വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, April 26, 2009

ലക്ഷംപേര്‍ പട്ടിണിയില്‍


ലങ്ക: ലക്ഷംപേര്‍ പട്ടിണിയില്‍

കൊളംബോ: ശ്രീലങ്കയില്‍ പുലികളുടെ അവസാന മടകളും ലക്ഷ്യമിട്ട് സൈന്യം ആക്രമണം തുടരുമ്പോള്‍ യുദ്ധമേഖലയില്‍ ശേഷിക്കുന്ന തമിഴ്വംശജര്‍ മുഴുപ്പട്ടിണിയിലേക്ക്. യുദ്ധം കൊടുമ്പിരിക്കൊണ്ട 'യുദ്ധരഹിതമേഖല'യില്‍ ഇനിയും അരലക്ഷത്തോളംപേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. യുദ്ധമേഖലയില്‍ 1.67 ലക്ഷം തമിഴ്വംശജരുണ്ടെന്നും ഇവര്‍ മുഴുപ്പട്ടിണിയുടെ വക്കിലാണെന്നും എല്‍ടിടിഇ വെളിപ്പെടുത്തി.

വെടിനിര്‍ത്തണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന ശ്രീലങ്കന്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ശനിയാഴ്ചയും യുദ്ധരഹിതമേഖലയില്‍ കനത്ത ബോംബിങ്ങുണ്ടായി. അതിനിടെ, പ്രശ്നപരിഹാരത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ അമേരിക്ക സ്വാഗതംചെയ്യുന്നെന്ന് സ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് റോബര്‍ട്ട് വുഡ് പറഞ്ഞു. വംശീയപ്രശ്നം സൈനികമാര്‍ഗത്തിലൂടെ പരിഹരിക്കാനാകില്ലെന്നും യുദ്ധത്തില്‍നിന്ന് ലങ്കന്‍സര്‍ക്കാരും പുലികളും പിന്മാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നില തുടരുന്നത് അനുരഞ്ജനത്തിനും ഐക്യത്തിനുമുള്ള ഭാവിസാധ്യതയെ ഇല്ലാതാക്കുമെന്നും ബറാക് ഒബാമ സ്ഥാനമേറ്റശേഷം ലങ്കന്‍പ്രശ്നത്തില്‍ വൈറ്റ്ഹൌസ് ആദ്യമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കരമാര്‍ഗവും കടല്‍വഴിയും ഭക്ഷണമെത്തിക്കുന്നത് മാസങ്ങളായി സൈന്യം തടയുകയാണെന്ന് ശനിയാഴ്ച 'തമിഴ്നെറ്റി'ല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ എല്‍ടിടിഇ ആരോപിച്ചു. ഈ നില തുടര്‍ന്നാല്‍ സുഡാനിലെ ദാര്‍ഫറിനു സമാനമായ ദുരന്തമാകും പുതുക്കുടിയിരുപ്പില്‍ ഉണ്ടാവുക. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ മഹാദുരന്തം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും എല്‍ടിടിഇ ആവശ്യപ്പെട്ടു. ഭക്ഷണവും മരുന്നും നിഷേധിച്ച സര്‍ക്കാര്‍നടപടി അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും വംശഹത്യയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എല്‍ടിടിഇ കുറ്റപ്പെടുത്തി. എന്നാല്‍, ഏറിയാല്‍ 15,000 പേര്‍ മാത്രമേ യുദ്ധമേഖലയില്‍ ഉള്ളൂവെന്ന് പിടിയിലായ പുലിനേതാക്കളുടെ മൊഴി ഉദ്ധരിച്ച് ലങ്കന്‍ സര്‍ക്കാര്‍ വാദിക്കുന്നു.

പ്രശ്നത്തിന്റെ രൂക്ഷത കണക്കിലെടുത്ത് മനുഷ്യാവകാശ സമിതിയുടെ തലവന്‍ ജോ ഹോംസിനെ ഐക്യരാഷ്ട്രസഭ കൊളംബോയിലേക്ക് അയച്ചു. യുദ്ധമേഖലയില്‍ മാനുഷിക സഹായം എത്തിക്കുന്നതു സംബന്ധിച്ച് അദ്ദേഹം ലങ്കന്‍സര്‍ക്കാരുമായി ചര്‍ച്ചചെയ്യും. യുഎന്‍ തീരുമാനത്തെ പുലികള്‍ സ്വാഗതംചെയ്തു. അതിനിടെ, പുലിത്തലവന്‍ പ്രഭാകരന്‍ തലനാരിഴയ്ക്കാണ് തങ്ങളുടെ കണ്ണില്‍നിന്ന് രക്ഷപ്പെട്ടതെന്ന് സൈന്യം വെളിപ്പെടുത്തി. മാര്‍ച്ച് 29നും 31നുമിടെ ഒരുദിവസം പ്രഭാകരനും മുതിര്‍ന്ന പുലിനേതാക്കളും പുതുക്കുടിയിരുപ്പ്-ഇര്‍നമലൈ റോഡിലൂടെ കടന്നുപോയിരുന്നു.

ഈ മേഖല മുഴുവന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാകുന്നതിന് കേവലം രണ്ടുദിവസംമുമ്പായിരുന്നു ഇതെന്ന് 58-ാം ഡിവിഷന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ശാവേന്ദ്ര സില്‍വ പറഞ്ഞു. പുലികളില്‍നിന്ന് പിടിച്ചെടുത്ത മേഖല സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൈന്യം അനുമതി നല്‍കി. പുതുക്കുടിയിരുപ്പുവഴി കടന്നുപോയ അഭയാര്‍ഥികളുമായി സംസാരിക്കാനും അവസരം നല്‍കി. പട്ടിണിയുടെ വക്കിലെത്തിനില്‍ക്കുന്നതിന്റെ ദൈന്യതയും അവശതയും അവരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. '

ദേശാഭിമാനി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്