വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, March 25, 2009

മതേതരത്വവും ചതിക്കുഴികളും

(മാതൃഭൂമിയില്‍ വന്ന ലേഖനമാണിത്. ഇതു ഈയുള്ളവൻ ഭാവിയിലെ സ്വകാര്യ
വായനയ്ക്കായി ശേഖരിയ്ക്കുന്നതാണ്. പ്രതികരണങ്ങള്‍ അറിയുകയും ചെയ്യാമല്ലോ. ആശയങ്ങളോടു യോജിയ്ക്കുന്നില്ലെങ്കിലും നല്ല ലേഖനം.

തെരഞ്ഞെടുപ്പു സമയത്തു എല്ലാവരും പറയുന്നതു ശ്രദ്ധിയ്ക്കുക എന്നതു രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗവുമാണു. വിവിധ മാധ്യമങ്ങളിലൂടെയും പൊതു യോഗങ്ങളിലൂടെയും ലഘു ലേഖകളിലൂടെയും മറ്റും മറ്റും ഓരോ പാർട്ടികളും മുന്നണികളും അവരവരുടെ നിലപാടുകൾ വ്യക്തമാക്കുന്നതു ഒരു സാധാരണ പൌരൻ എന്ന നിലയിൽ ഈയുള്ളവനും ഗൌരവത്തോടും കൌതുകത്തോടും ശ്രദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്.)

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള മാത്ര്‌ ഭൂമിയിൽ എഴുതിയ ലേഖനമ്മാണ് ചുവടെ)

മതമൗലിക-മത ഭീകര പ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ പതിപ്പുകളുമായിട്ടാണ്‌ മതേതര കക്ഷികളെന്നവകാശപ്പെടുന്ന ഇടത്‌-വലത്‌ മുന്നണികള്‍ ഇവിടെ സന്ധിയും സഖ്യവുമുണ്ടാക്കിയിട്ടുള്ളത്‌. നാടിന്റെ ആത്മാവിനെ
കുരുതി കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം വേണ്ടെന്നു വെക്കാന്‍ രാജ്യനൈതിക കക്ഷികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു

ടതുപക്ഷ-കോണ്‍ഗ്രസ്‌ വോട്ടുബാങ്ക്‌ പ്രീണന രാഷ്ട്രീയം സൃഷ്‌ടിക്കുന്ന ചതിക്കുഴികള്‍ മതേതര രാഷ്ട്രീയത്തിന്‌ ഗുരുതര ഭീഷണിയാണുയര്‍ത്തുന്നത്‌. ഭരണഘടന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും 'സെക്യുലറിസത്തിന്‌' വ്യക്തമായ നിര്‍വചനം നല്‍കിയിട്ടില്ല. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ പ്രസ്‌തുത പദം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സര്‍വ, ധര്‍മ, സമഭാവം അടിസ്ഥാനശിലയാക്കി രൂപംകൊണ്ട ഒരു മഹാസംസ്‌കാരത്തിന്റെ അനുസ്യൂത പ്രവാഹമാണ്‌ ഭാരതം. ഇതുകൊണ്ടാവാം ഭരണഘടനാ നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേക നിര്‍വചനം നല്‍കാതിരുന്നത്‌.

മതമുക്ത രാഷ്ട്രീയം മാലിന്യമാണെന്ന്‌ ഉദ്‌ഘോഷിച്ച ഗാന്ധിജിയുടെ വാക്കുകള്‍ ഭാവാത്മക മതേതരത്വത്തെയാണ്‌ ഉന്നംവെച്ചത്‌. എന്നാല്‍ മതനിരാസവും മതത്തോടുള്ള നിഷേധവുമാണ്‌ മതേതരത്വമെന്നവിടെ വ്യാഖ്യാനിക്കപ്പെട്ടു. ഈ തെറ്റായ ധാരണ ജനങ്ങളെക്കൊണ്ട്‌ ഉരുവിട്ടു പഠിപ്പിക്കുകയും ചെയ്‌തു.

ഇത്തരം അപഭ്രംശത്തിനിടയായതില്‍ കോണ്‍ഗ്രസ്‌-ഇടതുകക്ഷികള്‍ക്ക്‌ കുറ്റകരമായ പങ്കുണ്ട്‌. യഥേഷ്‌ടം തന്ത്രങ്ങള്‍ മെനഞ്ഞെടുക്കാന്‍ സെക്യുലറിസത്തെ രാഷ്ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുക വഴി അതിന്റെ അന്തഃസത്തതന്നെ നഷ്‌ടപ്പെടാന്‍ ഇടയായിട്ടുണ്ട്‌. എന്നാല്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള വിവിധ വ്യാഖ്യാനങ്ങള്‍ വഴി സര്‍വധര്‍മ സമഭാവത്തിന്റെ ഭാവാത്മകതലം മതനിരപേക്ഷത എന്ന ആശയത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ആസന്നമായതോടെ മതേതര സംരക്ഷണത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ വെളിപാടുകളായി നമുക്കുചുറ്റും എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞാഴ്‌ച സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മുസ്‌ലിം ലീഗ്‌ വര്‍ഗീയ കക്ഷിയാണെന്ന്‌ പ്രഖ്യാപിച്ചു. തൊട്ടടുത്തദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേരളഘടകം പി.ഡി.പി.യെ മതേതര കക്ഷിയായി ചിത്രീകരിച്ച്‌ ഇടതുപക്ഷ കൂട്ടായ്‌മയുടെ ഭാഗമാക്കി. അബ്ദുള്‍നാസര്‍ മഅദനിയെ വാഴ്‌ത്തപ്പെട്ടവനാക്കാനും സി.പി.ഐ.യെ വീഴ്‌ത്താനും പൊന്നാനിയിലെ ചവിട്ടുനാടകത്തിന്‌ അരങ്ങൊരുക്കാനുമൊക്കെകൂടി സി.പി.എമ്മിന്‌ അധികസമയം വേണ്ടിവന്നില്ല. ഇതെല്ലാം കണ്ടും സഹിച്ചും കഴിയുന്ന മലയാളി മടയനല്ലെന്നും മറവിരോഗമുള്ളവനല്ലെന്നും തെളിയിക്കാന്‍ ഇപ്പോള്‍ അവസരം ലഭിച്ചിരിക്കയാണ്‌.

മതേതരത്വ സംരക്ഷണം അജന്‍ഡയായി എക്കാലത്തും നേട്ടമുണ്ടാക്കുന്നവരാണ്‌ യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌. മുന്നണികളിലുള്ളത്‌. സംഘപരിവാറിനെ പ്രതിയോഗിയാക്കിക്കാട്ടി ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ 'ഫോബിയ' സൃഷ്‌ടിച്ച്‌ മുതലെടുക്കുക എന്ന തന്ത്രമാണ്‌ ഇരുമുന്നണികളും ഇവിടെ സ്വീകരിച്ചുവരുന്നത്‌. അന്യോന്യം പോര്‍വിളിച്ചും പോരാട്ടം നടത്തിയും ഡല്‍ഹിയില്‍ എത്തിയവര്‍ ഒന്നിച്ച്‌ യു.പി.എ.യുടെ കുടക്കീഴില്‍ നാലരക്കൊല്ലം ഭരണകക്ഷിയായി കഴിയുന്നതിന്‌ പറഞ്ഞ ന്യായീകരണം ബി.ജെ.പി.യെ തടഞ്ഞ്‌ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു. 15-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷവും ബി.ജെ.പി.യെ തടയാനെന്ന പേരില്‍ മാര്‍ക്‌സിസ്റ്റ്‌-കോണ്‍ഗ്രസ്‌-ലീഗ്‌ കൂട്ടായ്‌മ ഇന്ദ്രപ്രസ്ഥത്തില്‍ രൂപപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല

ജാതി മത-വര്‍ഗീയ പ്രീണനം ശക്തിസ്രോതസ്സായി സ്വാതന്ത്ര്യത്തിന്റ ആദ്യദശകം മുതല്‍ കൊണ്ടുനടക്കുന്നവരും അത്‌ മുതലാക്കുന്നവരുമാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌-കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍. ''ദേശീയ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെ, പുഴുക്കുത്താണ്‌ കേരളത്തിലെ കോണ്‍ഗ്രസ്സെന്ന്‌'' ഗുല്‍സാരിലാല്‍ നന്ദ 1960 കളില്‍ അഭിപ്രായപ്പെട്ടിരുന്നു. ജാതിമത സമ്മര്‍ദത്തിന്‌ വഴങ്ങുന്ന കേരളത്തിലെ നാണംകെട്ട രാഷ്ട്രീയം കണ്ടിട്ടാണ്‌ അദ്ദേഹമങ്ങനെ പറഞ്ഞത്‌. കോണ്‍ഗ്രസ്സിലെ പ്രമുഖ എഴുത്തുകാരനായിരുന്ന ചെറിയാന്‍ ഫിലിപ്പ്‌ തയ്യാറാക്കിയ 'കാല്‍നൂറ്റാണ്ട്‌' ഗ്രന്ഥത്തില്‍ ''കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ലൈറ്റ്‌ ഹൗസുകള്‍ ബിഷപ്പ്‌ ഹൗസുകളും അരമനകളുമാണ്‌'' എന്ന്‌ തുറന്നെഴുതിയിട്ടുണ്ട്‌. ഇപ്പോള്‍ മതനേതാക്കന്മാരും ജാതിപ്രസ്ഥാനങ്ങളും പുരോഹിതന്മാരുമൊക്കെ മതേതരകക്ഷികളുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും തീരുമാനത്തെ സ്വാധീനിക്കാനും പരസ്യമായിപ്പോലും രംഗത്തിറങ്ങുന്ന സ്ഥിതിയല്ലേ ഇവിടെയുള്ളത്‌. മനസ്സും ബുദ്ധിയും നീതിബോധവും ജാതി - മത നേതൃത്വങ്ങള്‍ക്ക്‌ തീറെഴുതിയവര്‍ക്ക്‌ മതേതരത്വത്തെക്കുറിച്ച്‌ ഊറ്റം കൊള്ളാന്‍ എന്തവകാശമാണുള്ളത്‌?

മതമുക്ത രാഷ്ട്രീയം മുഖമുദ്രയാക്കിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പോലും ജാതിമത പ്രീണനം ഇന്ധനമാക്കി രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാടാണ്‌ കേരളം. 1949 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേഡറിനായി പുറത്തിറക്കിയ 'കേരള പാര്‍ട്ടിക്കകത്തെ മിതവാദിത്വം' എന്ന രേഖയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ''മുസ്‌ലിം ലീഗിനെ മാത്രമല്ല, മറ്റെല്ലാ സാമുദായിക സംഘടനകളെയും നാം ഇവിടെ വളര്‍ത്തുകയും പുഷ്‌ടിപ്പെടുത്തുകയും ചെയ്‌തു.'' (അവലംബം: കമ്യൂണിസ്റ്റ്‌ ഭരണം - കൈനിക്കര പേജ്‌ -13) ഇ.എം.എസ്‌. യോഗക്ഷേമ പ്രസിഡന്റായി അത്‌ പുനരുജ്ജീവിപ്പിച്ചതും പി.ഗംഗാധരന്‍ എസ്‌.എന്‍.ഡി.പി.യുടെ കൊച്ചിയിലെ സംഘടനാ സെക്രട്ടറിയായതും ചാത്തന്‍മാസ്റ്റര്‍ പുലയ മഹാസഭാ നേതാവായതും എന്‍.എസ്‌.എസ്‌., മുസ്‌ലിം ലീഗ്‌ എന്നീ സംഘടനകളിലേക്ക്‌ ചിലരെ അയച്ചതുമൊക്കെ പാര്‍ട്ടി 'സ്‌ട്രാറ്റജി'യുടെ ഭാഗമായിട്ടായിരുന്നു.

1957-ലെ തിരഞ്ഞെടുപ്പില്‍ ബാലറ്റ്‌വഴി ഭൂരിപക്ഷം നേടി കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നു. ചങ്ങനാശ്ശേരിയിലും ചുറ്റിലുമായി അഞ്ചു മണ്ഡലങ്ങളില്‍ നായര്‍ യുവാക്കള്‍ അന്ന്‌ കമ്യൂണിസ്റ്റ്‌ എം.എല്‍.എ.മാരായത്‌ മന്നവുമായുള്ള 'രഹസ്യബന്ധവും നിശ്ശബ്ദ പിന്തുണയും' കൊണ്ടായിരുന്നുവത്രെ! മുഖ്യമന്ത്രി അച്യുതാനന്ദന്‍ അവതാരിക എഴുതിയിട്ടുള്ള അഡ്വ. ജി. ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയായ 'എന്റെ ജീവിതം' പേജ്‌ 215 ല്‍ ഈ നിശ്ശബ്ദ പിന്തുണയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. അന്നത്തെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരും ഗ്രന്ഥകര്‍ത്താവും കേശവന്‍ പോറ്റിയുമാണ്‌ എന്‍.എസ്‌.എസ്‌. ആസ്ഥാനത്തുപോയി മന്നത്തിന്റെ നിശ്ശബ്ദ പിന്തുണ തരപ്പെടുത്തിയത്‌.

സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ തന്നെ, കേരളത്തിലെ കോണ്‍ഗ്രസ്‌ - കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കൈയാളിയിരുന്ന മതപ്രീണനത്തിന്റെയും വര്‍ഗീയതയിലൂന്നിയ അജന്‍ഡയുടെയും മോശപ്പെട്ട ചിത്രം ദേശീയ നേതാക്കന്മാരെപ്പോലും ആശങ്കാകുലരാക്കിയിരുന്നു. സോഷ്യലിസ്റ്റ്‌ ആചാര്യനും തലയെടുപ്പുള്ള ദേശീയനേതാവുമായിരുന്ന ഡോ. റാം മനോഹര്‍ ലോഹ്യ ഇപ്രകാരം എഴുതിയിരുന്നു: ''ഞാന്‍ കേരളത്തിലെ ഗവണ്‍മെന്റും ലഖ്‌നൗവിലെയും ഡല്‍ഹിയിലെയും ഗവണ്‍മെന്റുകളും തമ്മില്‍ ഒരു വ്യത്യാസവും കാണുന്നില്ല. യഥാര്‍ഥത്തില്‍ കേരളത്തിലെ കമ്യൂണിസം ഒരളവുവരെ രാഷ്ട്രീയ ഹിന്ദുയിസവും കോണ്‍ഗ്രസ്‌ രാഷ്ട്രീയ ക്രിസ്‌തീയത്വവും ആണ്‌.'' (ലോഹ്യ - സാര്‍വദേശീയ വിപ്ലവകാരി - പേജ്‌ -1041).

വിഭജനത്തെത്തുടര്‍ന്ന്‌ മുസ്‌ലിം ലീഗിനെ നാടൊന്നാകെ വെറുക്കപ്പെട്ടിരുന്ന കാലയളവില്‍ തന്നെ അവരുമായി സഖ്യമുണ്ടാക്കാന്‍ മലബാര്‍ ജില്ലാ ബോര്‍ഡില്‍ പുരോഗമന കക്ഷികള്‍ മുന്നോട്ടുവന്നിരുന്നു. ഇതുമൂലം 1949-ല്‍ ലീഗിന്‌ ബോര്‍ഡില്‍ ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചു. 1954-ല്‍ ലീഗ്‌ - കമ്യൂണിസ്റ്റ്‌ ബന്ധം സഹകരണാത്മകമായി മുന്നേറിയതില്‍ ഇ.എം.എസ്‌. 'കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍' എന്ന ഗ്രന്ഥത്തില്‍ (രണ്ടാം ഭാഗം പേജ്‌ 39) അഭിമാനം കൊള്ളുന്നുണ്ട്‌. അക്കാലത്ത്‌ ബി.ജെ.പി.യും ജനസംഘവുമുള്ളതുകൊണ്ടല്ലല്ലോ കേരളം ജാതി - മത പ്രീണനത്തിലമര്‍ന്നത്‌? സി.പി.എം. - കോണ്‍ഗ്രസ്‌ കക്ഷികള്‍ മതേതര സംരക്ഷകരായിവിടെ വേഷം കെട്ടിയാടുന്നതു കാണുമ്പോള്‍ ആത്മാര്‍ഥത - സത്യസന്ധത എന്നീ വാക്കുകള്‍ നമുക്കിടയില്‍ നനഞ്ഞു ചുരുങ്ങിഇല്ലാതാകുകയാണ്‌ എന്ന്‌ തോന്നും.

ലീഗ്‌ വര്‍ഗീയ കക്ഷിയാണെന്ന്‌ ഇപ്പോള്‍ കണ്ടെത്തിയ സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി അറിയാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ ഇ.എം.എസ്‌. 1973 ലെ ദേശാഭിമാനി ഓണപ്പതിപ്പില്‍ എഴുതിയ വരികളാണ്‌ സ്‌മൃതിയുണര്‍ത്തുന്നത്‌. ''ഇന്നത്തെ ലീഗ്‌ പഴയതിന്റെ തുടര്‍ച്ചയാണോ അതിന്‌ വര്‍ഗീയസ്വഭാവമുണ്ടോ എന്നെല്ലാമുള്ള ചോദ്യം ചോദിക്കുകയും അതിന്‌ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ വെറുമൊരു നിഴല്‍ യുദ്ധമാണ്‌.'' തുടര്‍ന്നദ്ദേഹം അടുത്തകൊല്ലം പുറത്തുവന്ന ചിന്തയില്‍ വീണ്ടുമെഴുതി - ''മുസ്‌ലിം ലീഗ്‌ ചരിത്രപരമായി പ്രസക്തമാണ്‌. മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകിട്ടണമെന്ന വിചാരം മുസ്‌ലിങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റെല്ലാവരുമെതിര്‍ത്താലും ലീഗ്‌ തുടരും'' (ചിന്ത 15.3.1974).

സി.പി.എം. 1967 ല്‍ മുസ്‌ലിം ലീഗുമായും പിന്നീട്‌ പ്രതിപക്ഷ ലീഗുമായും സഖ്യമുണ്ടാക്കി ഭരിച്ചിരുന്നു. ഇപ്പോള്‍ ഐ.എന്‍.എല്ലുമായി കൂട്ടായ്‌മയുണ്ട്‌. അബ്ദുള്‍ നാസര്‍ മഅദനി എക്കാലത്തും വര്‍ഗീയ - രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞ്‌ സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്നയാളാണ്‌. വര്‍ഗീയത ആരോപിച്ച്‌ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ച ആര്‍.എസ്‌.എസ്‌., വിശ്വഹിന്ദു പരിഷത്ത്‌, ബജ്‌രംഗ്‌ദള്‍, ജമായത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ക്കെതിരെ കുറ്റത്തിന്‌ തെളിവില്ലെന്ന കാരണത്താല്‍ കോടതി അവരെയെല്ലാം കുറ്റവിമുക്തരാക്കി നിരോധനം പിന്‍വലിച്ച്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം തിരിച്ചുനല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ പി.ഡി.പി. ചെയര്‍മാന്റെ പ്രസ്ഥാനമായ ഐ.എസ്‌.എസ്സിനെ നിരോധിക്കാന്‍ വര്‍ഗീയ സ്‌പര്‍ധവളര്‍ത്തല്‍, ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചിരുന്നു. പാകിസ്‌താന്‍ ബന്ധവും കുറ്റപത്രത്തിലുണ്ടായിരുന്നു. ഇവയൊക്കെ ശരിയാണെന്ന്‌ കണ്ട്‌ ട്രൈബ്യൂണല്‍ മുതല്‍ സുപ്രീം കോടതിവരെ പ്രസ്‌തുത സംഘടനയുടെ നിരോധനം ശരിവെക്കുകയായിരുന്നു.

സഖാവ്‌ നായനാര്‍ മുതല്‍ പി.ജയരാജന്‍ വരെ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളില്‍ മഅദനിയെ വര്‍ഗീയവാദിയും അപകടകാരിയുമായാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. എന്നിട്ടും മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ്‌ രാഷ്ട്രീയ ആവശ്യാര്‍ഥം സി.പി.എമ്മിവിടെ പി.ഡി.പി.യെ വെള്ള പൂശുന്നു. യഥാര്‍ഥത്തില്‍ അവസരവാദത്തിനും ആത്മാര്‍ഥതയില്ലായ്‌മയ്‌ക്കും അവാര്‍ഡ്‌ കിട്ടേണ്ട പാര്‍ട്ടിയായി സി.പി.എം. മാറുകയാണ്‌.

മതഭരണകൂടമെന്ന ആശയം ഭാരതത്തിനെന്നും അന്യമാണ്‌. നമ്മുടെ രാഷ്ട്രസങ്കല്‌പം സാംസ്‌കാരികമാണ്‌. ഭരണപരമല്ല. ഹിന്ദുത്വം എന്ന സംജ്ഞ മതവാചിയല്ല. സാംസ്‌കാരികവാചിയാണ്‌. മൂന്നംഗ ബെഞ്ച്‌ ബി.ജെ.പി. ഉള്‍ക്കൊള്ളുന്ന 'ഹിന്ദുത്വം' ദേശസംജ്ഞയാണെന്നും ഭാരതീയ ഉപഭൂഖണ്ഡത്തിലെ ആബാലവൃദ്ധം ജനങ്ങളുടെ വിളിപ്പേരും ജീവിതരീതിയുടെ നാമധേയവുമാണെന്നും അതുപയോഗിച്ചാല്‍ വര്‍ഗീയതയോ കുറ്റമോ ആകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ബി.ജെ.പി.യും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും മതഭരണകൂടം എന്ന ആശയത്തിനെതിരാണ്‌. മതത്തിന്‌ ഒരു ജനതയെ ഏകീകരിക്കാനാവില്ല. എത്ര വ്യക്തികളുണ്ടോ അത്രയും മതങ്ങളുണ്ടെന്നതാണ്‌ ഭാരതീയ കാഴ്‌ചപ്പാട്‌.

മതങ്ങള്‍ക്കതീതമായി ദേശീയതയുടെയും പൊതുസംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഏകീകരണം സാധിക്കുകയാണ്‌ വേണ്ടത്‌. പാകിസ്‌താന്‍ രൂപവത്‌കരിച്ച്‌ ആദ്യനാളുകളില്‍ത്തന്നെ മുഹമ്മദലി ജിന്നയെയും ഭൂട്ടോയെയും തന്നെയും കാഫിറുകളായി പ്രഖ്യാപിച്ച്‌ മതമൗലികവാദികള്‍ വേട്ടയാടിയെന്ന്‌ ബേനസീര്‍ ഭൂട്ടോ തന്റെ ഗ്രന്ഥത്തില്‍ പറയുന്നു. ഇസ്‌ലാമിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും യഥാര്‍ഥ ശത്രുക്കളാണ്‌ ഇക്കൂട്ടരെന്ന്‌ അവര്‍ കാര്യകാരണസഹിതം സ്ഥാപിക്കുന്നതാണ്‌ കൊല്ലപ്പെടുന്നതിന്‌ രണ്ട്‌ ദിവസം മുമ്പ്‌ പൂര്‍ത്തിയാക്കിയ 'റീ കണ്‍സിലിയേഷന്‍' എന്ന പുസ്‌തകത്തില്‍ കാണുന്നത്‌. സ്വന്തം അനുഭവവും രാഷ്ട്രീയത്തിന്റെ ദുരവസ്ഥയും കണ്ട്‌ വ്രണിതഹൃദയയായി അവര്‍ പഴിക്കുന്ന മതമൗലിക-മത ഭീകര പ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ പതിപ്പുകളുമായിട്ടാണ്‌ മതേതര കക്ഷികളെന്നവകാശപ്പെടുന്ന ഇടത്‌-വലത്‌ മുന്നണികള്‍ ഇവിടെ സന്ധിയും സഖ്യവുമുണ്ടാക്കിയിട്ടുള്ളത്‌.

നാടിന്റെ ആത്മാവിനെ കുരുതി കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം വേണ്ടെന്നു വെക്കാന്‍ രാജ്യനൈതിക കക്ഷികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. മതേതര കക്ഷികള്‍ തീര്‍ത്ത ചതിക്കുഴികള്‍ മതേതരം നേരിടുന്ന വലിയ വെല്ലുവിളിയായി മാറാന്‍ അനുവദിച്ചുകൂടാ.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്