉറപ്പ്. ലോകത്തെ ഏറ്റവും വലിയ തുറന്ന വിപണിയായ ഇന്ത്യയിലാണ് ഏറ്റവുമധികം തുക 'പൊതുജനസമ്പര്‍ക്കം' എന്ന പേരില്‍ ചെലവഴിച്ചത്. മലേഷ്യയില്‍നിന്നുള്ള പാമോയിലിന്റെമാത്രം കാര്യമാണിത്.

പാമോയിലിനെപ്പോലെ ആസിയന്‍ കരാറിലെ വ്യവസ്ഥകളനുസരിച്ച് കുറഞ്ഞ തീരുവയോടെ ഇറക്കുമതി ചെയ്യാന്‍പോകുന്ന ഓരോ ഉല്‍പ്പന്നങ്ങള്‍ക്കുപിറകിലും ഇത്തരം 'പൊതുജനസമ്പര്‍ക്ക' ഇടപാടുകള്‍ നടന്നിട്ടുണ്ട്. പ്രധാനമന്ത്രി രൂപീകരിക്കുന്ന പ്രത്യേകസമിതി ആസിയന്‍ സ്വതന്ത്രവാണിജ്യ കരാറിനുപിറകില്‍ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്. ഇത്തരമൊരു അന്വേഷണം നടത്തിയാല്‍ ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് ഇന്ത്യന്‍ ആസിയന്‍ രാജ്യങ്ങളുമായി സ്വതന്ത്രവാണിജ്യ കരാറില്‍ ഒപ്പുവയ്ക്കുന്നതെന്ന് വ്യക്തമാകും.

ദേശാഭിമാനി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്