വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, March 12, 2009

ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചവും പേറി

ദേശാഭിമാനി ലേഖനം

അഡ്വ. കെ അനില്‍കുമാര്‍

15-ാം ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇന്ത്യയിലെ ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ടികള്‍, പ്രത്യേകിച്ച് കോഗ്രസും ബിജെപിയും ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചം പേറികൊണ്ടാണ് ജനങ്ങളുടെ മുന്നിലെത്തുന്നത്. ആഗോളവല്‍ക്കരണനയങ്ങളുടെ ഹസ്തിനപുരിയായ അമേരിക്കയുടെ പുതിയ പ്രസിഡന്റ് പറയുന്നത് 'തകര്‍ന്ന അമേരിക്കയെ പുനര്‍നിര്‍മിക്കുമെന്നാണ്. തങ്ങള്‍ തകര്‍ന്നെന്ന് അമേരിക്ക സ്വയം സമ്മതിക്കുകയാണ്. മഹാമാന്ദ്യത്തിന്റെ ഘോരപീഡയാല്‍ ചലനമറ്റുപോയ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രമാണ് ലോകത്തെ ഏറ്റവും ശക്തമെന്നു കരുതുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് നല്‍കുന്നത്. 'യുദ്ധം അവസാന വാക്കല്ല' എന്ന പ്രസിഡന്റിന്റെ പുതിയ പ്രസ്താവനയുടെ അര്‍ഥം വ്യക്തമാണ്. സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രത്തിന് എങ്ങനെയാണ് പടക്കളത്തിലേക്കു നീങ്ങാനാകുക. ഇറാഖില്‍നിന്നു പിന്‍വാങ്ങി പുതിയ യുദ്ധമുഖം തുറക്കാന്‍ മടിക്കുന്നതിനുകാരണം അമേരിക്കയുടെ ഔദാര്യമല്ല. നിസ്സഹായതയാണെന്നു വ്യക്തം.

തങ്ങള്‍ ദുര്‍ബലപ്പെട്ടെന്ന് സ്വയം സമ്മതിക്കുന്നെന്ന് അമേരിക്കതന്നെ വെളിപ്പെടുത്തുമ്പോള്‍ അമേരിക്കയെ ആശ്രയിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തെ കരുപ്പിടിപ്പിക്കുന്ന കോഗ്രസിനും ബിജെപിക്കും എന്തുപറയാന്‍ കഴിയും. പ്രത്യയശാസ്ത്രപരമായി വലതുപക്ഷ രാഷ്ട്രീയം ഏറ്റവും പാപ്പരീകരിക്കപ്പെട്ടതാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാമത്തെ സവിശേഷത. രാജ്യത്തിന്റെ വികസനം സംബന്ധിച്ച അവകാശവാദങ്ങളുടെ സമ്പൂര്‍ണ തകര്‍ച്ചയാണ് കാണാനാകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ പ്രഭാവകാലത്ത് തൊഴിലാളികളുടെ അവകാശങ്ങളെ ഞെക്കിഞെരുക്കിവന്നു. മൂലധനവും തൊഴിലും തമ്മിലുള്ള വര്‍ഗസമരത്തില്‍ മൂലധനശക്തികളുടെ മേല്‍ക്കോയ്മയായിരുന്നു ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയവ്യവസ്ഥ. അക്കാലത്ത് തൊഴിലാളികളെ ചവിട്ടിയരച്ചും കൃഷിക്കാരെ മരണത്തിലേക്ക് തള്ളിവിട്ടും പണവും സമ്പത്തും നേടിയ ആഗോളവല്‍ക്കരണ ശക്തികള്‍ ഇപ്പോള്‍ മാന്ദ്യകാലത്തും തൊഴിലാളിവിരുദ്ധ നടപടി സ്വീകരിക്കുകയാണ്. മുതലാളിത്തത്തിന്റെ വളര്‍ച്ചയിലും തകര്‍ച്ചയിലും ആക്രമണത്തിനിരയാകുന്നത് തൊഴിലാളിവര്‍ഗവും മറ്റ് അധ്വാനിക്കുന്ന മനുഷ്യരുമാണെന്ന കാള്‍മാര്‍ക്സിന്റെ നിഗമനം കാലം ശരിവയ്ക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സത്യം കംപ്യൂട്ടേഴ്സുപോലുള്ള വമ്പന്‍ തിമിംഗലങ്ങള്‍ ഭരണവര്‍ഗത്തിന്റെ ഒത്താശയോടെ ജനങ്ങളെ കൊള്ളയടിച്ചത് തുറന്നുകാട്ടപ്പെട്ടു.

ആഗോളവല്‍ക്കരണകാലത്ത് പൊതുമേഖല വിറ്റതുവഴി കോടികള്‍ സ്വന്തമാക്കിയ സ്വകാര്യമേഖല ഓഹരിവിപണിയിലെ ചൂതാട്ടത്തിലൂടെ എത്രകോടി മനുഷ്യരെ കൊള്ളയടിക്കുന്നു. അതിന് അകമ്പടി സേവിക്കുന്ന ബിജെപിയും കോഗ്രസും അഴിമതിയെപ്പറ്റി അലമുറയിടുന്നതിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കറിയാം. മനുഷ്യന്റെ വിയര്‍പ്പുമായി ബന്ധമില്ലാത്ത ഓഹരിവിപണി പകല്‍കൊള്ളക്കാരുടെ വേദിയാണ്. മുമ്പ് നാട്ടിന്‍പുറത്തുനടന്നുവന്ന സൈക്കിള്‍യജ്ഞവേദിയില്‍ കാണികള്‍ സംഭാവനയായി നല്‍കുന്ന 'കോഴിമുട്ട'പോലുള്ള ഉല്‍പ്പന്നങ്ങളുടെ ലേലം രസകരമായ പരിപാടിയായിരുന്നു. അക്കാലത്ത് 50 പൈസമാത്രം വിലയുള്ള ഒരു മുട്ട ലേലംചെയ്യപ്പെടുമ്പോള്‍ ഓരോരുത്തരം കയറ്റിക്കയറ്റി മത്സരിച്ചുവിളിക്കും. ഇരുപതോ മുപ്പതോ രൂപവരെ വിളി ഉയരാം. ഒരോരുത്തരും കൂടുതല്‍ വിളിക്കുന്ന പൈസമാത്രം കൊടുത്താല്‍ മതി. അമ്പതുപൈസയുടെ മുട്ട അമ്പതു രൂപയ്ക്ക് വിറ്റുപോകുന്ന ഇതേ മാതൃകയിലാണ് ഓഹരിവിപണിയിലെ ചൂതാട്ടവും. ഈ ചൂതാട്ടക്കാരെ പിന്താങ്ങി ആഗോളവല്‍ക്കരണത്തിന് ശക്തിപകര്‍ന്ന കോഗ്രസും ബിജെപിയും ഈ തകര്‍ച്ചയ്ക്ക് ജനങ്ങളോട് കണക്കുപറയണം. മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമശിങ്കങ്ങള്‍ പ്രവചനത്തിരക്കിലാണ്.~കഴിഞ്ഞ തവണത്തെ ഉയര്‍ന്ന അംഗബലം ഇടതുപക്ഷത്തിന് കിട്ടില്ലത്രേ. കഴിഞ്ഞ ലോക്സഭയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ഇടതുപക്ഷംമാത്രമാണ്. ലോക്സഭയിലെ രേഖകള്‍ സാക്ഷ്യംപറയുന്നു. ഇടതുപക്ഷം നേടിയ മാന്ത്രികസംഖ്യയുടെ മികവിലാണ് ആഗോളവല്‍ക്കരണം ഇന്ത്യയില്‍ ദുര്‍ബലപ്പെട്ടതും വര്‍ഗീയതയ്ക്ക് വേലിയിറക്കമുണ്ടായതും. കമ്യൂണിസത്തിന് മരണശിക്ഷ വിധിക്കപ്പെട്ട കഴിഞ്ഞകാലത്തു നടന്ന മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലും എണ്ണവും തൂക്കവും ശക്തിയും വര്‍ധിച്ച ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.

മൊറാഴ കേസില്‍ തടവറയില്‍ മരണശിക്ഷകാത്ത് കിടന്നിരുന്ന കമ്യൂണിസ്റ് നേതാവ് സ. കെ പി ആര്‍ ഗോപാലന്റെ ശരീരത്തിന്റെ തൂക്കം ദിനംതോറും കൂടിവന്നത് ജയില്‍ രേഖകളില്‍ പറയുന്നു. വധശിക്ഷ കാത്തിരിക്കുന്ന കമ്യൂണിസ്റുകാരന്റെ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന ആ കഥയ്ക്കു സമാനമായി ലോകത്ത് മരണം വിധിക്കപ്പെട്ട കാലയളവില്‍ ഇന്ത്യയിലെ സിപിഐ എം അതിന്റെ കരുത്ത് വര്‍ധിപ്പിച്ചതാണ് ചരിത്രം. മുതലാളിത്തവ്യവസ്ഥകളുടെ തകര്‍ച്ചയും സോഷ്യലിസ്റ് തത്വശാസ്ത്രത്തിന്റെ ശരിയും ജനങ്ങള്‍ തിരിച്ചറിയുന്ന പുതിയ കാലത്ത് ഇടതുപക്ഷത്തിന് ശിരസ്സുയര്‍ത്തി ഈ തെരഞ്ഞെടുപ്പിനെ നേരിടാനാകും. ആഗോളവല്‍ക്കരണനയങ്ങളുടെ മൃതശരീരം പേറുന്ന അമാലന്മാരായ കോഗ്രസിനെയും ബിജെപിയെയും ജനങ്ങള്‍ നിരാകരിക്കുകതന്നെചെയ്യും.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്