വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, August 16, 2009

ആസിയന്‍ കരാറും ആശങ്കകളും

ആസിയന്‍ കരാറും ആശങ്കകളും

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

നമ്പൂതിരി ഫലിതത്തിന്റെ ഭാഗമായിരുന്ന 'ആശങ്ക'യ്ക്ക് രാഷ്ട്രീയത്തില്‍ ലബ്ധപ്രതിഷ്ഠ കൈവന്നത് മുസ്ളിംലീഗിലെ ഇ അഹമ്മദിലൂടെയാണ്. ആണവകരാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ച് അഹമ്മദ് നിര്‍വൃതി നേടി. ഇപ്രാവശ്യം ആ സൌഭാഗ്യം കൈവന്നത് ഉമ്മന്‍ചാണ്ടിക്കാണ്. ഇന്ത്യ-ആസിയന്‍ കരാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രിയുമായി അഞ്ചുമിനിറ്റ് സംസാരിച്ചതോടെ സകല ആശങ്കയും അകന്നുപോയി. അക്കാര്യം പത്രസമ്മേളനം നടത്തി കേരളത്തിലെ കൃഷിക്കാരെ അറിയിക്കുകയുംചെയ്തു. വാസ്തവത്തില്‍ ആസിയന്‍ കരാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ആനന്ദ് ശര്‍മയെയും മന്‍മോഹന്‍സിങ്ങിനെയും കാണുന്നതോടെ തീരുന്നതാണോ?

ആസിയന്‍ രാജ്യങ്ങളില്‍നിന്ന് അളവറ്റരീതിയില്‍ പാമോയിലും റബറും കുരുമുളകും നാളികേരവും തേയിലയും കാപ്പിയും മത്സ്യവും പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന വിലത്തകര്‍ച്ച 'ആശങ്ക നിവാരണ കൂടിക്കാഴ്ച'കൊണ്ട് പരിഹൃതമാകുമോ? രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരകരാറുകള്‍ സര്‍വസാധാരണമാണ്. ദീര്‍ഘമായ ചര്‍ച്ചകളെയും വിലപേശലുകളെയും തുടര്‍ന്നാണ് കരാര്‍ ഉറപ്പിക്കുന്നത്. ഏതെല്ലാം സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കണം, എത്ര അളവില്‍ കുറയ്ക്കണം എന്നിവയാണ് ആസിയന്‍ കരാര്‍ ചര്‍ച്ചകളിലെ മുഖ്യവിഷയങ്ങളായിരുന്നത്. ചുങ്കം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന നിര്‍ദേശത്തിന് ആഗോളവല്‍ക്കരണവും ഡബ്ള്യൂടിഒ കരാറുമായി ബന്ധമുണ്ട്. വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്ക് വില്‍ക്കാനും നിക്ഷേപിക്കാനും കൈനിറയെ സാധനങ്ങളും മൂലധനവുമുണ്ട്. ഇറക്കുമതി നിയന്ത്രണമാണ് സാധനങ്ങളും മൂലധനവും വിന്യസിക്കുന്നതിന് തടസ്സം. തടസ്സം ഒഴിവാക്കുന്നതിന് ആരംഭിച്ചതാണ് ഡബ്ള്യുടിഒ ചര്‍ച്ച. 1994 ഏപ്രിലില്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടു. ആറുവര്‍ഷത്തിനകം അടിസ്ഥാന ഇറക്കുമതിച്ചുങ്കം 30 ശതമാനം കുറയ്ക്കുമെന്ന് ഉറപ്പുചെയ്തു. (നികുതി 30 ശതമാനമാക്കുന്നതും നികുതിയുടെ 30 ശതമാനം കുറയ്ക്കുന്നതും രണ്ടും രണ്ടാണ്).

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസവളം, നാകം, ചെമ്പ് തുടങ്ങിയ പല വസ്തുക്കളും കരാറില്‍ ഉള്‍പ്പെട്ടിരുന്നില്ല. ആസിയന്‍ കരാര്‍ ഉള്‍പ്പെടെ പിന്നീടുണ്ടാക്കിയ കരാറുകളില്‍ പട്ടിക നീളംവച്ചു. 2003 ഒക്ടോബറില്‍ ബിജെപിയുടെ ഭരണകാലത്താണ് 'സമഗ്ര സാമ്പത്തിക സഹകരണത്തിനുള്ള ഇന്ത്യ-ആസിയന്‍ കരാര്‍ ചട്ടക്കൂട്' ഉണ്ടാകുന്നത്. വാജ്പേയിയാണ് കരടുകരാറില്‍ ഒപ്പുവച്ചത്. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലെ മുഖ്യതര്‍ക്കവിഷയം നെഗറ്റീവ് ലിസ്റില്‍ (സെന്‍സിറ്റീവ് ലിസ്റില്‍) ഏതെല്ലാം ഉള്‍പ്പെടുമെന്നതിനെ സംബന്ധിച്ചായിരുന്നു. എന്താണ് നെഗറ്റീവ് ലിസ്റ്? ഇറക്കുമതിച്ചുങ്കം കുറയ്ക്കുകയോ ഒഴിവാക്കുയോ ചെയ്യേണ്ട ഉല്‍പ്പന്നങ്ങളെ സമയപരിധിയുടെയും ചുങ്കം നിരക്കിന്റെയും അടിസ്ഥാനത്തില്‍ രണ്ട് ട്രാക്കായി (ചാനലായി) തിരിച്ചിരിക്കുന്നു. നോര്‍മല്‍ ട്രാക്കും സെന്‍സിറ്റീവ് ട്രാക്കും. നോര്‍മല്‍ ട്രാക്കില്‍പ്പെട്ട കുറെ സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം 2011ഓടെ പൂര്‍ണമായും ഒഴിവാക്കണം. മറ്റു കുറെ സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം 2011ഓടെ അഞ്ചു ശതമാനമായും 2013ല്‍ പൂര്‍ണമായും ഒഴിവാക്കണം. സെന്‍സിറ്റീവ് ട്രാക്കില്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങളില്‍ ഒരുവിഭാഗത്തിനുമേല്‍ ചുമത്താവുന്ന പരമാവധി ഇറക്കുമതിച്ചുങ്കം (ബൌണ്ട് റേറ്റ്) ചര്‍ച്ചയിലൂടെ നിര്‍ണയിക്കണം. മറ്റൊരുവിഭാഗത്തിനുമേല്‍ ഇറക്കുമതിച്ചുങ്കം ക്രമാനുഗതമായി കുറച്ചുകൊണ്ടുവരണം.

സെന്‍സിറ്റീവ് ഇനങ്ങളുടെ നിലവിലെ ഇറക്കുമതിച്ചുങ്കം എട്ടുമുതല്‍ 10 ശതമാനംവരെയാണ്. 2015ല്‍ അത് അഞ്ചു ശതമാനമായി ഇളവുചെയ്യണമെന്നും 2018ല്‍ പൂര്‍ണമായി ഒഴിവാക്കണമെന്നുമാണ് കരാര്‍വ്യവസ്ഥ. മറ്റു ചിലതിന്റെ പരമാവധി ചുങ്കം നിശ്ചയിക്കുകയുംവേണം. അന്തിമകരാര്‍ വൈകുന്നതനുസരിച്ച് സമയപരിധിക്കും മാറ്റംവരാം. ഏതെങ്കിലും ഒരു സാധനം സെന്‍സിറ്റീവ് ലിസ്റില്‍ പെടുത്തി എന്നതുകൊണ്ടുമാത്രം ചുങ്കം കുറയ്ക്കാതെ നിലനിര്‍ത്തുന്നെന്ന് അര്‍ഥമില്ല. സെന്‍സിറ്റീവ് ലിസ്റില്‍പ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന ചുങ്കനിരക്ക് ബാധകമാണെന്നും ധരിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ ആനന്ദ് ശര്‍മയുടെയോ മന്‍മോഹന്റെയോ ബോധവല്‍ക്കരണത്തെയല്ല വിശ്വാസത്തിലെടുക്കേണ്ടത്. മറിച്ച് നെഗറ്റീവ് ലിസ്റിന്റെ വസ്തുനിഷ്ഠ പരിശോധനയെയാണ്. നാലായിരത്തിലേറെ ഉല്‍പപ്പന്നത്തിന്റെ ചുങ്കം പൂജ്യത്തിലെത്തിക്കാനും ആസിയന്‍ രാജ്യങ്ങള്‍ തമ്മില്‍ ചുങ്കരഹിത മേഖലയാക്കാനുമാണ് കരാറിലെ ഊന്നല്‍. 489 എണ്ണം നെഗറ്റീവ് ലിസ്റില്‍ പെടുത്തി എന്നത് ആശ്വാസത്തിന് വകനല്‍കുന്നില്ല. 489ല്‍ നിന്ന് ഇനിയും കുറയുമെന്ന് കരാര്‍ ചര്‍ച്ചയുടെ നാള്‍വഴി പരിശോധിച്ചാല്‍ ബോധ്യമാകും. 2003ല്‍ തുടങ്ങിയ ചര്‍ച്ച 2005 ജൂ 30ന് അവസാനിപ്പിക്കാനായിരുന്നു ധാരണ.

പക്ഷേ, ചര്‍ച്ച നീണ്ടു. ഒരവസരത്തില്‍ പാമോയില്‍ ചുങ്കം സംബന്ധിച്ച് മലേഷ്യയും ഇന്തോനേഷ്യയും ഉയര്‍ത്തിയ ആവശ്യത്തില്‍ തട്ടി ചര്‍ച്ച മരവിച്ചു. തുടര്‍ന്ന് ഇന്ത്യാ ഗവമെന്റ് വഴങ്ങി. വഴങ്ങല്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചര്‍ച്ചയുടെ ഗതിവ്യക്തമാക്കുന്നുണ്ട്. 1410 ഉല്‍പ്പന്നം നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യ ആദ്യം നിര്‍ദേശിച്ചത്. 2006 ജൂണില്‍ അത് 900 ആക്കാമെന്നും സമ്മതിച്ചു. രണ്ടുമാസം പിന്നിട്ട് 2006 ആഗസ്തില്‍ 560 ആക്കി. 2008 ആഗസ്തില്‍ 489ലേക്ക് വെട്ടിക്കുറയ്ക്കാനും ഇന്ത്യ സമ്മതിച്ചു. നെഗറ്റീവ് ലിസ്റിന്റെ ദൈര്‍ഘ്യം ഇനിയും കുറയുമെന്നറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ലല്ലോ. റബര്‍, കുരുമുളക്, നാളികേരം, ഏത്തപ്പഴം, പൈനാപ്പിള്‍, മത്സ്യം, പുകയില, കാപ്പി, തേയില, പാമോയില്‍ തുടങ്ങിയവയാണ് ആസിയന്‍ രാജ്യങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങളും കയറ്റുമതിയും. ഇവയൊക്കെത്തന്നെയാണ് കേരളത്തിന്റെ പ്രധാന തോട്ടവിളകളും കയറ്റുമതി ഉല്‍പ്പന്നങ്ങളും. ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നതോടെ മേല്‍പറഞ്ഞ ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്ക് രാജ്യത്തേക്കുണ്ടാകും. തല്‍ഫലമായ വിലത്തകര്‍ച്ച കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കും, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ അപകടപ്പെടുത്തും. 2018ല്‍ (ഉമ്മന്‍ചാണ്ടിയുടെ പ്രയോഗം കടമെടുത്താല്‍ 'മാത്രമേ') വിലത്തകര്‍ച്ചയുണ്ടാകൂവെന്നത് ആശ്വാസത്തിനുകാരണമല്ല. തോട്ടവിളകള്‍ ദീര്‍ഘകാല വിളകളാണ്.

നാലോ അഞ്ചോ കൊല്ലംകഴിഞ്ഞാണ് വിളവെടുപ്പ്. വിലത്തകര്‍ച്ച ഉറപ്പെന്നു കാണുന്ന ഏത് കര്‍ഷകനാണ് തോട്ടവിള ഉല്‍പ്പാദനത്തിന് മുതിരുക? പുതുതായി റബറോ കുരുമുളകോ നാളികേരമോ കൃഷിചെയ്യാന്‍ ഒരു കര്‍ഷകനും മുതിരുകയില്ല. കൃഷി ഉപേക്ഷിക്കുന്ന പതിനായിരക്കണക്കിനു കൃഷിക്കാരെ എങ്ങനെയാണ് സംരക്ഷിച്ചുനിലനിര്‍ത്തുക? കേരളത്തിന്റെ പ്രധാന കയറ്റുമതി വരുമാനസ്രോതസ്സാണ് നാണ്യവിളകള്‍. കയറ്റുമതിമത്സരം നേരിടുന്നതോടെ കയറ്റുമതിവരുമാനം ഇടിയും. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്നുള്ള വരുമാന ഇടിവ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രശ്നസങ്കീര്‍ണമാകും. നാളികേരത്തിന്റെ വിലയിടിവ് 35 ലക്ഷം കുടുംബത്തിന്റെ ജീവിതമാണ് തകര്‍ക്കുക. കൂടുതല്‍ പേര്‍ തെങ്ങുകൃഷി ഉപേക്ഷിക്കുന്നതോടെ കയര്‍വ്യവസായവും കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിയും തകരും. 3,62,440 പേര്‍ കയര്‍വ്യവസായത്തില്‍ പണിയെടുക്കുന്നുണ്ട്. അവരില്‍ എട്ടുശതമാനം പേര്‍ സ്ത്രീകളാണ്. ഇന്ത്യയില്‍നിന്നുള്ള കയറുല്‍പ്പന്ന കയറ്റുമതിയുടെ 93 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. 592 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ കയറ്റുമതിവരുമാനം.

1505 കോടിരൂപ വിദേശനാണ്യം നേടിത്തന്ന കശുവണ്ടിമേഖലയെ ഉപജീവനമാര്‍ഗമാക്കിയിട്ടുള്ളവര്‍ രണ്ടരലക്ഷം പേരാണ്. അവരില്‍ 95 ശതമാനം സ്ത്രീത്തൊഴിലാളികളാണ്. രാജ്യത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന്റെ 82 ശതമാനം കേരളത്തിലാണ്. റബര്‍ ഉല്‍പ്പാദനത്തിന്റെ 92 ശതമാനം കേരളത്തിലാണ്. ഒരുലക്ഷം പേര്‍ തൊഴിലെടുക്കുന്ന മേഖലയാണ് കാപ്പികൃഷി. തേയിലവ്യവസായത്തിന് സംഘടിതമേഖലയില്‍ 84,000 പേര്‍ തൊഴിലെടുക്കുന്നു. ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്ന രംഗമാണ് മത്സ്യബന്ധനം. 12 ലക്ഷം പേരുടെ തൊഴിലും വരുമാനമാര്‍ഗവുമാണത്. ആസിയന്‍ സ്വതന്ത്യ്രവ്യാപാര കരാറിന്റെ ഭവിഷ്യത്തുകള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക കേരളമാണ്. എന്നാല്‍, ആസിയന്‍ ഉടമ്പടികൊണ്ട് ഒരു പ്രശ്നവുമുണ്ടാകില്ലെന്നും അഥവാ ഉണ്ടായാല്‍ത്തന്നെ 2019ലേ ഉണ്ടാകൂവെന്നും ഉമ്മന്‍ചാണ്ടി. അതേസമയം, കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുമെന്നും അതേക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിക്കുമെന്നും പ്രധാനമന്ത്രി. പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പിന്നെ സംരക്ഷണയെക്കുറിച്ച് പഠിക്കാന്‍ ഉപസമിതിയെന്തിന്? ഉടമ്പടികൊണ്ട് കേരളത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്നും അത് അറിഞ്ഞുകൊണ്ടാണ് 2009 ഒക്ടോബറില്‍ അന്തിമകരാര്‍ ഒപ്പിടാന്‍ തുനിയുന്നതെന്നും വ്യക്തം. കേരളത്തിലെ കോഗ്രസുകാര്‍ ശരിക്കും ആത്മാര്‍ഥമായ സഹതാപം അര്‍ഹിക്കുന്ന ഒരു വിഭാഗമാണ്. കേന്ദ്രം കൈക്കൊള്ളുന്ന എല്ലാ ജനദ്രോഹനയങ്ങള്‍ക്കും അറിഞ്ഞുകൊണ്ട് ജയ ജയ പാടാന്‍ വിധിക്കപ്പെട്ടവരാണവര്‍!!

ദേശാഭിമാനി

2 comments:

Unknown said...

സജിം, പതിവ് പോലെ ആസിയന്‍ കരാര്‍ ഒപ്പ് വെച്ചപ്പോഴും എതിര്‍പ്പ് ഉണ്ടായി. എന്നാല്‍ ഇത്തവണ എതിര്‍പ്പുമായി ഇടത് പക്ഷം മാത്രമേ രംഗത്തുള്ളൂ. മറ്റെല്ലായ്പോഴും ബി.ജെ.പി.യും കൂട്ടിനുണ്ടാകാറുണ്ട്. മറ്റ് രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഒരു രാജ്യത്തിനുമാവില്ല. ആസിയന്‍ കരാറില്‍ പതിവ് പോലെ ചൈനയും ഒപ്പ് വെച്ചിട്ടുണ്ട്. ആഗോളീകരണം ഒരു ആഗോളയാഥാര്‍ഥ്യമാണ്. ഒരു രാജ്യത്തിനും ഇതില്‍ നിന്ന് ഒഴിവായി ഒരു തുരുത്തില്‍ ജീവിയ്ക്കാന്‍ കഴിയില്ല. ഗാട്ട് കരാറിന് ശേഷം ഇത്തരം കുറുമുന്നണിക്കാരാറുകളും നിലവില്‍ വരുന്നു. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ കരാര്‍ ഒപ്പ് വയ്ക്കുന്നത്. ഇന്ത്യയ്ക്കും ഇതിലൊക്കെ ഭാഗഭാക്കായേ പറ്റൂ. ഇടത് പക്ഷം ഇന്ത്യ ഭരിക്കുകയാണെങ്കിലും ഇത:പര്യന്തം ഒപ്പ് വെച്ച എല്ലാ കരാറുകളിലും അവരും ഒപ്പ് വയ്ക്കുമായിരുന്നു, ചൈന വെച്ച പോലെ.

കര്‍ഷകരുടെ കാര്യമാണല്ലോ പറയുന്നത്? കരാറിന്റെ ഗുണദോഷങ്ങളെപ്പറ്റി ഞാന്‍ പഠിക്കാത്തത്കൊണ്ട് ഒന്നും പറയുന്നില്ല. എന്നാല്‍ ഇന്ന് കര്‍ഷകരുടെ സ്ഥിതി എന്താണ്. എന്തെങ്കിലും ഒരു ജോലിയ്ക്ക് ആളെ കിട്ടുന്നുണ്ടോ? എത്ര വില കിട്ടിയാലും ലാഭകരമായി കൃഷി നടത്താന്‍ കേരളത്തില്‍ കഴിയുമോ? വില കൂടണം,കൂലി കൂടണം എന്നല്ലാതെ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത വേണം, ഗുണനിലവാരം വേണം,ഉല്പാദനം കൂട്ടണം എന്നാരെങ്കിലും പറയുന്നുണ്ടോ? കുറച്ച് ഉല്പാദിപ്പിച്ച് അതിന് കൂടുതല്‍ വില കിട്ടണം എന്നല്ലെ നമ്മള്‍ ശഠിക്കുന്നത്?

ഇനി ഉപഭോക്താക്കളുടെ കാര്യമോ? പലവ്യജ്ഞനക്കടയിലോ,പഴം പച്ചക്കറിക്കടയിലോ പോയാല്‍ അവിടെയുള്ള സാധനങ്ങള്‍ എല്ലാം തന്നെ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതാണ്. അത്കൊണ്ട് തന്നെ തീവിലയും. കേരളത്തിന്റെ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത് കേരളത്തിന് പുറത്ത് ജോലിയ്ക്ക് പോയവര്‍ അയയ്ക്കുന്ന പണമല്ലേ? ഈ വസ്തുതകളെല്ലാം കൂലങ്കഷമായി ആലോചിട്ടാണോ കരാറിനെ എതിര്‍ക്കുന്നത്? എല്ലാം നിശബ്ദമായി സഹിക്കുകയാണ് കേരളത്തിലെ ഉപഭോക്താക്കള്‍. അവരുടെ കാര്യം ആരും പറഞ്ഞുകേള്‍ക്കുന്നില്ല. കര്‍ഷകരോളം തന്നെ കര്‍ഷകരല്ലാത്ത ഉപഭോക്താക്കളും കേരളത്തില്‍ ഉണ്ടെന്ന് ഓര്‍ക്കുക. പ്രത്യേകിച്ച് അഞ്ചോ പത്തോ സെന്റ് പുരയിടം മാത്രമുള്ളവര്‍. അവരും ജീവിയ്ക്കേണ്ടേ?

ഇ.എ.സജിം തട്ടത്തുമല said...

കമന്റിനു നന്ദി!

ആസിയാൻ കരാറിനെക്കുറിച്ചു പത്രങ്ങളിൽ വന്ന വിവരങ്ങൾ യഥാസമയം വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് എന്റെ വായനാമുറിയിൽ അതു കോപ്പി ചെയ്തിട്ടത്.മാത്രവുമല്ല കഴിഞ്ഞ ദിവസം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഇതുസംബന്ധിച്ചു പ്രിപ്പെയർ ചെയ്ഹ ഒരു പ്രസംഗം കേൾക്കാനിടയായതു ആസിയാൻ കരാറിനെക്കുറിച്ച് കൂടിതൽ അറിയാൻ ജിജ്ഞാസയും ഉണ്ടാക്കി.

താങ്കൾ പറഞ്ഞതുപോലെ ഇടതുപക്ഷം മാത്രമേ ഇക്കാര്യത്തിൽ പ്രതികരിച്ചുള്ളു.ഇന്ത്യയ്ക്കു മാത്രമായി ഇത്തരം കരാറുകളീലിൽ നിന്നൊന്നും ഒഴിഞ്ഞു നിൽക്കൻ ആകില്ല എന്നതു ശരിയുമാണ്. ഗാട്ടുകരാർ തൊട്ടിങ്ങോട്ടുള്ള എല്ലാറ്റിന്റെയും കാര്യം അങ്ങനെതന്നെ. ആണവ കരാറൂം ഇപ്പോഴത്തെ ആസിയാൻ കരാറും ഉൾപ്പെടെ.

പക്ഷെ ലോകത്തിന്റെ ഗതിവിഗതികൾക്കൊപ്പം ഇന്ത്യയും സഞ്ചരിയ്ക്കേണ്ടി വരുന്നു എന്നുള്ളതുകൊണ്ട് ഇത്തരം കാര്യങ്ങളുടെ ഗുണ-ദോഷങ്ങൾ ചർച്ച ചെയ്യപ്പെടാതിരുന്നു കൂട. എന്നാൽ ഇത്തരം ഗൌരവമുള്ള വിഷയങ്ങൾ വേണ്ടവിധം പഠിയ്ക്കുവാനും അതനുസരിച്ചുള്ള നിലപാടുകൾ എടുക്കുവാനും തയ്യാറാകുന്നത് ഇപ്പോഴും ഇടതുപക്ഷം മാത്രമാണ്.

സി.പി.എം ഉൾപ്പെടെ ഇടതുപക്ഷത്തിന് ഇപ്പോൾ ചില അപചയങ്ങളും അവമതിപ്പുകളുമുണ്ടായിട്ടുണ്ട് എന്നതു ശരി തന്നെ.എന്നാൽ അതുകൊണ്ടു ഇടതുപക്ഷമോ പ്രത്യേകിച്ച് സി.പി.എമ്മോ പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാതിരുന്നുകൂട. അഥവാ സി.പി.എം പറയുന്നതുകൊണ്ടു മാത്രം ഒരു അഭിപ്രായങ്ങളും നിരാകരിയ്ക്കുന്നതും ശരിയല്ല. കാരണം എന്തൊക്കെ ആയാലും സി.പി.എമ്മിൽ ഉള്ളവർ ഉൾപ്പെടെ ഇടതുപക്ഷ ബുദ്ധിജീവികൾ എല്ലാ കാര്യങ്ങളൂം ഗൌരവ ബുദ്ധ്യാ പഠിയ്ക്കാൻ മിനക്കെടുന്നവരാണെന്നു കാണാതിരുന്നുകൂട.
ഇടതുപക്ഷ കണ്ണുകളീലൂടെ ആയിരിയ്ക്കും അവർ വിഷയങ്ങളെ സമീപിയ്ക്കുന്നത് എന്നതു കൊണ്ടൂ തന്നെ നിലപാടുകളൂം ഇടതുപക്ഷ സ്വഭാവം ഉള്ളതായിരിയ്ക്കും.

ആണവ കരാറിന്റെ ആ ഒരു വിവാദം നടക്കുമ്പോൾ ഡൽഹിയിലുള്ള ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവിനോട് ഒരു സുഹൃത്ത്‌ ആണവ കരാരിന്റെ ദോഷങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ആ നേതാവു പകുതി തമ്മാശയ്ക്കും പകുതി സീരിയസ്സുമായി പറഞ്ഞത് അതിനി സീതാറാം യച്ചൂരിയെ കണ്ടു ചോദിച്ചാലേ അറിയൂ ; എന്നു തന്നെയല്ല ആ കരാർ എന്താണെന്ന് അറിയണമെങ്കിലും യച്ചൂരിയെയൊ കാരാട്ടിനെയോ കാണണം.അല്ലാതെ നമുക്കെവിടെ ഇതൊക്കെ പഠിയ്ക്കാൻ സമയം? അവരോട് ചോദിച്ചിട്ട് അവർ എന്തു പറയുന്നോ അതിനു വിപരീതമായ നിലപാട് എടുക്കുമ്പോൾ കോൺഗ്രസ്സിന്റെ നിലപാടായി അത്രേ.

ഇതു തമാശ ആയി പറഞ്ഞതാണെങ്കിലും യച്ചൂരിയും അതുപോലുള്ള ബുദ്ധിജീവികളുമായി കോൺഗ്രസ്സിന്റെ അടക്കം നേതാക്കന്മാർക്ക് ഡൽഹിയിൽ അങ്ങനെ ചില ബന്ധങ്ങൾ ഉണ്ടെന്നത് നേരാണ്. ഇടതുപക്ഷക്കാർ മാത്രമാണ് വിവരമുള്ളവർ എന്നല്ല ഈ പറഞ്ഞതിനർത്ഥം. അവർ കാര്യങ്ങൾ പഠിയ്ക്കും എന്നത് നിഷേധിയ്ക്കാനാകില്ല.അതുകൊണ്ട് ഇടതുപക്ഷക്കാരല്ലാത്തവർക്കു കൂടിയും ഏതൊരു വിഷയത്തിലും അവരുടെ അഭിപ്രായങ്ങളെ പാടേ അവഗണിയ്ക്കാനും കഴിയില്ല.

പിന്നെ താങ്കൾ ചൈനയുടെ കാര്യം പറഞ്ഞിരുന്നല്ലോ. അതിനു ചൈന ഇന്ന് കമ്മ്യൂണിസ്റ്റുകാർക്ക് ഒരു മാതൃകയൊന്നുമല്ല. മറ്റേതൊരു രാജ്യത്തെയും പോലെ തന്നെ ചൈനയ്ക്കും ലോകത്തിന്റെ മൊത്തം ഗതിവിഗതികൾക്കനുസരിച്ചേ സഞ്ചരിയ്ക്കാൻ കഴിയൂ.. മാത്രവുമല്ല അറിഞ്ഞും അറിയാതെയും മുതലാളിത്തതിലേയ്ക്കുള്ള വാതിലുകൾ ഇന്ന് ചൈനയിലും തുറന്നുതന്നെ കിടക്കുന്നു. അതുകൊണ്ടു ചൈനയിൽ ഇന്ന കാര്യം ചെയ്തതുകൊണ്ട് ഇവിടെയും കമ്മ്യൂണിസ്റ്റുകാർ ആ നിലപാടിൽ നിൽക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല. ചൈന ചെയ്യുന്നതെല്ലാം ശരിയ്യണെന്ന് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർ വിശ്വസിച്ചു കൊള്ളണമെന്നും ഇല്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നു കൊണ്ടും ഇടതുപക്ഷ ചിന്തയുടെ പ്രേരണയിലും ഉള്ള നിലപാടുകളേ സി.പി.എം ഉൾപ്പെടെ ഏതൊരു ഇടതുപക്ഷ പാർട്ടിയ്ക്കും സ്വീകരിയ്ക്കാൻ കഴിയുകയുള്ളു.

എന്നാൽ ചോദിയ്ക്കും ഇടതു പക്ഷമാണു ഭരിയ്ക്കുന്നതെങ്കിൽ ഇത്തരം കററുകളിലൊക്കെ ഒപ്പു വയ്ക്കുമായിരുന്നില്ലേ എന്ന്. എന്തിനാ വാക്കു മുട്ടുന്നത്? ചിലതിനെയൊക്കെ ചെറുത്തു നിൽക്കും. ചിലതൊക്കെ മാറ്റിയും നീട്ടിയും വയ്ക്കും. ചിലതിൽ നേരിയ മാറ്റങ്ങളൊക്കെ വരുത്താ‍ൻ ശ്രമിയ്ക്കും .എങ്ങനെ ആയാലും ഫലത്തിൽ ഇതൊക്കെ തന്നെ ചെയ്യാൻ നിർബ്ബന്ധിതമാകാൻ തന്നെയാണു സാദ്ധ്യത. പക്ഷെ അതുകൊണ്ടൊന്നും യാഥാർത്ഥ്യം യാത്ഥാർത്ഥ്യമല്ലതെ പോകില്ല. ഗുണം ഭവിയ്ക്കേണ്ടതു ഗുണമായും ദോഷം ഭവിയ്ക്കേണ്ടതെല്ലാം ദോഷമായിത്തന്നെ വരികയും ചെയ്യും. ചൂണ്ടി പറയുന്നത് ഇടതുപക്ഷമായാലും ശരി, വലതുപക്ഷമായാലും ശരി.

ആഗോളീകരണം ഒരു യഥാർത്ഥ്യമാണെന്നു കരുതി ഇടതുപക്ഷ ചിന്തകളേ പാടില്ലെന്നുണ്ടോ? അങ്ങനെ ഒരു നിലപാട് ഈ വിനീതന് ഇല്ല.ഇടതു ചിന്തകൾ പ്രതിരോധത്തിന്റേതാണ്. അതിൽ എത്ര കണ്ട് നീക്കു പോക്കുകൾ നടത്തിയാലും ആത്യന്തികമായി അത് അങ്ങനെ തന്നെയേ അയിരിയ്ക്കുകയുള്ളു. കാലം എല്ലാറ്റിനും മാറ്റം വരുത്തുമ്പോൾ പ്രത്യയ ശാസ്ത്രങ്ങളും അതിനു വിധേയമാകും. കാലാനുസൃതമായിരിയ്ക്കും അതിന്റെ ഒക്കെയും രൂപ ഭാവങ്ങൾ എന്നു മാത്രം!

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്