വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, April 2, 2009

നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍

ദേശാഭിമാനി ലേഖനം

വി എസ് അച്യുതാനന്ദന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം ദേശീയപ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നടപടികളുമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുക സ്വാഭാവികമാണ്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നപ്പോള്‍ കേരളത്തില്‍ യുഡിഎഫ് പറഞ്ഞത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്നാണ്. പ്രചാരണരംഗത്ത് മുന്‍ യുഡിഎഫ് ഗവമെന്റിന്റെ അഞ്ചുവര്‍ഷ ഭരണവും എല്‍ഡിഎഫ് ഗവമെന്റിന്റെ 34 മാസത്തെ ഭരണവും താരതമ്യം ചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാഗതാര്‍ഹമായ കാര്യമാണ്.

കേന്ദ്രഭരണവും കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനങ്ങളും നിശിതമായി വിചാരണ ചെയ്യുന്നതിനൊപ്പം സംസ്ഥാന ഭരണനേട്ടങ്ങള്‍ വിലയിരുത്തപ്പെടണം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ യുഡിഎഫുകാര്‍ ഇപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല. കാരണം കഴിഞ്ഞ 34 മാസത്തിനിടയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. അതേക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല തന്നെ. വികസന-ക്ഷേമരംഗങ്ങളില്‍ കഴിഞ്ഞ 34 മാസത്തിനിടയില്‍ എല്‍ഡിഎഫ് ഗവമെന്റ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ത്തന്നെ എന്തുകൊണ്ട് യുഡിഎഫ് വിവാദങ്ങളുടെ പിറകെമാത്രം പോകുന്നുവെന്ന് വ്യക്തമാകും.

കടക്കെണി കാരണമുള്ള കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കര്‍ഷക പെന്‍ഷന്‍ പദ്ധതി, പലിശരഹിത വായ്പ, നെല്ലിന് സംഭരണവില 11 രൂപ. നെല്ലുല്‍പ്പാദനം ആറര ലക്ഷം ടണ്ണില്‍നിന്ന് പത്ത് ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനും പഴം, പച്ചക്കറി, പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും 1313 കോടി രൂപ ചെലവില്‍ ഭക്ഷ്യസുരക്ഷാ കര്‍മപദ്ധതി. ഐടി രംഗത്ത് വന്‍മുന്നേറ്റം. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ വികസനം, പുതുതായി ടെക്നോസിറ്റി, കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസനം, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, കുണ്ടറ, ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി (തൃശൂര്‍), എരമം (കണ്ണൂര്‍), ചീമേനി (കാസര്‍കോട്) എന്നിവിടങ്ങളില്‍ പുതിയ ഐടി പാര്‍ക്ക് ആരംഭിക്കാന്‍ നടപടി. സ്മാര്‍ട്സിറ്റി പദ്ധതി തുടങ്ങാന്‍ നടപടി. ടെക്നോപാര്‍ക്കിലും ഇന്‍ഫോ പാര്‍ക്കിലുമായി പുതുതായി അമ്പതോളം കമ്പനി വന്നു.

ഐടി രംഗത്ത് തൊഴിലവസരം ഇരട്ടിയായി. അടുത്ത മൂന്നുവര്‍ഷത്തിനകം ഐടി മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരം. ടൂറിസം മേഖലയില്‍ കേരളം പ്രധാന ഡെസ്റിനേഷനായി. ടൂറിസ്റുകളുടെ എണ്ണത്തിലും ടൂറിസത്തില്‍നിന്നുള്ള വരുമാനത്തിലും 25 ശതമാനത്തിന്റെ വര്‍ധന. പൂട്ടിക്കിടന്ന വ്യവസായശാലകള്‍ തുറന്നു. പൂട്ടിയ തോട്ടങ്ങള്‍ തുറന്നു. ലാഭത്തിലുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം 12ല്‍ നിന്ന് 30ല്‍ എത്തിച്ചു. കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍. പാലക്കാട് കോച്ച് ഫാക്ടറി അനുവദിപ്പിച്ചു. ഫാക്ടറി സ്ഥാപിക്കാന്‍ ആയിരം ഏക്കര്‍ സ്ഥലം ഫാസ്റ് ട്രാക്കില്‍ ഏറ്റെടുക്കുന്നു. വല്ലാര്‍പാടം പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി. ആവശ്യമായ ഭൂമി, മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കി അക്വയര്‍ ചെയ്തു നല്‍കി. എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടി. ഭൂമി അക്വിസിഷന്‍ പുരോഗമിക്കുന്നു.

നിര്‍മാണപ്രവൃത്തി ഈ വര്‍ഷം തുടങ്ങുന്നു. കൊല്ലം - കോട്ടപ്പുറം ദേശീയപാത പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്തു. കോവളത്തുനിന്ന് നീലേശ്വരംവരെ ജലപാത സുഗമമാക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. ദേശീയപാതകള്‍ നാലുവരിയാക്കുന്നതിനുള്ള നടപടിക്ക് അംഗീകാരം. മലയോര ഹൈവേ നിര്‍മാണത്തിന് ഈ വര്‍ഷം തുടക്കം. ഓരോ മണ്ഡലത്തിലും രണ്ട് കോടി രൂപയുടെ മരാമത്ത് പ്രവൃത്തിഅടങ്ങുന്ന വിഷന്‍ 2010 പദ്ധതി. റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാന്‍ 200 കോടി രൂപയുടെ പദ്ധതി. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം. മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നിയമം. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പലിശരഹിത വായ്പ. ട്രോളിങ് നിരോധനകാലത്ത് സൌജന്യ റേഷന്‍. സമ്പൂര്‍ണ ഭവനപദ്ധതി. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൌജന്യ ആരോഗ്യ സുരക്ഷാ പദ്ധതി. രണ്ട് ജില്ലയില്‍ നടപ്പാക്കാന്‍ ആവിഷ്കരിച്ച കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതിയാണിത്. ഈ പദ്ധതി എല്ലാ ജില്ലയിലും നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാസഹായം.

പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 100 - 120 രൂപയായിരുന്നത് 250 രൂപയാക്കി. ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത പാവപ്പെട്ടവര്‍ക്ക് 100 രൂപ അലവന്‍സ്. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്തു നല്‍കി. കള്ള് ചെത്ത് തൊഴിലാളി പെന്‍ഷന്‍ 500 രൂപയാക്കി. പത്ത് ലക്ഷത്തില്‍പ്പരം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവുമെല്ലാമടങ്ങിയ സമഗ്ര ക്ഷേമനിധി. രണ്ട് ലക്ഷം വരുന്ന ചെറുകിട തോട്ടംതൊഴിലാളികള്‍ക്ക് ക്ഷേമനിധി. കൃഷിക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പെന്‍ഷന്‍. മുപ്പത് ലക്ഷത്തില്‍പ്പരം വരുന്ന പ്രവാസി മലയാളികള്‍ക്കായി വിപുലമായ ക്ഷേമപദ്ധതി. എല്ലാ ജില്ലയിലും കലക്ടറേറ്റില്‍ നോര്‍ക്കാ സെല്‍. പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി. സ്പെയ്സ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ റിസര്‍ച്ച്, കേന്ദ്ര സര്‍വകലാശാല എന്നിവ നേടിയെടുക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.

13 പുതിയ ഐടിഐ, സഹകരണ അക്കാദമിയുടെയും ഐഎച്ച്ആര്‍ഡിയുടെയും കീഴില്‍ പുതുതായി നിരവധി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. തൊഴില്‍ പരിശീലനത്തിനായി ഫിനിഷിങ് സ്കൂളുകള്‍. പുതിയ മാവേലി സ്റോറുകള്‍, സപ്ളൈകോ ഷോറൂമുകള്‍, കസ്യൂമര്‍ഫെഡ് സ്റോറുകള്‍, അരിക്കടകള്‍ - പൊതുവിതരണ സമ്പ്രദായം വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുംചെയ്തു. അരിക്കടകളില്‍ 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 ന് പച്ചരിയും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷനരി വില കിലോവിന് രണ്ട് രൂപയാക്കി. പരിധിയില്ലാതെ സബ്സിഡി നല്‍കി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി. ക്രമസമാധാനനിലയില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കേരളത്തിന്. ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കി മാതൃക സൃഷ്ടിച്ചു. വെള്ളാനയായിരുന്ന കെഎസ്ആര്‍ടിസിയെ അഴിമതിയില്‍നിന്നും ധൂര്‍ത്തില്‍നിന്നും മോചിപ്പിച്ചു. ആയിരം പുതിയ ബസ് നിരത്തിലിറക്കി. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി.

കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡുകള്‍ നവീകരിക്കാന്‍ ബൃഹത്തായ പദ്ധതി. ധര്‍മാശുപത്രികള്‍ കാര്യക്ഷമമാക്കി. ആവശ്യാനുസരണം ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിച്ചു. മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ നിലവാരമുയര്‍ത്തി. ജനകീയ ആരോഗ്യനയം നടപ്പാക്കുന്നു. പുതുതായി രണ്ട് നേഴ്സിങ് കോളേജ് തുടങ്ങി. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. മലബാറിലെ ക്ഷേത്രജീവനക്കാരുടെ വേതനം ഗണ്യമായി വര്‍ധിപ്പിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് മികവുറ്റ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കുടിവെള്ള വിതരണപദ്ധതികള്‍ ത്വരിതപ്പെടുത്തി. ജപ്പാന്‍ കുടിവെള്ള വിതരണപദ്ധതിയുടെ നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരണത്തിലേക്ക്. മുടങ്ങിക്കിടന്ന നാല്‍പ്പതില്‍പ്പരം പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ പുനരാരംഭിച്ചു. ജലനിധി പദ്ധതിയില്‍പ്പെടുത്തി 110 പഞ്ചായത്തില്‍ ജലവിതരണ പദ്ധതി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേരളത്തിലെ മുസ്ളിം ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പാലോളി കമ്മിറ്റി ശുപാര്‍ശചെയ്ത കാര്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷ ക്ഷേമത്തിനായി സെക്രട്ടറിയറ്റില്‍ സെല്‍ തുടങ്ങി. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക വകുപ്പ് തുടങ്ങാന്‍ തീരുമാനിച്ചു.

മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്, ഹോസ്റല്‍ സ്റൈപെന്‍ഡ്, മത്സര പരീക്ഷാ പരിശീലനത്തിന് പ്രത്യേക സംവിധാനം. തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് യൂണിറ്റ്. നികുതിപിരിവ് വര്‍ധിച്ചു. നികുതിചോര്‍ച്ച തടഞ്ഞു. അഴിമതി രഹിത വാളയാര്‍പദ്ധതി മാതൃക സൃഷ്ടിച്ചു. ജീവനക്കാര്‍ക്ക് ഡിഎ യഥാവസരം നല്‍കി റെക്കോഡ് സൃഷ്ടിച്ചു. പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ. മാലിന്യമുക്ത കേരളപദ്ധതി നടപ്പാക്കി. നദി സംരക്ഷണപദ്ധതി നടപ്പാക്കുന്നു. സൈലന്റ് വാലി ബഫര്‍ സോ പ്രഖ്യാപിച്ചു. മൂന്നാറില്‍ നീലക്കുറിഞ്ഞി സാങ്ച്വറി. കടുത്ത വരള്‍ച്ചയും കേന്ദ്രം വൈദ്യുതിവിഹിതം വെട്ടിക്കുറച്ചതും കാരണം കടുത്ത വൈദ്യുതിക്ഷാമമുണ്ടായി. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേതുപോലെ മൂന്നും നാലും മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അരമണിക്കൂര്‍ ലോഡ്ഷെഡിങ് മാത്രം. പതിന്മടങ്ങ് വില നല്‍കി വൈദ്യുതി കൊണ്ടുവന്നതിനാലാണ് ലോഡ് ഷെഡിങ് നടപ്പാക്കുന്നത് ദീര്‍ഘകാലം വൈകിക്കാനും ഏര്‍പ്പെടുത്തിയപ്പോഴാകട്ടെ അരമണിക്കൂറില്‍ പരിമിതപ്പെടുത്താനും കഴിഞ്ഞത്.

എന്നിട്ടും പതിമൂന്ന് ലക്ഷം പുതിയ കണക്ഷന്‍ നല്‍കി. കാറ്റാടി വൈദ്യുതിനിലയം കമീഷന്‍ചെയ്തു. നേരിയമംഗലം പദ്ധതി കമീഷന്‍ചെയ്തു. പുതിയ 500 മെഗാവാട്ട് പദ്ധതിയുടെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍... ഇഎസ്ഐ പദ്ധതിയില്‍ ഒന്നര ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ക്ക് പുതുതായി അംഗത്വം. കൊല്ലത്ത് ഇഎസ്ഐ മെഡിക്കല്‍ കോളേജ്. പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമപദ്ധതികളില്‍ അഭൂതപൂര്‍വമായ മുന്നേറ്റം. എസ്സി - എസ്ടി വികസന ഫണ്ട് ഏതാണ്ട് പൂര്‍ണമായും വിനിയോഗിച്ച് അക്കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം. ലംപ്സം ഗ്രാന്റും സ്റൈപെന്‍ഡും ഗണ്യമായി വര്‍ധിപ്പിച്ചു. ഹോസ്റലുകള്‍ നവീകരിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പ്രവേശനം ഉറപ്പാക്കാന്‍ ചട്ടം കൊണ്ടുവന്നു. പട്ടികവര്‍ഗക്കാര്‍ക്ക് എല്ലാ തലത്തിലും സൌജന്യചികിത്സ. ആദിവാസി ഭൂവിതരണ പദ്ധതി പ്രകാരം ഏഴായിരത്തോളം കുടുംബത്തിന് ഒരേക്കര്‍ വീതം ഭൂമി നല്‍കി. ആദിവാസി വനാവകാശനിയമം നടപ്പാക്കി. എസ്സി - എസ്ടി വിഭാഗത്തില്‍ മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ധനസഹായം നല്‍കി. സര്‍ക്കാര്‍ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നതില്‍ വലിയ മുന്നേറ്റം. മൂന്നാറില്‍ പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയേറ്റക്കാരില്‍നിന്ന് വീണ്ടെടുത്തു. വീണ്ടെടുത്ത ഭൂമിയില്‍ കഴിയാവുന്നത്ര ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ നടപടി തുടങ്ങി. കയര്‍മേഖലയില്‍ ആധുനികവല്‍ക്കരണത്തിന് തുടക്കംകുറിച്ചു. തൊഴിലാളികളുടെ വേതനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചു.

ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ ക്രയവിലസ്ഥിരതാ പദ്ധതി നടപ്പാക്കി. തുറമുഖ നവീകരണത്തില്‍ വന്‍മുന്നേറ്റം. കൊല്ലം, ആലപ്പുഴ, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖ വികസന നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തും മഞ്ചേശ്വരത്തും മാരിടൈം ഇന്‍സ്റിറ്റ്യൂട്ട്. സ്പോര്‍ട്സ് ക്വോട്ടാ നിയമനം 20ല്‍ നിന്ന് 50 ആക്കി വര്‍ധിപ്പിച്ചു. പൊലീസില്‍ സ്പോര്‍ട്സ് ക്വോട്ടാ നിയമനം പുനരാരംഭിച്ചു. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രീകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസും ആരംഭിക്കാന്‍ ത്വരിതഗതിയില്‍ നടപടി. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്ക് തുടക്കം കുറിച്ചു. മുഴുവന്‍ ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് വയ്ക്കാന്‍ ഭൂമിയും ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടും ലഭ്യമാക്കാന്‍ പദ്ധതി തുടങ്ങി. അയ്യായിരം കോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. മൂന്നുവര്‍ഷംകൊണ്ട് സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളം മാറും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഭൂവിതരണ മേളയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ഈ നേട്ടമെല്ലാം അനുഭവത്തിലുള്ള ജനങ്ങളെ കള്ളപ്രചാരണത്തിലൂടെ കബളിപ്പിക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്