വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, February 27, 2009

പതിന്നാലാം ലോക്‌സഭയുടെ അവസാന സമ്മേളനം പിരിഞ്ഞു. (മാതൃഭൂമിയില്‍നിന്ന്)

പതിന്നാലാം ലോക്‌സഭയുടെ അവസാന സമ്മേളനം പിരിഞ്ഞു
More Photos
ന്യൂഡല്‍ഹി: വനിതാസംവരണ ബില്ല്‌ പാസ്സാക്കാനാവാതെ പതിനാലാം ലോക്‌സഭയുടെ അവസാനസമ്മേളനം വ്യാഴാഴ്‌ച പിരിഞ്ഞു. 1996 മുതല്‍ ദേശീയ അജന്‍ഡയിലുള്ള വനിതാസംവരണം നടപ്പാക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലുള്ള ഭിന്നിപ്പ്‌ തടസ്സമായി നില്‍ക്കുകയാണ്‌. ബി.എസ്‌.പി.യും എസ്‌.പി.യുമാണ്‌ ബില്ലിനെതിരെ പ്രധാനമായും രംഗത്തുള്ളത്‌.

അഞ്ചുകൊല്ലത്തെ യു.പി.എ. ഭരണത്തിനൊടുവില്‍, കഴിഞ്ഞ കൊല്ലം അവസാനം ബില്ല്‌ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നതുമാത്രമാണ്‌ നേട്ടം. സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌ അതുള്ളത്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ബില്ല്‌ രാജ്യസഭയുടെ പരിഗണനയിലുള്ളതിനാല്‍ അടുത്ത സര്‍ക്കാരിന്‌ വേണമെങ്കില്‍ അത്‌ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നതാണ്‌ ആശ്വാസകരം.

വനിതാബില്ല്‌ പാസാക്കാന്‍ സാധിക്കാത്തതില്‍ അതിയായ ഖേദമുണ്ടെന്ന്‌ വിടവാങ്ങല്‍ പ്രസംഗത്തില്‍ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി പറഞ്ഞു. അതേസമയം,സുപ്രധാനമായ ചില നിയമനിര്‍മാണങ്ങള്‍ നടത്തിയെന്ന പ്രശസ്‌തി പതിന്നാലാം ലോക്‌സഭയ്‌ക്ക്‌ ലഭിക്കും.

വിവരാവകാശ നിയമം, ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട നിയമം, ഗാര്‍ഹികപീഡനം തടയാനുള്ള നിയമം, ദുരിത നിവാരണമാനേജ്‌മെന്റ്‌ നിയമം, കുട്ടികളുടെ അവകാശ സംരക്ഷണനിയമം, പട്ടികജാതിവര്‍ഗക്കാര്‍ക്ക്‌ വനഭൂമിയില്‍ അവകാശം നല്‍കാനുള്ള നിയമം, അസംഘടിത തൊഴിലാളി ക്ഷേമ നിയമം, ദേശീയ അന്വേഷണ ഏജന്‍സി നിയമം തുടങ്ങിയവയാണ്‌ അവ.

വിവാദങ്ങളും ദുഷ്‌പേരും പതിന്നാലാം ലോക്‌സഭയില്‍ നിറഞ്ഞു. ചോദ്യത്തിന്‌ കോഴ വിവാദവുമായി ബന്ധപ്പെട്ട്‌ പത്ത്‌ എം.പി.മാരെ ലോക്‌സഭയില്‍ നിന്ന്‌ പുറത്താക്കി. എം.പി.മാരുടെ പ്രദേശിക വികസന ഫണ്ട്‌ ദുരുപയോഗം ചെയ്‌തതുമായി ബന്ധപ്പെട്ട്‌ നാലുപേരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. മനുഷ്യക്കടത്തിന്‌ കൈയോടെ പിടിക്കപ്പെട്ട എം.പി.യേയും പുറത്താക്കി.

ഒറ്റ അവിശ്വാസപ്രമേയമേ സര്‍ക്കാരിനെതിരെ ഉണ്ടായുള്ളൂ. അതിന്റെ വോട്ടെടുപ്പ്‌വേളയില്‍ തങ്ങളെ സ്വാധീനിക്കാന്‍ നല്‍കിയതെന്ന്‌ അവകാശപ്പെട്ട്‌ ബി.ജെ.പി. അംഗങ്ങള്‍ ഒരുകോടി രൂപ സഭയില്‍ ഉയര്‍ത്തിക്കാട്ടിയത്‌ ഏറെ കോളിളക്കമുണ്ടാക്കി. ആണവക്കരാര്‍ വിഷയത്തില്‍ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതിനെത്തുടര്‍ന്നാണ്‌ അവിശ്വാസപ്രമേയം അനിവാര്യമായത്‌. പ്രമേയത്തിനനുകൂലമായി കാലുമാറി വോട്ടു ചെയ്‌ത ബി.ജെ.പി.യിലെയും എസ്‌.പി.യിലെയും ബി.എസ്‌.പി.യിലെയും ചില എം.പി.മാരെ സ്‌പീക്കര്‍ അയോഗ്യരാക്കി.

പതിന്നാലാം ലോക്‌സഭയുടെ അവസാനസമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെയും അസാന്നിധ്യം ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിന്റെ ഒരുക്കം നടക്കുന്നതിനാല്‍, വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ അംഗങ്ങള്‍ നന്നേ കുറവായിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മിക്ക സന്ദര്‍ഭങ്ങളിലും വിരലിലെണ്ണാവുന്ന അംഗങ്ങളേ സഭയിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ വ്യാഴാഴ്‌ച സഭയുടെ സമ്മേളനം ഔപചാരികമായി പിരിയുന്ന വേളയില്‍ കുറച്ചുകൂടി അംഗങ്ങള്‍ ഹാജരായി.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്